നാട്ടങ്കത്തിൽ യു.ഡി.എഫ്; ഇത് ഭരണമാറ്റത്തിന്‍റെ ട്രെയിലറോ?
text_fieldsതിരുവനന്തപുരം: അഞ്ച് മാസത്തോളം അപ്പുറം കേരളം പിടിക്കാനുള്ള ‘ഫൈനൽ’ പോരാട്ടമായ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ വന്ന തദ്ദേശ തെരഞ്ഞെടുപ്പെന്ന ‘സെമി ഫൈനലിൽ’ ആധികാരിക ജയം നേടി യു.ഡി.എഫ്. മൂന്നാം ഭരണം ലക്ഷ്യമിട്ട് തദ്ദേശ പോരിനിറങ്ങിയ എൽ.ഡി.എഫിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകിയാണ് യു.ഡി.എഫ് തിരിച്ചുവരവിന്‍റെ പാതതെളിച്ചുവച്ചത്.
ചരിത്രത്തിൽ ഇന്നുവരെ ജയിച്ചുകയറാത്ത കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജില്ല പഞ്ചായത്ത് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിനെ പോലും അമ്പരപ്പിക്കുന്ന വിജയമാണ് മുന്നണി നേടിയത്. നില മെച്ചപ്പെടുത്തുമെന്ന പൊതുവിലയിരുത്തലിനപ്പുറം ഇടതുമുന്നണിയുടെ കോട്ടകൊത്തളങ്ങളിൽ പോലും വെന്നിക്കൊടി പാറിച്ചാണ് യു.ഡി.എഫ് ഫൈനൽ പോരിന് ഒരുങ്ങിക്കോളാനുള്ള മുന്നറിയിപ്പ് ഇടതുമുന്നണിക്ക് നൽകിയത്.
‘ഇത്തവണയില്ലെങ്കിൽ ഇനിയില്ല’ എന്ന് നേതൃത്വം നൽകിയ മുന്നറിയിപ്പ് മന്ത്രം മുന്നണിയിലെ പ്രധാന പാർട്ടികളുടെ അണികളെല്ലാം ഏറ്റെടുത്തതോടെയാണ് സാമൂഹിക ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളെയും പി.ആർ പ്രചാര വേലകളെയും മറികടന്നുള്ള ജനവികാരം ഒപ്പം നിർത്താൻ യു.ഡി.എഫിനെ സഹായിച്ചത്. ഒമ്പതര വർഷമായി സംസ്ഥാന ഭരണത്തിൽ നിന്നും 11 വർഷത്തിലധികമായി കേന്ദ്രഭരണത്തിൽ നിന്നും പുറത്ത് നിൽക്കുന്ന കോൺഗ്രസിന് പ്രത്യേകിച്ചും മുന്നണിക്ക് പൊതുവെയും തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പും ‘ഡു ഓർ ഡൈ’ പോരാട്ടം തന്നെയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫിന് നൽകുന്ന ഊർജം ചെറുതല്ല. ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണ സാധ്യതകളിലേക്കും യു.ഡി.എഫിന് വഴിതുറന്നിടും. നേരത്തെ യു.ഡി.എഫ് വിട്ടുപോയ കേരള കോൺഗ്രസ് എം, ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) കക്ഷികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലേക്കും യു.ഡി.എഫ് കടന്നേക്കും. ഈ രണ്ട് പാർട്ടികളുടെയും ശക്തി കേന്ദ്രങ്ങളായ ജില്ലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ തിരിച്ചുവരവ് ഇതിനുള്ള സാധ്യതകൾ ശക്തിപ്പെടുത്തുമെന്നും യു.ഡി.എഫ് കരുതുന്നു.
ജയം ഉറപ്പിക്കാനായി വാർഡ് വിഭജനത്തിലൂടെ എൽ.ഡി.എഫ് ഇഷ്ടാനുസരണം വാർഡുകളും ഡിവിഷനുകളും വെട്ടിമുറിച്ച തദ്ദേശ സ്ഥാപനങ്ങളിലാണ് യു.ഡി.എഫ് വിജയമെന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫിന് ജയ സാധ്യതയുള്ള പല വാർഡുകളും അശാസ്ത്രീയമായി വെട്ടിമുറിച്ചത് പരാതിയായി തെരഞ്ഞെടുപ്പ് കമീഷനും കോടതിക്ക് മുമ്പിലും എത്തിയെങ്കിലും ഫലമുണ്ടായില്ല.
ഈ പ്രതികൂല സാഹചര്യം കൂടി മറികടന്നാണ് ഗ്രാമ, േബ്ലാക്ക്, ജില്ലാ പഞ്ചായത്തുകൾ, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിങ്ങനെയുള്ള തദ്ദേശ മത്സരത്തിന്‍റെ എല്ലാ തലങ്ങളിലും വ്യക്തമായ ആധിപത്യമുറപ്പിച്ച് യു.ഡി.എഫ് തിരിച്ചുവരവ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

