യുക്രെയ്ൻ രക്ഷാദൗത്യം: മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsതിരുവനന്തപുരം: യുക്രെയ്നിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി നിർവഹിച്ച വിദേശകാര്യ മന്ത്രാലയത്തോടുള്ള നന്ദി അറിയിച്ചതോടൊപ്പം അവിടെ കുടുങ്ങിക്കിടക്കുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
യുക്രെയ്നിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. പലരും അവിടെ ദുരിതമനുഭവിക്കുന്നതായി സന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടും തണുപ്പിൽ നടന്ന് പോളണ്ട് വരെ എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രെയ്നിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ യുക്രെയ്ൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുക്രെയ്നിന്‍റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും ഏർപ്പാടാക്കും. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

