യു.ഡി.എഫ് എവിടെ പറഞ്ഞാലും മത്സരിക്കും, മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ല - പി.വി അൻവർ
text_fieldsമലപ്പുറം: ഇന്ന് സന്തോഷകരമായ ദിനമാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. തൃണമൂല്‍ കോൺഗ്രസിനെ യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കിയതിൽ എല്ലാവരോടും നന്ദിയെന്നും പി.വി അൻവർ വ്യക്തമാക്കി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരുപാധിക പിന്തുണയാണ് യു.ഡി.എഫിന് നൽകുന്നത്. എൽ.ഡി.എഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണ്. ഇടത് പക്ഷക്കാർ തന്നെ യു.ഡി.എഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കൾ തന്നെ വോട്ട് ഇട്ട് തോൽപിക്കുമെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.
'ഞാൻ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. കേരളത്തിന്‍റെ മതേതര സ്വഭാവത്തിന്‍റെ കടക്കൽ കത്തി വെക്കുന്ന നിലപാട്, ഒരു ഇടത് പക്ഷ മുഖ്യമന്ത്രിയിൽ നിന്നുണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
പിണറായിസത്തിനെതിരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സഖാക്കളടക്കം വോട്ട് ചെയ്യും. പിണറായിസത്തെയും മരുമോനിസത്തെയും തോൽപ്പിക്കാൻ യു.ഡി.എഫിനൊപ്പം നിൽക്കും. താൻ മത്സരിക്കുന്നതിനേക്കാളും പ്രധാനം യു.ഡി.എഫ് അധികാരത്തിലെത്തുന്നതാണ്. യു.ഡി.എഫ് എവിടെ പറഞ്ഞാലും മത്സരിക്കും. ഇനി മത്സരിക്കേണ്ട എന്ന് പറഞ്ഞാൽ മത്സരിക്കില്ല''- അദ്ദേഹം വ്യക്തമാക്കി.
പി.വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയെയും യു.ഡി.എഫ് അസോസിയേറ്റ് അംഗമാക്കിയുള്ള പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് നടത്തിയത്. കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തിലാണ് ധാരണയായത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് കാണുന്ന യു.ഡി.എഫ് ആയിരിക്കില്ലെന്നും അടിത്തറ വിപുലീകരിച്ച യു.ഡി.എഫ് ആയിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും സതീശൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള ആദ്യ യുഡിഎഫ് യോഗം കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പദവികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും യോഗം അവലോകനം ചെയ്യും. ജോസ് കെ. മാണി, പി.വി അന്‍വര്‍, സി.കെ ജാനു അടക്കമുള്ളവരുടെ മുന്നണിപ്രവേശനം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, ജോസ് കെ. മാണിയുടെ കാര്യത്തിൽ തീരുമാനമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

