ഓൺലൈൻ ക്ലാസ് തുടങ്ങാൻ യുക്രെയ്ൻ സർവകലാശാലകൾ
text_fieldsrepresentational image
കൊച്ചി: റഷ്യ-യുക്രെയ്ൻ സംഘർഷം നിലനിൽക്കെ തന്നെ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം തുടങ്ങുന്നത് സംബന്ധിച്ച് യുക്രെയ്ൻ സർവകലാശാലകളുടെ അറിയിപ്പ്.
മാർച്ച് 14ന് ഓൺലൈൻ ക്ലാസുകൾ തുടങ്ങുമെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ എത്തിയ വിന്നിറ്റ്സ്യ നാഷനൽ മെഡിക്കൽ സർവകലാശാല അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥി ഇ.എ. അമീർ പറഞ്ഞു. പ്രധാനമായും ഒന്നും രണ്ടും മൂന്നും വർഷ വിദ്യാർഥികളുടെ പഠനം തുടരുന്നത് ലക്ഷ്യംവെച്ചാണ് ഓൺലൈൻ പഠനം തുടങ്ങുന്നത്.
ഒഡേസ നാഷനൽ മെഡിക്കൽ സർവകലാശാലയും ഓൺലൈൻ പഠനം മാർച്ച് 15ന് ആരംഭിക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുണ്ട്. സർവകലാശാലകളിലെ റെക്ടർമാരിൽനിന്ന് വിദ്യാർഥികളുടെ ഗ്രൂപ്പുകളിലേക്കാണ് ഇതുസംബന്ധിച്ച് സന്ദേശം എത്തിയത്. വിദ്യാർഥികൾതന്നെ പിന്നീട് ഇത് പരസ്പരം കൈമാറുകയായിരുന്നു. അവസാന വർഷ പഠനം പൂർത്തിയാക്കാൻ രണ്ടുമാസം ബാക്കിനിൽക്കെയാണ് അമീറിന് യുദ്ധം മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്.
മേയ് അവസാനത്തോടെയാണ് പരീക്ഷയെന്നും അത് ഓഫ് ലൈനായി തന്നെ നടത്തുമെന്നും അറിയിപ്പുണ്ടെന്നും അമീർ പറഞ്ഞു.
ഫെബ്രുവരി 26നാണ് വിന്നിറ്റ്സ്യ സർവകലാശാലയിൽനിന്ന് വാടകക്ക് വിളിച്ച ബസിൽ അമീർ അടങ്ങുന്ന വിദ്യാർഥികളുടെ സംഘം പുറപ്പെട്ടത്. പിറ്റേന്ന് റുമേനിയൻ അതിർത്തി കടന്ന് 28നാണ് അഭയാർഥികൾക്കായുള്ള ഷെൽട്ടറിൽ എത്തിയത്.
ഈമാസം മൂന്നിന് ഹംഗറിയിലെ ബുഡപെസ്റ്റിൽനിന്ന് വിമാനം കയറി ഇസ്തംബൂൾ വഴി ന്യൂദൽഹിയിൽ എത്തുകയായിരുന്നു. മലയാളികളായ 200ലേറെ വിദ്യാർഥികൾ വിന്നിറ്റ്സ്യ സർവകലാശാലയിൽ വിവിധ മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നുണ്ട്.