‘മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി. രാജേഷ്, ഒ.ആർ. കേളു എന്നിവർ തോൽക്കും’; 80 സീറ്റ് ഉറപ്പിച്ച് യു.ഡി.എഫ്, തരംഗമുണ്ടായാൽ വൻവിജയം
text_fieldsതിരുവനന്തപുരം: ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫ് മോഹങ്ങൾക്ക് തിരിച്ചടി നൽകാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന സംസ്ഥാനത്ത് തങ്ങൾ 80 സീറ്റുകൾ ഉറപ്പിച്ചുകഴിഞ്ഞെന്നാണ് കീഴ് ഘടകങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ചുള്ള യു.ഡി.എഫ് കണക്കുകൾ. തെക്കൻ കേരളം മുതൽ മലബാർ വരെ യു.ഡി.എഫ് തരംഗം പ്രകടമാണെന്നാണ് ജില്ല കമ്മിറ്റികളിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തൽ. വിജയിക്കുമെന്ന് സി.പി.എം വിലയിരുത്തുന്ന മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ സീറ്റുകൾ യു.ഡി.എഫിന് സ്വന്തമാണെന്നും എൽ.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചുകയറുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടലിൽ തെളിയുന്നത്. ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യു.ഡി.എഫ് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും മുന്നണി വൃത്തങ്ങൾ പറയുന്നു.
തലസ്ഥാനത്ത് കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര മണ്ഡലങ്ങളിൽ യു.ഡി.എഫ് ഉറച്ച വിജയം പ്രതീക്ഷിക്കുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന കാട്ടാക്കടയിൽ നേരിയ ഭൂരിപക്ഷത്തിന് ജയിക്കും. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള നേമത്തും കഴക്കൂട്ടത്തും അട്ടിമറി വിജയം നേടാനാകുമെന്ന് സ്ഥാനാർഥികളായ കെ.എസ്. ശബരീനാഥനും ടി. ശരത്ചന്ദ്രപ്രസാദും കണക്കുകൾ നിരത്തുന്നു. കൊല്ലത്ത് കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തുന്നതിനൊപ്പം കൊല്ലം, ചവറ, കുന്നത്തൂർ എന്നിവ പിടിച്ചെടുക്കും. കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളിൽ കടുത്ത മത്സരമെന്നാണ് വിലയിരുത്തൽ.
കോട്ടയം ജില്ലയിൽ പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി തുടങ്ങി മിക്ക സീറ്റുകളിലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നുണ്ട്. പാലായിൽ മാണി സി. കാപ്പന് തന്നെയാണ് മുൻതൂക്കം. പത്തനംതിട്ട ജില്ലയിൽ കോന്നി ഒഴികെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ഉറച്ച വിജയപ്രതീക്ഷ പുലർത്തുന്നു. മുന്നണിയുടെ കണക്കുകൂട്ടലിൽ മന്ത്രി വീണാ ജോർജിന്റെ പരാജയം സുനിശ്ചിതം.
ഇടുക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ട മുന്നേറ്റം നിയമസഭയിലും ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെടും. മന്ത്രിസഭയിലെ പ്രമുഖർക്കെതിരെ ജനവികാരം ഉണ്ടായതായാണ് യു.ഡി.എഫ് ഘടകങ്ങളുടെ റിപ്പോർട്ടുകൾ. ദേവികുളത്ത് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന എസ്. രാജേന്ദ്രൻ ഇടതുവോട്ടുകൾ അടർത്തിയെടുത്താൽ ജയം നേടാനാകുമെന്നും കണക്കുകൂട്ടൽ.
ആലപ്പുഴയിൽ ഇടതുവിമതനായി മത്സരിച്ച ജി. സുധാകരൻ അമ്പലപ്പുഴയിൽ അട്ടിമറി വിജയം നേടുമെന്നതാണ് ശ്രദ്ധേയമായ വിലയിരുത്തൽ. ഹരിപ്പാട് രമേശ് ചെന്നിത്തലയിലൂടെ മണ്ഡലം നിലനിർത്തുന്നതിനൊപ്പം കായംകുളത്ത് ശക്തമായ പോരാട്ടമാണ് നടന്നത്. അരൂരും കുട്ടനാട്ടും ഉറച്ച വിജയപ്രതീക്ഷയുണ്ട്.
എറണാകുളത്ത് കളമശ്ശേരി ഒഴികെയുള്ള 13 സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ് ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന്റെ നിഗമനം. കടുത്ത മത്സരം നടന്ന തൃപ്പൂണിത്തുറ, വൈപ്പിൻ, കൊച്ചി, കോമംഗലം മണ്ഡലങ്ങളിലും മുന്നണിയുടെ കണക്കുകൂട്ടലിൽ തെളിയുന്നത് ജയം തന്നെയാണ്.
യു.ഡി.എഫ് വിലയിരുത്തലിൽ വടക്കൻ കേരളത്തിൽ മന്ത്രിമാർക്ക് പരാജയ ഭീഷണിയുണ്ട്. പാലക്കാട് തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് പരാജയപ്പെടുമെന്നാണ് യു.ഡി.എഫ് കണക്കുകൾ. പാലക്കാട് രമേഷ് പിഷാരടിയുടെ ഭൂരിപക്ഷം പതിനായിരത്തിലധികമാവാം. വയനാട് മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിന് പരാജയപ്പെടും. ജില്ലയിലെ മൂന്ന് സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
മലപ്പുറം ജില്ലയിൽ സമ്പൂർണ വിജയം നേടുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ശക്തമായ മത്സരമുള്ളത് പൊന്നാനിയിലും തവനൂരും മാത്രം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വടകര, കൊയിലാണ്ടി, നാദാപുരം, കൊടുവള്ളി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ ജയിക്കുമെന്നാണ് യു.ഡി.എഫ് ഘടകങ്ങളുടെ റിപ്പോർട്ട്. മത്സരം മുറുകിയ തിരുവമ്പാടിയിലും വിജയസാധ്യതയുണ്ട്. തരംഗമുണ്ടായാൽ പേരാമ്പ്ര, കുന്ദമംഗലം, കോഴിക്കോട് നോർത്ത് എന്നിവക്കുപുറമെ മന്ത്രി മുഹമ്മദ് റിയാസ് എതിരാളിയായ ബേപ്പൂരും ജയിച്ചുകയറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.
കണ്ണൂരിൽ പേരാവൂരും ഇരിക്കൂറും നിലനിർത്തുന്നതിനൊപ്പം കണ്ണൂർ മണ്ഡലം പിടിച്ചെടുക്കും. അഴീക്കോടും കൂത്തുപറമ്പിലും മത്സരം പ്രവചനാതീതം. കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, കാസർകോട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ഉറച്ച വിജയപ്രതീക്ഷ. ശക്തമായ മത്സരം നടക്കുന്ന ഉദുമയിലും ജയസാധ്യതയുണ്ടെന്നാണ് യുഡിഎഫ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

