വയനാട് തൂക്കി യു.ഡി.എഫ്; മൂന്ന് സ്ഥാനാർഥികൾക്കും 10,000ത്തിന് മുകളിൽ ഭൂരിപക്ഷം
text_fieldsകൽപറ്റ: മാനന്തവാടി മണ്ഡലം പിടിച്ചെടുത്തും കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും ജയം ആവർത്തിച്ചും വയനാട് യു.ഡി.എഫ് തൂത്തുവാരി. കൈയിലുണ്ടായിരുന്ന മാനന്തവാടി കൈവിട്ടത് എൽ.ഡി.എഫിന് വൻ തിരിച്ചടിയായി. ഹാട്രിക് ജയം തേടിയിറങ്ങിയ മന്ത്രി ഒ.ആർ. കേളുവിനെയാണ് ഇവിടെ യു.ഡി.എഫിന്റെ ഉഷ വിജയൻ 10543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചത്. കഴിഞ്ഞ തവണ കേളു 72536 വോട്ടു നേടിയപ്പോൾ ഇത്തവണ 66882 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. 5,654 വോട്ടിന്റെ നഷ്ടമാണ് ഇത്തവണ. മൂന്ന് സിറ്റിങ് എം.എൽ.എമാർ മത്സരിച്ച ജില്ലയിൽ കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫിന് അവരെ വീണ്ടും നിയമസഭയിലേക്ക് അയക്കാനായി.
മാനന്തവാടിയിൽ കേളുവിന് അടിതെറ്റിയതോടെ സി.പി.എമ്മിന്റെ കണക്കൂട്ടലുകളെല്ലാം പാളി. ഉരുൾദുരന്ത ബാധിതർക്കായുള്ള ടൗൺഷിപ്പിൽ അതിജീവിതർക്ക് താമസം തുടങ്ങാനാകാത്തതും സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപ പ്രശ്നവും വന്യജീവി ശല്യവുമടക്കം പ്രചാരണ വിഷയങ്ങളായ വയനാട്ടിൽ യു.ഡി.എഫിന്റെ ജയം ആധികാരികമായി.കൽപറ്റയിൽ ടി. സിദ്ദീഖ് 45031 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർ.ജെ.ഡിയുടെ പി.കെ. അനിൽ കുമാറിനെ മലർത്തിയടിച്ചത്. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ നാലാംതവണയും വെന്നിക്കൊടി പാറിച്ചു.
16597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിന്റെ എം.എസ്. വിശ്വനാഥനെ വീണ്ടും തോൽപിച്ചത്. എം.എൽ.എമാരായ ടി. സിദ്ദീഖിനും ബാലകൃഷ്ണനുമെതിരെ സി.പി.എം കാലങ്ങളായി തുടർന്നുവന്ന ആക്രമണങ്ങൾ വിജയിച്ചില്ലെന്ന് ഫലം വന്നതോടെ വ്യക്തമായി. ഡി.സി.സി ട്രഷററുടെ ആത്മഹത്യയടക്കമുള്ള സംഭവങ്ങളിൽ ഏറെ ആരോപണങ്ങൾക്ക് നടുവിൽനിന്നാണ് ഐ.സി വിജയകിരീടമണിഞ്ഞത്. അതേസമയം, മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുനില കൂട്ടിയിട്ടുണ്ട്. കൽപറ്റയിൽ 5062ഉം മാനന്തവാടിയിൽ 6539 ഉം സുൽത്താൻ ബത്തേരിയിൽ 16110 വോട്ടും ഇത്തവണ ബി.ജെ.പിക്ക് കൂടുതൽ നേടാനായി. പക്ഷേ, ചെറുപാർട്ടികൾക്ക് ചലനമുണ്ടാക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

