തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികം നേടിയത് 3000 ത്തോളം വാർഡുകൾ, എൽ.ഡി.എഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2020ല്‍ നേടിയതിനേക്കാള്‍ 3346 വാര്‍ഡുകള്‍ നേടി ഇക്കുറി യു.ഡി.എഫ് മിന്നും ജയം സ്വന്തമാക്കിയപ്പോള്‍ എൽ.ഡി.എഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍. വലിയ പ്രതീക്ഷ പുലർത്തിയ എൻ.ഡി.എക്കാകട്ടെ ലഭിച്ചത് വെറും 323 വാര്‍ഡുകള്‍ അധികം മാത്രം. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 21,900 വാര്‍ഡുകള്‍ ആയിരുന്നത് വാര്‍ഡ് വിഭജനശേഷം 23,612 ആയി.
23,573 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ല, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവിടങ്ങളിലായി 8889 വാര്‍ഡുകളാണ് എൽ.ഡി.എഫിനു ലഭിച്ചത്. ഇതില്‍, സി.പി.എമ്മിന് 7455, സി.പി.ഐ 1018, കേരളാ കോണ്‍ഗ്രസ് എം 246, രാഷ്ട്രീയ ജനതാദള്‍ 63, ജനതാദള്‍ (എസ്) 44, എൻ. സി.പി 25, കേരളാ കോണ്‍ഗ്രസ് (ബി) 15, ഇന്ത്യന്‍ നാഷനല്‍ ലീഗ് ഒമ്പത്, കോണ്‍ഗ്രസ് എസ്- എട്ട്, ജനാധിപത്യ കേരള കോണ്‍ഗ്രസ് -ആറ് എന്നിങ്ങനെയാണ് സീറ്റ് നില. 2020ല്‍ സി.പി.എമ്മിന് 8193 സീറ്റുകള്‍ ഉണ്ടായിരുന്നു. നാനൂറിലേറെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് നഷ്ടപ്പെട്ടത്.
യു.ഡി.എഫിന് ആകെ 11,103 വാര്‍ഡുകളാണ് നേടിയത്. 2020ല്‍ ഇത് 7757 ആയിരുന്നു. ഇക്കുറി കോണ്‍ഗ്രസിന് 7817 സീറ്റുകള്‍ ലഭിച്ചു. ലീഗ് 2844 കേരള കോണ്‍ഗ്രസ് 332, ആർ.എസ്.പി 57, കേരള കോണ്‍ഗ്രസ് (ജേക്കബ്) 34, സി.എം.പി 10, കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി -എട്ട്, ഫോര്‍വേഡ് ബ്ലോക്ക് - ഒന്ന് എന്നിങ്ങനെയാണ് സീറ്റ് നില. എൻ.ഡി.എക്ക് 1920 സീറ്റുകളിലാണ് വിജയം. ബി.ജെ.പിക്ക് 1914 വാര്‍ഡുകളും ബി.ഡി.ജെ.എസിന് അഞ്ച്, ലോക്ജനശക്തി പാര്‍ട്ടിക്ക് ഒരുസീറ്റമാണ് ലഭിച്ചത്.
ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 38.81 ശതമാനം വോട്ട് നേടിയപ്പോള്‍ എൽ.ഡി.എഫിന് 33.45 ശതമാനവും എൻ.ഡി.എക്ക് 14.71 ശതമാനവുമാണ് ലഭിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എൻ.ഡി.എ, എൽ.ഡി.എഫ് വോട്ട് വ്യത്യാസം വളരെ നേരിയതാണ്. എൻ.ഡി.എക്ക് 34.52 ശതമാനം; എൽ.ഡി.എഫിന് 34.65 ശതമാനം, യു.ഡി.എഫിന് 26.28 ശതമാനം. കൊച്ചിയിലും തൃശൂരും എൽ.ഡി.എഫ് വോട്ട് ശതമാനം 28 ശതമാനത്തോളം മാത്രമാണ്. കൊല്ലത്തും കോഴിക്കോടും എൻ.ഡി.എക്ക് 22 ശതമാനത്തിന് മുകളിലാണ് വോട്ട് വിഹിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

