തദ്ദേശക്കരുത്തിൽ യു.ഡി.എഫ്; നിയമസഭ ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ
text_fieldsതിരുവനന്തപുരം: ഭരണവിരുദ്ധ വികാരം അതിശക്തമെന്ന് അടിവരയിട്ട തദ്ദേശ ജനവിധി പിടിവള്ളിയാക്കി നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് യു.ഡി.എഫ്. സർക്കാറിന്റെ വീഴ്ചകളും അഴിമതി ആരോപണങ്ങളും ജനങ്ങൾക്കിടയിൽ സജീവമായി നിലനിർത്തി ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇടതു മുന്നണിയെ കാര്യമായി പ്രഹരമേൽപിച്ച ശബരിമല സ്വർണക്കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കിയും താഴേത്തട്ടിൽ വിഷയം ചർച്ചയാക്കിയും നിയമസഭയിൽ പിടിമുറുക്കാനാണ് തീരുമാനം. തദ്ദേശ വിധി അവലോകനം ചെയ്യാനും തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച ചെയ്യാനും തിങ്കളാഴ്ച കൊച്ചിയിൽ യു.ഡി.എഫ് യോഗം ചേരും.
തൃക്കാക്കരയിൽ തുടങ്ങി ലോക്സഭയും പിന്നിട്ട് തദ്ദേശത്തിലെത്തി നിൽക്കുന്ന ആധികാരിക തെരഞ്ഞെടുപ്പ് വിജയങ്ങൾ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് മുന്നണിക്ക് പകരുന്നത്.
വാദത്തിന് വേണ്ടി ഉപതെരഞ്ഞെടുപ്പുകളിലെയും ലോക്സഭയിലെയും വിജയം പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങൾ മൂലമുള്ള വിലയിരുത്തലെന്ന് കണക്കാക്കി മാറ്റിനിർത്തിയാൽ തന്നെ, താഴേത്തട്ടിൽ സംഘടന സംവിധാനമുള്ള സി.പി.എമ്മിനെ തദ്ദേശപ്പോരിൽ അട്ടിമറിച്ചത് ജനം കോൺഗ്രസിന് വോട്ട് ചെയ്യാൻ തയാറാണെന്നതിന്‍റെ കൃത്യമായ പ്രഖ്യാപനമാണെന്നാണ് മുതിർന്ന യു.ഡി.എഫ് നേതാവ് പ്രതികരിച്ചത്.
പഞ്ചായത്ത് മുതൽ കോർപറേഷനുകളിൽ വരെ മുന്നണി കൃത്യമായ മേൽക്കൈ സ്വന്തമാക്കിയിട്ടുണ്ട്. ആറ് കോർപറേഷനുകൾ സ്വന്തമായുണ്ടായിരുന്ന ഇടതുമുന്നണിക്ക് ഒരിടത്ത് പോലും വ്യക്തമായ മേൽക്കൈ ഇല്ല. ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങളും നയപരമായ തീരുമാനങ്ങളുമാകും മുന്നണി യോഗത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കൊള്ളയിൽ സി.പി.എമ്മിനെ കടന്നാക്രമിക്കാതെയുള്ള സംയമന നിലപാട് സ്വീകരിച്ച ബി.ജെ.പി ലൈനിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയായിരുന്നു. എന്നാൽ, ഇത് പൊളിക്കാനായെന്നത് യു.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. ശബരിമല യുവതി പ്രവേശന കാലത്ത് ബി.ജെ.പി നടത്തിയ പ്രക്ഷോഭങ്ങൾ 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് സഹായിച്ചത്.
കേന്ദ്ര ഭരണത്തിന്‍റെ തണലുണ്ടായിട്ടും കേരളത്തിൽ പ്രധാന പ്രതിപക്ഷമാകാനുള്ള ബി.ജെ.പി സ്വപ്നങ്ങൾ ഇതോടെ തകർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്വർണക്കൊള്ളയിൽ എൽ.ഡി.എഫിന് പരിക്കേൽക്കാതെയുള്ള നിലപാടിലൂടെ യു.ഡി.എഫിനെ ദുർബലപ്പെടുത്തുകയും ആ സ്ഥാനത്തേക്ക് കടന്നുകയറുകയുമായിരുന്നു ബി.ജെ.പി അജണ്ട.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാവുകയും പിന്നാലെ എൽ.ഡി.എഫിന് സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാവുകയും ചെയ്താൽ യു.ഡി.എഫ് കൂടുതൽ ദുർബലമാകുമെന്നും ഈ സാഹചര്യം തങ്ങൾക്ക് പ്രധാന പ്രതിപക്ഷമാകാൻ മൂലധനമാകുമെന്നുമായിരുന്നു ബി.ജെ.പിയുടെ മനക്കോട്ട. എന്നാൽ, തദ്ദേശ ജനവിധിയിൽ യു.ഡി.എഫ് ഒന്നാമതെത്തിയതോടെ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

