വഖഫ്: സർക്കാർ അവരുടെ ഇഷ്ടത്തിന് ചെയ്യും; മുക്കം ഉമർ ഫൈസി
text_fieldsമുക്കം: സംസ്ഥാന വഖഫ് ബോർഡ് പുന:സംഘടനയിൽ പ്രതികരണവുമായി മുക്കം ഉമർ ഫൈസി. സമസ്തക്കാർ ആരൊക്കെ ഉണ്ട് ആരൊക്കെ ഇല്ല എന്ന് താൻ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യുന്നതിന് നമ്മൾ പറയേണ്ട ആവശ്യമില്ലന്നും അവർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കമ്മിറ്റി സമസ്തക്കാർ ഉണ്ടാക്കിയതല്ല. സമസ്തക്കാർ ഉണ്ടാക്കുകയാണെങ്കിൽ സമസ്തക്കാരെ നിയമിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ മായിൻ ഹാജി നല്ല ലീഗുകാരനും സമസ്തക്കാരനുമാണന്നും ഉമർ ഫൈസി പറഞ്ഞു.
അതേ സമയം പുനഃസംഘടിപ്പിച്ച വഖഫ് ബോര്ഡില് പ്രാതിനിധ്യം നിഷേധിച്ച സർക്കാറിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി ഇബ്രാഹിം ഖലീലുല് ബുഖാരിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിന്റേതാണ് തീരുമാനം. മുന്കാലങ്ങളിലുണ്ടായത് പോലെ വിവേചനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയടക്കമുള്ളവര് നല്കിയ ഉറപ്പിന്റെ ലംഘനമാണിത്. കൂടുതല് വഖ്ഫ് സ്വത്തുക്കള് കൈകാര്യം ചെയ്യുന്ന സുന്നിവിഭാഗത്തിന് വഖ്ഫ് ബോര്ഡില് പ്രാതിനിധ്യം നല്കാതെ നീതി നിഷേധിച്ചിരിക്കുകയാണ്.
ഇതിനെതിരെ ഈ മാസം 22ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബഹുജനപ്രതിഷേധ പരിപാടികള് സംഘടിപ്പിക്കും. വഖ്ഫ് ബോര്ഡില് ആര്ക്കൊക്കെ പ്രാതിനിധ്യം ലഭിച്ചു എന്നതല്ല, അര്ഹരായ സുന്നി വിഭാഗത്തിന് പ്രാതിനിധ്യം നിഷേധിച്ചു എന്നതാണ് പ്രശ്നം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീന് ഹാജി, സെക്രട്ടറിമാരായ വണ്ടൂര് അബ്ദുര്റഹ്മാന് ഫൈസി, മജീദ് കക്കാട്, സി.പി. സൈതലവി മാസ്റ്റര്, മുഹമ്മദ് പറവൂര് എന്നിവര് വാര്ത്തസമ്മേളനത്തില് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

