ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്; ‘നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകും’
text_fieldsനിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത് 15,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ഫലം 2026ലെ ഉജ്ജ്വല വിജയത്തിലേക്കുള്ള തുടക്കമാകുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയമായ വിഷയങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. സര്‍ക്കാറിന്റെ 9 വര്‍ഷത്തെ ഭരണത്തെ ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യാനാണ് യു.ഡി.എഫ് ശ്രമിച്ചത്. ജനങ്ങളെ ബാധിക്കുന്ന ഏഴ് പ്രധാന ചോദ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് നേതാക്കളോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ രീതിയിലുള്ള പ്രചരണമാണ് സി.പി.എമ്മും എല്‍.ഡി.എഫും നടത്തിയത്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത കേരളത്തില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് നേതാക്കളും ശ്രമിച്ചത്. ആ വര്‍ഗീയത നിലമ്പൂരിന്റെ മണ്ണില്‍ വിലപ്പോകില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനം നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഭൂരിപക്ഷ പ്രീണനവുമായി ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്‍മാരെ സന്തോഷിപ്പിക്കാനുള്ള സംഘ്പരിവാര്‍ നറേറ്റീവ് സി.പി.എം ആവര്‍ത്തിച്ചത്. പിറവം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിണറായി വിജയന്‍ പറഞ്ഞത് തിരുകേശത്തെ കുറിച്ചാണ്. പ്രവാചകന്റെയാണെങ്കിലും സാധാരണക്കാരുടേതാണെങ്കിലും മുടിയും നഖവും ബോഡ് വേറ്റാണെന്നതായിരുന്നു പിണറായി പറഞ്ഞത്. എന്നാല്‍ ഇവിടെ അത് പറയില്ല.
2004ന് ശേഷം സി.പി.എം മലപ്പുറത്ത് നടത്തിയ സമ്മേളനത്തിന്റെ പ്രചരിണത്തിനു വേണ്ടി സദ്ദാം ഹുസൈന്റെയും യാസര്‍ അറാഫത്തിന്റെയും ഖാസി തങ്ങളുടെയും ആലി മുസലിയാരുടെയും ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഇവര്‍ക്കൊന്നും സി.പി.എമ്മുമായി ഒരു ബന്ധവുമില്ല. കൊല്ലത്ത് സമ്മേളനം നടത്തിയപ്പോള്‍ ശ്രീനാരായണ ഗുരുദേവന്റേതായി. തിരുവനന്തപുരത്ത് ചെന്നപ്പോള്‍ മന്നത്ത് പദ്മനാഭനും ചട്ടമ്പി സ്വാമികളുമായി.
കോട്ടയത്ത് എത്തിയപ്പോള്‍ ഒരു സ്ഥലത്ത് മന്നത്ത് പദ്മനാഭനും ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മദര്‍ തെരേസയുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചു. ഇതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ രീതി. അതാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. വര്‍ഗീയത സൗകര്യത്തിന് അനുസരിച്ച് സി.പി.എം ഇറക്കുകയാണ്. എന്നാല്‍ അത് നിലമ്പൂരില്‍ വിലപ്പോകില്ല. സര്‍ക്കാറിന്റെ ദുര്‍ഭരണത്തിന്റെ ഇരകളില്ലാത്ത ഒരു വീടു പോലുമില്ല. എങ്ങനെയെങ്കിലും ഈ സര്‍ക്കാറിനെ ഒന്ന് താഴെയിറക്കിയാല്‍ മതിയെന്നാണ് സാധരണക്കാര്‍ പറയുന്നത്.
വന്യജീവി ആക്രമണം ഉള്‍പ്പെടെയുള്ള വിഷയങ്ങളും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും ആശാവര്‍ക്കര്‍മാരുടെ കാര്യങ്ങളും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പരിപാടികളും ആരോഗ്യ മേഖലയിലെ കാരുണ്യ പദ്ധതിയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് വെറുതെ ഉയര്‍ത്തിയതല്ല. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ എല്ലാ സങ്കടങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്ന് കേരളത്തിലെയും നിലമ്പൂരിലെയും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. കേരളത്തിന്റെ ധനപ്രതിസന്ധിയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും പരിഹരിക്കും.
മലയോര മേഖലയിലെ ജനങ്ങളെ യു.ഡി.എഫ് ചേര്‍ത്ത് നിര്‍ത്തും. ഈ സര്‍ക്കാരിന് കഴിഞ്ഞ 9 വര്‍ഷമായി കഴിയാത്ത നിരവധി പ്രശ്‌നങ്ങള്‍ യു.ഡി.എഫ് വെറുതെ രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി മാത്രം ഉയര്‍ത്തിയതല്ലെന്നാണ് ഞങ്ങള്‍ക്ക് ജനങ്ങളോട് പറയാനുള്ളത്. 2026ലെ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടണമെങ്കില്‍ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിക്ക് നല്ല ഭൂരിപക്ഷമുണ്ടാകണം. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിന് വേണ്ടി മാത്രമല്ല, 2026ലെ ഉജ്ജ്വലമായ വിജയത്തിലേക്ക് തുടക്കം കുറിക്കേണ്ടത് നിലമ്പൂരില്‍ നിന്നാണ്. ഇതൊരു രാഷ്ട്രീയ യുദ്ധമാണ്. ഈ രാഷ്ട്രീയ യുദ്ധത്തില്‍ യു.ഡി.എഫിനെ വിജയിപ്പിച്ച് ജനങ്ങളുടെ കണ്ണീരും സങ്കടങ്ങളും മാറ്റാന്‍ വേണ്ടിയുള്ള തുടക്കം നല്‍കണമെന്നാണ് ജനങ്ങളോട് അഭ്യർഥിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിന് കൈ അടയാളത്തില്‍ വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണം.
ഏത് സ്ഥാനാർഥിക്കും ആരുടെയും വീട്ടില്‍ പോകാനുള്ള അവകാശമുണ്ട്. മൂവര്‍ണ പതാക പുതച്ചാണ് പ്രകാശ് യാത്രയായതെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസായിരിക്കുമെന്നുമാണ് വി.വി. പ്രകാശിന്റെ ഭാര്യ സ്മിത പറഞ്ഞത്. വി.എസ്. ജോയി ഉള്‍പ്പെടെ ഒരു നേതാക്കളുടെ വീട്ടിലും ആര്യാടന്‍ ഷൗക്കത്ത് പോയിട്ടില്ല. ഞങ്ങളുടെ സ്ഥാനാര്‍ഥി എവിടെയൊക്കെ പോകണമെന്ന് ദേശാഭിമാനി തീരുമാനിക്കേണ്ട. സര്‍ക്കാറിനെതിരായ വിഷയങ്ങളില്‍ നിന്നും വഴിതെറ്റിക്കാനാണ് കൈരളിയും ദേശാഭിമാനിയും ശ്രമിക്കുന്നത്. നാടിനെ ദുരിതത്തിലാക്കിയ സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനങ്ങള്‍ വിധിയെഴുതുന്നത്. മാധ്യമങ്ങള്‍ ചെയ്യുന്ന ചര്‍ച്ചയല്ല. ജനങ്ങള്‍ ചെയ്യുന്നത്. പതിനയ്യായിരം വോട്ടില്‍ കുറയാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. എന്നാല്‍ സര്‍ക്കാറിന് എതിരായ പ്രതിഷേധത്തിന്റെ ആഴം ഭൂരിപക്ഷം ഇതിലും വര്‍ധിപ്പിക്കുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന്റെ പരാജയത്തിന്റെ പ്രതീകമാണ് -പി.കെ കുഞ്ഞാലിക്കുട്ടി
യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചാല്‍, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെയാണ് അധികാരത്തില്‍ വരിക എന്നുള്ളതിന്റെ സൂചനയായിരിക്കും ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫിന്റെ പരാജയത്തിന്റെ പ്രതീകമാണ്. എല്‍.ഡി.എഫ് ഭരണത്തിന്റെ പേരായ്മകള്‍ ഉയര്‍ത്തിപ്പിടിച്ച് അവരുടെ തന്നെ എം.എല്‍.എ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. അതേ ഇടതുപക്ഷത്തിന് തന്നെ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ഒരു അവസരം കൂടി നല്‍കുന്നതില്‍ ഒരു അര്‍ഥവും ഇല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.
മലയോരത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളും വികസനവും ദേശീയപാത തകര്‍ന്നു വീണതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി മറ്റു വിഷയങ്ങള്‍ ചര്‍ച്ചയാക്കാനാണ് എല്‍.ഡി.എഫ് ശ്രമിച്ചത്. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. സംസ്ഥാനത്ത് ഒന്നിനും പണമില്ല. ആശാവര്‍ക്കര്‍മാര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് പറയുമ്പോള്‍ ഒരു സര്‍ക്കാറിന് പണമുണ്ടാക്കന്‍ കഴിയേണ്ടേ? പണം ഉണ്ടാക്കാന്‍ കഴിയണം. മൃഗങ്ങള്‍ വരുമ്പോള്‍ വേലി കെട്ടന്‍ പണമില്ലെന്ന് പറയുന്നതില്‍ എന്തുകാര്യമാണുള്ളത്. ഇതിനെല്ലാമുള്ള ബദല്‍ യു.ഡി.എഫിനുണ്ട്. ഇക്കാര്യങ്ങളൊക്കെ ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതാണ് ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന ആത്മവിശ്വാസത്തിന് കാരണം. നിലമ്പൂരിലേത് സാമ്പിള്‍ വെടിക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യു.ഡി.എഫ് പറഞ്ഞ രാഷ്ട്രീയത്തിനൊപ്പമാണ് നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കുന്നത് - സണ്ണി ജോസഫ്
യു.ഡി.എഫ് പറഞ്ഞ രാഷ്ട്രീയത്തിനൊപ്പമാണ് നിലമ്പൂരിലെ ജനങ്ങള്‍ നില്‍ക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണമായി തകര്‍ന്നു. റബറിന് 250 രൂപയാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം ഈ സര്‍ക്കാര്‍ മറന്നിരിക്കുകയാണ്. വന്യമൃഗ ശല്യത്തിലും സര്‍ക്കാറിന്റെ അവഗണനയും നിസംഗതയും പ്രകടമാണ്. നാല് അടിയന്തര പ്രമേയങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തില്ല. എം.എല്‍.എമാരുടെ യോഗം വിളിക്കണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ല.
അനന്തു എന്ന വിദ്യാര്‍ഥിയുടെ മരണത്തെ പോലും രാഷ്ട്രീയവത്ക്കരിക്കാനും യു.ഡി.എഫ് ഗൂഡാലോചനയാണെന്നു വരുത്താനുമാണ് മന്ത്രി ശ്രമിച്ചത്. മന്ത്രി പ്രസ്താവന തിരുത്തിയിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി അത് പിന്‍വലിക്കാനോ തിരുത്താനോ തായാറായിട്ടില്ല. എല്‍.ഡി.എഫിന്റെ ഇരട്ടത്താപ്പും ജനവിരുദ്ധ നയങ്ങളും മലപ്പുറത്തെ അപമാനിക്കാന്‍ ശ്രമിച്ചതുമൊക്കൊയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. ആശാവര്‍ക്കര്‍മാര്‍ക്ക് പത്ത് രൂപ കൂട്ടിക്കൊടുക്കാത്തവരാണ് പി.എസ്.സി ചെയര്‍മാന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സിയുടെ പ്രതിഫലവും വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് നിലമ്പൂരിലെ ജനങ്ങള്‍ക്കറിയാമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

