മംഗളൂരു ബന്ദ്: ഉള്ളാൾ ഉറൂസ് പരിപാടികൾ റദ്ദാക്കി
text_fieldsമംഗളൂരു: ഉള്ളാൾ ഉറൂസിന്റെ ഭാഗമായി വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. ജില്ലയിലെ നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് തീരുമാനമെന്ന് ഉള്ളാൾ ദർഗ കമ്മിറ്റി പ്രസിഡന്റ് ബി.ജി. ഹനീഫ് ഹാജി പ്രസ്താവനയിൽ അറിയിച്ചു.
ബാജ്പെയിൽ ഗുണ്ടാസംഘം തലവനും ബജ്റംഗ്ദൾ മുൻ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വിശ്വഹിന്ദു പരിഷത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ പതിവുപോലെ തുറന്ന വ്യാപാരസ്ഥാപനങ്ങൾ ബന്ദനുകൂലികൾ നിർബന്ധിച്ച് അടപ്പിച്ചു. സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സർവിസ് പൊടുന്നനെ മുടക്കി. ഇത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ പെരുവഴിയിലാക്കി. എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. മുൾക്കി, ഉഡുപ്പി, കുന്താപുരം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഏറെ പ്രയാസം അനുഭവിച്ചത്.
കൊലപാതകത്തെ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര അപലപിച്ചു. കുറ്റവാളികളെ വെറുതെവിടില്ലെന്ന് ഉറപ്പുനൽകിയ അദ്ദേഹം ജനങ്ങൾ ശാന്തരായിരിക്കണമെന്ന് അഭ്യർഥിച്ചു. പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും കൊലയാളികളെ വെറുതെവിടില്ലെന്നും ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പരമേശ്വര പറഞ്ഞു. ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പിയെ മംഗളൂരുവിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

