ഇടതുകോട്ട തകർന്നു; ചേലക്കരയിലെ കുറുമലയിൽ യു.ഡി.എഫിന് അട്ടിമറി ജയം
text_fieldsതൃശൂർ: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ മികച്ച നേട്ടവുമായി യു.ഡി.എഫ്. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാർഡുകളിൽ ചേലക്കരയിലെ അട്ടിമറി വിജയമടക്കം മൂന്നിടത്ത് യു.ഡി.എഫ് കരുത്തുകാട്ടി. രണ്ടിടത്ത് മാത്രമാണ് എൽ.ഡി.എഫിന് വിജയിക്കാനായത്. മിന്നും വിജയത്തിന് പിന്നാലെ ജില്ലയിലുടനീളം യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി.
ചാലക്കുടിയിലും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷനിലും സിറ്റിങ് സീറ്റുകൾ നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചു. എന്നാൽ, വലിയ വിജയപ്രതീക്ഷ ഇല്ലാതിരുന്ന ചേലക്കരയിലെ എൽ.ഡി.എഫ് സിറ്റിങ് സീറ്റ് പിടിച്ചെടുത്തതാണ് യു.ഡി.എഫിന് ഇരട്ടിമധുരമായത്. എൽ.ഡി.എഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന സീറ്റിലേറ്റ അപ്രതീക്ഷിത തിരിച്ചടി അവർക്ക് കനത്ത നിരാശയായി. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽ ഈ ഫലങ്ങൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ചേലക്കരയിൽ വർഷങ്ങളായി എൽ.ഡി.എഫിന് വലിയ പ്രാധിനിത്യമുള്ള ഒരു സ്ഥലം കൂടിയാണ് കുറുമല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ എൽ.ഡി.എഫിന് വലിയ വിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞിടത്തുനിന്നാണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്. അതേസമയം, ജില്ലയിലെ തളിക്കുളത്തും വെള്ളാങ്കല്ലൂരും എൽ.ഡി.എഫ് വിജയം കണ്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടാക്കിയ വൻമുന്നേറ്റം താഴേത്തട്ടിലുള്ള തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനായത് യു.ഡി.എഫ് ക്യാമ്പുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ജനപിന്തുണ താഴേത്തട്ടിലും നിലനിർത്താൻ കഴിഞ്ഞത് മുന്നണിക്ക് വരും തെരഞ്ഞെടുപ്പുകളിലും ആവേശം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

