സർക്കാറിനെതിരെ ആഞ്ഞടിക്കാൻ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: അഴിമതിയും ധൂർത്തും ഉൾപ്പെടെ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാറിനെതിരെ സമരം ആരംഭിക്കാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനം. മന്ത്രിമാരെ പിരിച്ചുവിടുമെന്ന ഗവർണറുടെ പ്രഖ്യാപനത്തോടുള്ള വിയോജിപ്പും യോഗം പ്രഖ്യാപിച്ചു.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, ധൂർത്ത്, ആഡംബരം, സ്വജനപക്ഷപാതം തുടങ്ങിയ കാരണങ്ങളാൽ രണ്ടാം പിണറായി സർക്കാർ ദുരന്തമായി മാറിയെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തും ആഡംബരവും നടത്തുകയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും ഒരുനടപടിയും സ്വീകരിക്കുന്നില്ല. വിലവർധന പരിഗണിച്ച് സബ്സിഡിയോടെ എല്ലാ വിഭാഗം ആളുകൾക്കും അരി നൽകാൻ സർക്കാർ തയാറാകണം. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളും എൻഡോസൾഫാൻ വിഷയത്തിൽ ദയാബായിയും നടത്തുന്ന സമരങ്ങൾ ഒത്തുതീർക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. വിഴിഞ്ഞത്ത് അദാനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ദയാബായിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 22ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് പൂർണപിന്തുണ പ്രഖ്യാപിച്ചു. മുന്നണിയുടെ ലഹരിവിരുദ്ധ പ്രചാരണത്തിന് കേരളപ്പിറവി ദിനത്തിൽ എറണാകുളത്ത് തുടക്കംകുറിക്കും. ലഹരികടത്തുമായി ബന്ധപ്പെട്ട് മിക്കവാറും അറസ്റ്റിലാകുന്നത് സി.പി.എമ്മുകാർ ആണ്. ദുരാചാരങ്ങൾക്ക് എതിരായ നിയമം ഉടൻ പാസാക്കണം. സിൽവർലൈൻ സാമൂഹികാഘാത പഠനവുമായി മുന്നോട്ടുപോയാൽ സമരം തുടങ്ങും. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉയർത്തി നവംബർ 10ന് രാജ്ഭവന് മുന്നിൽ ധർണ സംഘടിപ്പിക്കും.
കോവിഡിന്‍റെ മറവിൽ നടന്ന പി.പി.ഇ കിറ്റ് ഇടപാടിൽ വൻ അഴിമതി നടന്നു. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകളാണ് ലോകായുക്തക്ക് മുന്നിലുള്ളത്. കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ അഴിമതി നടന്നെന്നതിൽ ഗവർണറോട് യു.ഡി.എഫും യോജിക്കുന്നു. എന്നാൽ, മന്ത്രിമാരെ പിരിച്ചുവിടുമെന്ന ഗവർണറുടെ നിലപാടിനോട് യോജിപ്പില്ല. അത്തരത്തിൽ ഒരു അധികാരവും ഗവർണർക്കില്ല. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ 'ഈഗോ ക്ലാഷ് 'മാത്രമാണുള്ളതെന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

