വാത്തിക്കുടിയിൽ അട്ടിമറി; ഗ്രാമപഞ്ചായത്ത് യു.ഡി.എഫിന്
text_fieldsചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സിന്ധു ജോസിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇലക്ഷൻ കമീഷൻ അയോഗ്യയാക്കിയതിനെത്തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നിലവിലെ കക്ഷി നിലയനുസരിച്ച് എൽ.ഡി. എഫിന് ഭൂരിപക്ഷം ഉള്ളപ്പോഴാണ് കോൺഗ്രസ് പ്രതിനിധി ജോസ്മി ജോർജ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം. യു.ഡി.എഫ് പത്ത്, എൽ. ഡി.എഫ്.ഏഴ്, ഒരു സ്വതന്ത്ര അംഗം എന്നതായിരുന്നു കക്ഷിനില. സ്വതന്ത്ര അംഗം എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു.
യു.ഡി.എഫ് തീരുമാനമനുസരിച്ച് കേരളാ കോൺഗ്രസിലെ സിന്ധു ജോസ് പ്രസിഡന്‍റായെങ്കിലും ധാരണ പ്രകാരം ഒരു വർഷത്തിനു ശേഷം രാജിവെക്കാൻ തയാറാകാതെ എൽ.ഡി.എഫിനൊപ്പം ചേർന്നു. അതിനിടെ കോൺഗ്രസിലെ ടെറിസ രാരിച്ചനും എൽ.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറി.
ഇതോടെ എൽ.ഡി.എഫ് ഒമ്പത്, യു.ഡി. എഫ് എട്ട് എന്നതായിരുന്നു കക്ഷിനില. യു.ഡി.എഫിലെ ഒരംഗം വിദേശത്തായതിനാൽ അവരുടെ അംഗബലം ഏഴായും കുറഞ്ഞു. ഒരു എൽ.ഡി.എഫ് അംഗം തെരഞ്ഞെടുപ്പിന് എത്താതിരിക്കുകയും കോൺഗ്രസിൽ നിന്ന് കൂറുമാറിയ ടെറിസ രാരിച്ചൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയും ചെയ്തതോടെ എട്ട് വോട്ട് നേടി യു.ഡി.എഫ് പ്രതിനിധിയായ ജോസ്മി ജോർജ് വിജയിക്കുകയായിരുന്നു. മൂങ്ങാപ്പാറ വാർഡ് മെമ്പർ സി.പി.എമ്മിലെ സുനിത സജീവ് ആയിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.
പ്രസിഡന്‍റ് സ്ഥാനം മോഹിച്ച ടെറിസ രാരിച്ചൻ അത് കിട്ടില്ലെന്നറിഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് സൂചന. അതേസമയം എൽ.ഡി.എഫിലെ ലൈല മണി വോട്ടെടുപ്പിൽ ഹാജരാകാതിരുന്നത് ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചു. പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് ഇടത് പക്ഷത്തിന്‍റെയും പ്രത്യേകിച്ച് സി.പി എമ്മിന്‍റെയും വിവിധ ഘടകങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നാണ് നിഗമനം. പഞ്ചായത്തിലെ മീറ്റ് സ്റ്റാൾ ലേലം സംബന്ധിച്ച് നേതാക്കൻമാരുടെ പേരുകൾ പരാമർശിച്ച് പണം കൈപ്പറ്റിയതായി പറയുന്ന ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.