വന്യമൃഗശല്യത്തിന് യു.ഡി.എഫ് ശാശ്വത പരിഹാരം കാണും; പ്രതിസന്ധിയെ ഉമ്മന്‍ചാണ്ടി സർക്കാർ ഇച്ഛാശക്തി കൊണ്ട് മറികടന്നു -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsനിലമ്പൂര്‍: കാട്ടാനകള്‍ ആടുകളെ പോലെയും കടുവയും പുലിയും പൂച്ചയെ പോലെയും നാട്ടിലൂടെ നടന്ന് ആക്രമണം നടക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെ ജനങ്ങള്‍ വെറുത്തെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വന്യജീവി ശല്യം ഇല്ലാതാക്കാന്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം ചുങ്കത്തറ മാമ്പൊയിലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ഭീഷണി യു.ഡി.എഫ്. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞ ദിവസം യു.ഡി.എഫ് നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. മലയോരത്തെ ജനങ്ങള്‍ക്കായി പോരാടുന്നവരാണ് യു.ഡി.എഫിലുള്ള കക്ഷികളെല്ലാം. ഭാവി കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ എല്ലാവരും യു.ഡി.എഫിനെയാണ് ഉറ്റുനോക്കുന്നത്.
കേരളം എല്ലാ മേഖലയിലും തകര്‍ന്നു. പ്രതീക്ഷയോടെയാണ് നിലമ്പൂര്‍ തെരഞ്ഞടുപ്പിനെ കേരളം കാണുന്നത്. മാറ്റം കൊണ്ടുവരാന്‍ യു.ഡി.എഫിനേ കഴിയൂ. അതുകൊണ്ടാണ് ചെറുതും വലുതുമായ സംഘടനകള്‍ യു.ഡി.എഫിന് പിന്തുണ നല്‍കുന്നത്. അതില്‍ സി.പി.എം. അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. ആശയപരമായി യു.ഡി.എഫുമായി യോജിക്കാത്തവരും യു.ഡി.എഫ്. സഥാനാര്‍ഥിയെ വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഇടതു സര്‍ക്കാര്‍ അത്രയും ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. ജീവസുറ്റ ഒരു സര്‍ക്കാറിനായി കേരളം കാത്തിരിക്കുകയാണ്. അതിന്റെ കേളികൊട്ടാണ് നിലമ്പൂരിലേത്.
എല്ലാ മേഖലയിലും സര്‍ക്കാര്‍ പരാജയമാണ്. കേരള തീരത്ത് കപ്പല്‍ അപകടമുണ്ടായപ്പോള്‍ നഷ്ടപരിഹാരത്തിന് സര്‍ക്കാര്‍ കേസ് നല്‍കാന്‍ തയാറാവുന്നില്ല. കപ്പല്‍ കത്തി അപകടമുണ്ടായാല്‍ മത്സ്യതൊഴിലാളികളെയാണ് ബാധിക്കുക. അവര്‍ക്ക് മത്സ്യബന്ധനത്തിന് പോകുവാന്‍ കഴിയില്ല. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസിന് പോകണം. അതിന് സര്‍ക്കാര്‍ തയാറാകാത്തത് ദുരൂഹമാണ്.
ഇപ്പോള്‍ വികസന പ്രവര്‍ത്തനത്തിന് ഫണ്ടില്ലെന്നാണ് പറയുന്നത്. ഉമ്മന്‍ചാണ്ടിയുടെ കാലത്തും പ്രതിസന്ധിയുണ്ടായിരുന്നു. എന്നാല്‍ അതിനെ മറികടക്കാനുള്ള ഇച്ഛാശക്തി യു.ഡി.എഫ് സര്‍ക്കാറിനുണ്ടായിരുന്നു. പണമില്ലാത്തതിന്റെ പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു വികസനവും മുടക്കിയിട്ടില്ലെന്നും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന മുരടിപ്പിന് സര്‍ക്കാറിനെ കൊണ്ട് മറുപടി പറയിപ്പിക്കുക തന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.