തൂക്ക്സഭ വരും; യു.ഡി.എഫ് 50 സീറ്റ് കടക്കില്ല; എൻ.ഡി.എ നിർണായക ശക്തിയാകുമെന്നും രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: കേരളത്തിൽ തൂക്ക്സഭ വരുമെന്നും എൻ.ഡി.എ നിർണായക ശക്തിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നൂറു സീറ്റ് കിട്ടുമെന്ന ഇരുമുന്നണികളുടെയും അവകാശവാദത്തെയും അദ്ദേഹം തള്ളി.
ആരാണ് സി.പി.എമ്മിന് മൂന്നാം തവണയും അവസരം നൽകാൻ പോകുന്നത്. എന്ത് കണ്ടിട്ടാണ് വോട്ട് കൊടുക്കേണ്ടത്. എവിടെ നിന്നാണ് ഇത്രയും സീറ്റ് കിട്ടുമെന്ന് ഇവർ പറയുന്നത്. ക്യൂബയിലാണോ നൂറ് സീറ്റ് ഉള്ളതെന്നറിയില്ല. ഇത് സാമാന്യ ബുദ്ധിയുടെ വിഷയമാണെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. നിയമസഭയിൽ ബഹളമുണ്ടാക്കാനോ, കമ്പ്യൂട്ടറുകൾ അടിച്ചുതകർക്കാനോ, സ്പീക്കറുടെ മേശപ്പുറത്ത് കയറി ഭരതനാട്യം കളിക്കാനോ അല്ല എൻ.ഡി.എ അവസരം തേടുന്നത്. മറിച്ച് ജനങ്ങളെ സേവിക്കാനും, മലയാളികളുടെ ദീർഘകാലമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും, എല്ലാവർക്കും വേണ്ടിയൊരു വികസിത കേരളം കെട്ടിപ്പടുക്കാനുമുള്ള അവസരമാണ് തങ്ങൾ ചോദിക്കുന്നത്.
യു.ഡി.എഫ് 50 സീറ്റ് കടക്കില്ലെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു. നിർണായക തെരഞ്ഞെടുപ്പാണ് നടന്നത്. കേരളത്തിന്‍റെ രാഷ്‌ട്രീയ സംസ്കാരത്തിൽ ഉറപ്പായും മാറ്റമുണ്ടാകും. രാവിലെ ആറേ മുക്കാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് വിജയാശംസ നേർന്നിരുന്നു. കേരളത്തിന്‍റെ കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളം എന്ന സ്വപ്നം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാ തെരഞ്ഞെടുപ്പിന് മുമ്പും എന്തെങ്കിലും വിവാദമുണ്ടാക്കുക കോൺഗ്രസിന്‍റെ സ്ഥിരം ശൈലിയാണ്. അതാണ് കഴിഞ്ഞദിവസം പാലക്കാട് കണ്ടത്. ഈ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. തെലങ്കാനയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാനാകാത്ത ഗ്യാരന്‍റിയാണ് കോൺഗ്രസ് ഇവിടെയും നൽകിവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ജനങ്ങൾക്ക് ആവശ്യം വികസനമാണ്. അല്ലാതെ പൊള്ളയായ വാഗ്ദാനമല്ല. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. വികസനം ജനങ്ങൾക്കിടയിൽ ചർച്ചയാക്കുന്നതിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കടന്ന പോളിങ്ങാണ് നടന്നത്. സമയം കഴിഞ്ഞിട്ടും ആയിരങ്ങളാണ് വരിയിൽ നിൽക്കുന്നത്. ടോക്കൺ വാങ്ങി വരിയിൽ നിൽക്കുന്നവർക്കുമാണ് ഇനി വോട്ടു ചെയ്യാനുള്ള അവസരം. തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്കുകൾ പ്രകാരം വൈകീട്ട് 5. 33 വരെ സംസ്ഥാനത്ത് 75.01 ശതമാനം പോളിങ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്, 81.99 ശതമാനം.
ചിറ്റൂർ, കുന്നമംഗലം, അരൂർ എന്നീ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 80 കടന്നു. അതേസമയം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 66.81 ശതമാനം പേരാണ് ഇവിടെ ബൂത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

