യുക്രെയ്ൻ: സംഘർഷത്തിന്റെ എട്ടു വർഷം
text_fieldsകിയവ്: 1991ൽ സോവിയറ്റ് യൂനിയന്റെ പതനത്തോടെയാണ് യുക്രെയ്ൻ സ്വതന്ത്ര രാജ്യമാവുന്നത്. തുടർന്ന്, കൂടുതൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി നാറ്റോ തങ്ങളുടെ സഖ്യം വികസിപ്പിക്കാൻ തുടങ്ങി.
2004ൽ ബാൾടിക് റിപബ്ലിക്കുകളായ ലാത്വിയ, ലിത്വേനിയ, എസ്തോണിയ തുടങ്ങിയ രാജ്യങ്ങളെ നാറ്റോ തങ്ങളുടെ അംഗങ്ങളാക്കി. 2008ൽ യുക്രെയ്ന് അംഗത്വം നൽകാൻ നാറ്റോ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ റഷ്യ എതിർത്തു. റഷ്യയുമായി അതിർത്തി പങ്കിടുന്ന യുക്രെയ്ന് അംഗത്വം നൽകുന്നത് തങ്ങൾക്ക് ഭീഷണിയാവുമെന്ന് വ്ലാദ്മിർ പുടിൻ കരുതി. മാത്രമല്ല, സാംസ്കാരികമായും ഭാഷാപരമായും രാഷ്ട്രീയപരമായും യുക്രെയ്ൻ റഷ്യയുടെ ഭാഗമാണെന്ന നിലപാട് അദ്ദേഹം പ്രകടിപ്പിച്ചു.
അതേസമയം, യൂറോപ്പിന്റെയും നാറ്റോയുടേയും ഭാഗമാവാനാണ് ഭൂരിപക്ഷം യുക്രെയ്ൻകാരും ആഗ്രഹിച്ചത്. ഇ.യുവിൽ ചേരാനുള്ള കരാറിൽ ഒപ്പിടാൻ വിസമ്മതിച്ച റഷ്യൻ അനുകൂല പ്രസിഡന്റിനെതിരെ 2014ൽ കിയവിൽ കൂറ്റൻ റാലി നടന്നു. തുടർന്ന് യുക്രെയ്ന് കീഴിലെ ക്രിമിയ പിടിച്ചടക്കി റഷ്യ മേഖലയിലെ ആധിപത്യം വർധിപ്പിച്ചു. റഷ്യൻ പിന്തുണയുള്ള വിമതരും യുക്രെയ്ൻ സൈന്യവുമായുള്ള സംഘർഷത്തിൽ ഇതുവരെ 14,000 പേരാണ് കൊല്ലപ്പെട്ടത്. 2014ൽ ബെലറൂസിലെ മിൻസ്കിൽവെച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചു. എന്നാൽ, കരാർ ലംഘിക്കപ്പെട്ടു. തുടർന്ന് 2015ൽ ഫ്രാൻസിന്റേയും ജർമനിയുടേയും മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും വീണ്ടും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു. ഡോണെറ്റ്സ്ക്്, ലുഹാൻസ്ക് എന്നീ വിഘടിത മേഖലകളായ അംഗീകരിച്ച് അതിലെ വ്യവസ്ഥകളാണ് പുടിൻ ഒടുവിൽ ലംഘിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

