ഭൂപരിഷ്‍കരണം 2.0; സമിതിയെ നിയോഗിക്കൽ നീളുന്നു
text_fieldsകൊച്ചി: യു.ഡി.എഫ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ‘ഭൂപരിഷ്കരണം 2.0’ നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കൽ അനന്തമായി നീളുന്നു. ഒരാഴ്ചക്കുള്ളിൽ സമിതിയെ നിയോഗിക്കുമെന്ന് ആഗസ്റ്റ് ആദ്യവാരം റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും നടപടിയായിട്ടില്ല. സമിതി അംഗങ്ങളെ തീരുമാനിക്കുന്നതിലെ ഭിന്നാഭിപ്രായങ്ങളാണ് പ്രഖ്യാപനം നീളാൻ ഇടയാക്കുന്നതെന്നാണ് സൂചന. സമിതി അംഗങ്ങളുടെ പട്ടികയായെന്നാണ് മന്ത്രി അന്നു പറഞ്ഞത്. സംസ്ഥാനത്തെ ഭൂ വിഷയങ്ങളിൽ പ്രഗത്ഭരായവരെയാണ് സമിതിയിൽ ഉൾപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞിരുന്നു. പട്ടികയിൽ തോട്ടം ഉടമകളുടെ താൽപര്യ സംരക്ഷകരാണ് കൂടുതലെന്ന ആക്ഷേപം ഉയർന്നതോടെയാണ് പ്രഖ്യാപനം അനിശ്ചിതത്വത്തിലായതെന്നാണ് സൂചന.
നിലവിലെ ഭൂപരിഷ്കരണ നിയമത്തിൽ എന്തെല്ലാം മാറ്റങ്ങൾ ആവാമെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നതെന്ന് മന്ത്രി അനിൽകുമാർ പറഞ്ഞിരുന്നു. നിലവിലെ നിയമം സംസ്ഥാനത്ത് വലിയ സാമൂഹിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം, പട്ടിക ജാതിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി ആ നിയമത്തിന്‍റെ ഗുണഫലം ലഭിക്കാതെ പാർശ്വവത്കരിക്കപ്പെട്ടവരുണ്ട്. അവർക്ക് എങ്ങിനെ ഭൂമി ലഭ്യമാക്കാമെന്നതിനാണ് മുൻഗണനയെന്നും മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തോട്ട ഭൂമി കേസുകൾ കൈകാര്യം ചെയ്തിരുന്നവരെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഭൂ സമരക്കാരും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ ലോബികൾ അതിനെ എതിർത്ത് രംഗത്തുവന്നിട്ടുണ്ട്. 1970ൽ സി. അച്യുത മേനോൻ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമമനുസരിച്ച് കൈവശം വെക്കാവുന്ന 15 ഏക്കർ ഭൂപരിധിയിൽ ഇളവ് അനുവദിച്ച തോട്ടം മേഖലയിലെ ഭൂ വിനിയോഗത്തിന് കൂടുതൽ ഇളവുകൾ വേണമെന്നതാണ് തോട്ടം ഉടമകളായ കമ്പനികൾ ഉന്നയിക്കുന്ന ആവശ്യം. തോട്ട വിളകൾ കൃഷി ചെയ്തിരുന്നവ ഒഴികെ 15 ഏക്കർ ഭൂപരിധി തീരുമാനിക്കുകയും അവശേഷിച്ച നൂറുകണക്കിന് ഏക്കർ ഭൂമി കൈവശക്കാരിൽനിന്ന് മിച്ചഭൂമിയായി പിടിച്ചെടുത്ത് ഭൂ രഹിതർക്ക് വിതരണം നടത്തുകയും ചെയ്തിരുന്നു. തോട്ട വിള കൃഷി ചെയ്തവർക്ക് ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വെക്കാൻ അനുവദിക്കുകയും മറ്റുള്ളവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തിട്ട് വീണ്ടും തോട്ട ഭൂമികളുടെ കൈവശക്കാർക്ക് ഇതര കൃഷികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇളവനുവദിക്കുന്നത് നീതിയല്ലെന്ന അഭിപ്രായം യു.ഡി.എഫിൽ ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

