‘ദീനിന്‍റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്, അത് മൂടിവെക്കാനാണോ രാഷ്ട്രീയക്കാർ അരമന കയറി ഇറങ്ങുന്നത്’; മുസ്‌ലിം ലീഗിനെതിരെ ഉമർ ഫൈസി മുക്കം
text_fieldsകോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ടെന്നും അത് മൂടിവെക്കാനാണോ രാഷ്ട്രീയ നേതാക്കള്‍ അരമന കയറി ഇറങ്ങുന്നതെന്നും തളിപ്പറമ്പിലും മറ്റും ഇത്തരം ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഉമര്‍ ഫൈസി പറഞ്ഞു.
ഫറൂഖ് കോളജ് പരിസരത്ത് വഖഫ് സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം രംഗത്തുവന്നത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലും പല വഖഫ് കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. സമസ്ത പറയുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊള്ളുന്നുണ്ടാവുമെന്നും അതിന് സമസ്ത ഉത്തരവാദിയല്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി.
മുനമ്പം വിഷയത്തില്‍ ഫറൂഖ് കോളജിനെയും ഉമര്‍ ഫൈസി രൂക്ഷമായി വിമര്‍ശിച്ചു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു. അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. തെറ്റുപറ്റിയാല്‍ സമ്മതിക്കണമെന്നും അതിന് തയാറാകുന്നില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെടുമെന്നും ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി.
പ്രശ്ന പരിഹാരത്തിന് സര്‍ക്കാരുമായി ആലോചിക്കണം. കോളജ് നടത്താന്‍ കമ്മറ്റി യോഗ്യരല്ല. വഖഫ് വിറ്റ് മുടിച്ചവര്‍ക്ക് യോഗ്യതയില്ല. വിറ്റതാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി അവിടെ ഉള്ളവരെ മാറ്റിപാര്‍പ്പിക്കണം. അവിടെ ഉള്ളവരെ റോഡിലേക്ക് ഇറക്കി വിടരുത്. നഷ്ടപരിഹാരം നല്‍കി പരിഹരിക്കണമെന്നും ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു.
കഴിഞ്ഞ നവംബറിൽ കോഴിക്കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ പങ്കെടുക്കവെ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രതികരണവുമായി ഉമർ ഫൈസി മുക്കം രംഗത്ത് വന്നിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും ഭൂമിയുടെ ആധാരത്തിൽ രണ്ടിടത്ത് വഖഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മർ ഫൈസി പറഞ്ഞത്. ഭൂമി മറിച്ചുവിറ്റ ഫാറൂഖ് കോളജിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി അവിടെ കുടിയേറിയവരെ പുനരധിവസിപ്പിക്കണം. വഖഫ് ഭൂമി ഒഴിഞ്ഞു കൊടുക്കണം. മുനമ്പത്തെ സമരത്തിനു പിന്നിൽ റിസോർട്ട് ലോബിയാണെന്നും ഉമർ ഫൈസി ആരോപിച്ചു.
1948ലാണ് ഫാറൂഖ് കോളജ് ഉണ്ടായ ശേഷം ഫറോക്കിലെ പുളിയാലി കുടുംബമാണ് 28 ഏക്കർ സ്ഥലം അവിടെ വഖഫാക്കുന്നത്. ആ ഭൂമിയിലാണ് കോളജ് സ്ഥിതി ചെയ്യുന്നത്. മലബാറിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ ഇറങ്ങിയതിന്റെ ഫലമായാണ് ഫാറൂഖ് കോളജ് ഉണ്ടാകുന്നത്. കോളജിനു പലനാടുകളിലും പലരും വഖഫ് നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രശ്‌നമായി നിൽക്കുന്ന ചെറായി മുനമ്പത്തെ ഭൂമി 1950ൽ സിദ്ദീഖ് സേട്ട് എന്നയാളാണ് വഖഫ് ആക്കിയത്.
രാഷ്ട്രീയക്കാർക്ക് ഈ വിഷയത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും. എല്ലാ പാർട്ടികൾക്കും ഓരോ നിലപാടുണ്ടാകും. സമസ്തയുടെ കാഴ്ചപ്പാട് അത് വഖഫ് ഭൂമിയാണെന്നാണ്. 404 ഏക്കർ ഭൂമിയാണ് വഖഫാക്കിയിരുന്നത്. അതിൽനിന്ന് വരുമാനമെടുത്ത് നടത്താനാണ് വഖഫാക്കിയത്. വഖഫ് അല്ലാഹുവിന്റെ സ്വത്താണ്. അതു വിൽക്കാനും അനന്തരമെടുക്കാനും കൈമാറ്റം ചെയ്യാനും പാടില്ല. വഖഫ് ചെയ്തയാൾ ഉദ്ദേശിച്ച കാര്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഫാറൂഖ് കോളജ് ഇപ്പോൾ നടത്തുന്നത് വഹാബികളാണ്. അവരാണ് ഈ സ്ഥലം വിറ്റത്. ഒരു വക്കീലിനു സ്ഥലം വിൽക്കാനുള്ള അധികാരം കൊടുക്കുകയായിരുന്നു കമ്മിറ്റി. അങ്ങനെയാണു സ്ഥലം നശിച്ചുപോയത്.
അവിടെ പാവപ്പെട്ട കുറേ കുടിയേറ്റക്കാരുണ്ട്. പൈസ കൊടുത്തു വാങ്ങിയവരും അല്ലാത്തവരുമുണ്ട്. ഇതിനു പുറമെ നിരവധി റിസോർട്ടുകാരുമുണ്ട്. അവിടെ 60ഓളം റിസോർട്ടുകാരുണ്ട്. അവരാണു നാട്ടുകാരെ സമരത്തിന് ഇറക്കിയത്. കുടിയേറിയവർ നിരപരാധികളാണ്. പലരും പണം കൊടുത്ത് വാങ്ങിയവരാണ്. ഈ സ്ഥലം വഖഫ് സ്വത്താണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇതിന്റെ ആധാരത്തിലും രണ്ടിടത്ത് വഖഫാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയക്കാർ അവിടെ പോയി എന്തെങ്കിലും പറഞ്ഞാൽ കുറേ വോട്ട് കിട്ടും. അതിനു വേണ്ടി കണ്ണീരൊലിപ്പിക്കുകയാണ് അവർ. അവിടെ താമസിക്കുന്നവരെ പുറത്താക്കണമെന്നല്ല നമ്മളും പറയുന്നത്. അവരുടെ പ്രശ്‌നം പരിഹരിക്കണം. അവരെ അങ്ങനെ റോഡിലേക്ക് ഇറക്കിവിടാൻ പറ്റില്ല. കോളജ് കമ്മിറ്റിയോട് നഷ്ടപരിഹാരം വാങ്ങി അവരെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തണം. വഖഫ് ഭൂമി ഒഴിഞ്ഞു കൊടുക്കണമെന്നും ഉമർ ഫൈസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

