ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയുടെ ചികിത്സ ചെലവ് യു.ഡി.എഫ് ഏറ്റെടുക്കും
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ ചികിത്സ ചെലവ് യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹർഷിന ആഗ്രഹിക്കുന്ന ആശുപത്രിയിൽ തന്നെ ഏറ്റവും നല്ല ചികിത്സ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സർക്കാർ വിദഗ്ധ ചികിത്സ ഉറപ്പാക്കുക, സെപ്ഷൽ പബ്ലിക് പ്രോസിക്യൂട്ടറെ അനുവദിക്കുക, അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ഹർഷിന നടത്തിയ ഏകദിന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹർഷിനയെ സർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. സമര സഹായ സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഉമാ തോമസ് എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശ്ശേരി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി, കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എം. നിയാസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, വിമൻ ജസ്റ്റിസ് സംസ്ഥാന സെക്രട്ടറി ഫസ്ന മിയാൻ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി യു.എ. ഗഫൂർ എന്നിവർ സംസാരിച്ചു. സമരസമിതി വൈസ് ചെയർമാന്മാരായ ഇ.പി. അൻവർ സാദത്ത് സ്വാഗതവും എം.ടി. സേതുമാധവൻ നന്ദിയും പറഞ്ഞു.
സമരസമിതി നേതാക്കളായ എം.വി. അബ്ദുൾ ലത്തീഫ്, മാത്യു ദേവഗിരി, ഹബീബ് ചെറുപ്പ, അൻഷാദ് മണക്കടവ്, പി.കെ. സുഭാഷ് ചന്ദ്രൻ, അഷ്റഫ് ചേലാട്ട്, കെ.ഇ. ഷബീർ, മണിയൂർ മുസ്തഫ, മുബീന വാവാട്, ഷീബ സൂര്യ, ശ്രീരാഗ് ചേനോത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

