വികസന സദസ്സുമായി യു.ഡി.എഫ് സഹകരിക്കില്ല
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗിച്ച് സംഘടിപ്പിക്കുന്ന വികസന സദസ്സിനോട് യു.ഡി.എഫ് സഹകരിക്കില്ല. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ ശേഷം പ്രദേശിക സര്‍ക്കാരുകളെ കഴുത്ത് ഞെരിച്ചു കൊന്ന സര്‍ക്കാറാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ഫണ്ട് വെട്ടിക്കുറച്ചും വൈകിപ്പിച്ചുമാണത്. മുന്‍പ് നടത്തി പ്രഹസനമായി മാറിയ നവകേരള സദസ്സിന്റെ കണക്ക് പോലും പുറത്തുവിട്ടിട്ടില്ല. നവകേരള സദസ്സിന് സമാനമായി സാധാരണക്കാര്‍ നല്‍കിയ നികുത്തിപണം ഉപയോഗിച്ച് എന്ത് വികസന സദസ്സാണ് നടത്താന്‍ പോകുന്നത് -സതീശൻ ചോദിച്ചു.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ്. ഏഴു മാസമായി റീടെയില്‍ പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം. ഓണക്കാലത്ത് വിലക്കയറ്റം ഇല്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാർഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം അടഞ്ഞ അധ്യായമാണെന്നും അതേകുറിച്ച് ഇനി ചർച്ചയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. കോൺഗ്രസ് എടുത്ത തീരുമാനം കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനിയുള്ള കാര്യങ്ങളിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും -സതീശൻ പറഞ്ഞു.
പൊലീസുകാരെ പിരിച്ചുവിടണം -യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: കുന്നംകുളം പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങൾ അത്യന്തം ഭയാനകമാണെന്നും കുറ്റക്കാരായ പൊലീസുകാരെ സേനയിൽനിന്ന് പുറത്താക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നേരിട്ടത് അതിക്രൂര മർദനമാണ്. കേരള പൊലീസ് ഇതുപോലെ തോന്നിവാസം കാണിച്ച മറ്റൊരു കാലഘട്ടവും ഉണ്ടാവില്ല. കേരളത്തിലെ പൊലീസ് സേനയുടെ യഥാർഥ മുഖം എന്താണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇത്തരം പൊലീസുകാരുമായി തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെതിരെ ശക്തമായ പ്രതിഷേധം യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അബിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

