ആൾമാറാട്ടവും കൂറുമാറ്റവും നിറഞ്ഞ ഉരുട്ടിക്കൊലക്കേസ് ക്ലൈമാക്സിലേക്ക്...
text_fieldsതിരുവനന്തപുരം: ആൾമാറാട്ടവും കൂറുമാറ്റവും വിവാദമാക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് ക്ലൈമാക്സിലേക്ക്.. കേസിൽ നിർണായകമായത് മുൻ ഫോറൻസിക് ഡയറക്ടർ ശ്രീകുമാരിയുടെ മൊഴിയാണ്. സാക്ഷികൾ കൂറുമാറി വിചാരണതന്നെ തകിടം മറിയുന്ന സമയത്തായിരുന്നു ഡോക്ടറുടെ നിർണായക വെളിപ്പെടുത്തൽ. ഇരുമ്പ് പൈപ്പുകൊണ്ട് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്ക് മൃതദേഹത്തിൽ കണ്ടെത്തിയതായും, മർദനമുറയിൽ ഉദയകുമാറിെൻറ രക്തധമനിയടക്കം തകർന്നിരുന്നതായും മുൻ ഫോറൻസിക് ഡയറക്ടർ മൊഴി നൽകി.
ജി.ഐ പൈപ്പ്, ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പ് ബെഞ്ച് എന്നിവ ഡയറക്ടർ തിരിച്ചറിയുകയും ചെയ്തു. മരിക്കുന്നതിന് 24 മണിക്കൂർ മുമ്പായിരുന്നു മാരക മർദനമേറ്റതെന്നും ശ്രീകുമാരി കോടതിയിൽ മൊഴി നൽകി. ഈ മൊഴിയാണ് നിർണായകമായത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ഡമ്മി പ്രതികളെ കോടതിയിൽ ഹാജരാക്കിയതും വിവാദമായി. ഉദയകുമാറിനെതിരെ കേസെടുത്ത എ.എസ്.ഐ രവീന്ദ്രൻനായരെയും കോടതി നേരിട്ട് പ്രതിയാക്കി.
34 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ, ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറി. പണം വാങ്ങിയാണ് ഇൗ കൂറുമാറ്റമെന്നതും വിവാദമായിരുന്നു. 2007ൽ കേസ് ഹൈകോടതി സി.ബി.ഐക്ക് കൈമാറി. കൊലക്കേസ് മാത്രമല്ല, ഉദയകുമാറിനെതിരെ ഫോർട്ട് പൊലീസെടുത്ത മോഷണക്കേസും വ്യാജമെന്ന് സി.ബി.ഐ കണ്ടെത്തി. ഈ കേസിൽ വീണ്ടും പൊലീസുകാരെ 2009 ഏപ്രില്‍ 21ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനും വ്യാജരേഖ ചമച്ചതിനും രണ്ടു കുറ്റപത്രങ്ങള്‍ 2010 സെപ്റ്റംബര്‍ ഒമ്പതിന് എറണാകുളം സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു.
രവീന്ദ്രൻനായർ, തങ്കമണി, ഹീരാലാൽ, ഷീജാകുമാരി, രാമചന്ദ്രൻ, സജിത എന്നീ ആറ് പൊലീസുകാരെ സി.ബി.ഐ മാപ്പുസാക്ഷിയാക്കി. കിടപ്പിലായ പ്രതി ജോർജിനെയും വിചാരണയിൽനിന്ന് ഒഴിവാക്കി. രണ്ടു കുറ്റപത്രങ്ങളും ഒന്നാക്കി ആറു പ്രതികള്‍ക്കെതിരെ വിചാരണ നടത്താൻ 2014ൽ കോടതി തീരുമാനിച്ചു. 2017 നവംബർ മുതൽ ആരംഭിച്ച വിചാരണ നടപടി ചൊവ്വാഴ്ച വരെ നീണ്ടു. ഇതിനിടെ മൂന്നാം പ്രതി സോമൻ മരിച്ചു. രണ്ടു പ്രതികളും എസ്.പിമാരുമായിരുന്ന സാബുവും ഹരിദാസും വിരമിച്ചു.
ഉരുട്ടിക്കൊല കേസിെൻറ നാൾവഴി
2005 സെപ്റ്റംബർ 27: ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഉദയകുമാറിനെയും (28) സുഹൃത്ത് സുരേഷ് കുമാറിനെയും മോഷണക്കുറ്റം ആരോപിച്ച് സി.െഎ ഇ.കെ. സാബുവിെൻറ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയ ഉദയകുമാർ പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിൽ മൂന്ന് പൊലീസുകാരെ പ്രതികളാക്കി 2007ൽ കുറ്റപത്രം.
55 സാക്ഷികളും കൂറുമാറി. ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
സി.ബി.ഐ 2010 ആഗസ്റ്റ് പത്തിന് കുറ്റപത്രം സമർപ്പിച്ചു.
2016 ഡിസംബർ രണ്ടിന് വിചാരണനടപടിക്ക് തുടക്കം.
2017 മാർച്ച് എട്ടിന് കേസ് നടപടി വേഗം തീർപ്പാക്കാൻ ഹൈകോടതി നിർദേശം.
2017 മേയ് 30ന് നാലാം പ്രതി വി.പി. മോഹനനെ കോടതി കുറ്റമുക്തനാക്കി.
2017 ജൂൺ 19ന് വിചാരണ തുടങ്ങി. ഒന്നാം സാക്ഷി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് കോടതി രൂക്ഷവിമർശനം നടത്തുകയും രണ്ടുദിവസത്തേക്ക് കേസ് നടപടി നിർത്തിവെക്കുകയും ചെയ്തു
2017 നവംബർ 25ന് കോടതി വിചാരണനടപടി പുനഃക്രമീകരിച്ചു.
2018 ജൂലൈ 25ന് 394 ദിവസം നീണ്ട കോടതി നടപടികൾക്ക് വിരാമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
