‘ഇത്രയല്ലേ സംഭവിച്ചുള്ളൂ, പി.ടി. ദൈവത്തോടൊപ്പം ചേർന്നുനിന്ന് കാത്തതാവാം’; മാധ്യമങ്ങളോട് ഉമ തോമസ്
text_fieldsകൊച്ചി: 46 ദിവസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് വ്യാഴാഴ്ച വൈകിട്ടാണ് ഉമ തോമസ് എം.എൽ.എ ആശുപത്രി വിട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 29നാണ് കലൂരിലെ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടിക്കിടെ വി.ഐ.പി ഗാലറിയിൽനിന്ന് താഴേക്ക് പതിച്ച് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. ആശുപത്രി വിടുന്നതിനു മുമ്പ് മാധ്യമങ്ങളെ കണ്ട ഉഷ തോമസ് അപകടത്തെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി. ‘അത്രയും ഉയരത്തിൽ നിന്നു വീണിട്ടും എനിക്ക് ഇത്രയല്ലേ സംഭവിച്ചുള്ളൂ, പി.ടി. ദൈവത്തോടൊപ്പം ചേർന്നുനിന്ന് എന്നെ കൈവെള്ളയിലെടുത്ത് കാത്തതാവാം’ എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.
“വലിയ അപകടത്തിൽ നിന്നാണ് കരകയറിയത്. എല്ലാവരും ചേര്‍ത്തുനിര്‍ത്തി. കരുതലിന് നന്ദി പറഞ്ഞാൽ മതിയാകില്ല. ദൈവത്തിന്‍റെ അനുഗ്രഹവും ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യപ്രവര്‍ത്തകരുടെയും കുടുംബത്തിന്‍റെയും പരിചരണവും കൊണ്ടാണ് വലിയ അപകടത്തിൽ നിന്ന് കരകയറാനായത്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആശുപത്രിയിലെ മറ്റ് സപ്പോർട്ടിങ് സ്റ്റാഫിനുമാണ് എല്ലാ ക്രെഡിറ്റും നൽകാനുള്ളത്. കുടുംബവും പാര്‍ട്ടിയും ചേര്‍ത്തുനിര്‍ത്തി. വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ അപകടം നടന്ന കാര്യവും അതിനുശേഷമുള്ള സംഭവങ്ങളും ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. ദിവസങ്ങള്‍നീണ്ട ചികിത്സക്കുശേഷമാണ് കാര്യങ്ങള്‍ വ്യക്തമായത്” -ഉമ തോമസ് പറഞ്ഞു.
എം.എൽ.എ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍നിന്ന് തുടരാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 46 ദിവസത്തെ ചികിത്സക്കിടെ ആശുപത്രി ജീവനക്കാരുമായി വളരെയേറെ അടുത്തുവെന്ന് ഉമ തോമസ് പറഞ്ഞു. ഓരോരുത്തരും ചേർത്തുപിടിച്ചു. ഡോക്ടർമാരും നഴ്സുമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫും ഏറെ കരുതലോടെയാണ് ഇടപെട്ടതതെന്നും അവർ പ്രതികരിച്ചു.
നൃത്ത പരിപാടിക്കിടെ വി.ഐ.പി ഗ്യാലറിയിൽനിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. റെനെ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്‍റെ എല്ലാ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചു. എം.എൽ.എയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ആയിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ പ്രതികരണം. മികച്ച ചികിത്സ ലഭ്യമാക്കിയതിന് നന്ദി അറിയിച്ച ഉമാ തോമസിനോട് ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

