Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സംപൂജ്യ’...

‘സംപൂജ്യ’ പത്തനംതിട്ടയിൽ വിത്തെറിഞ്ഞ് യു.ഡി.എഫ്

text_fields
bookmark_border
‘സംപൂജ്യ’ പത്തനംതിട്ടയിൽ വിത്തെറിഞ്ഞ് യു.ഡി.എഫ്
cancel

ഒരു സംവരണ സീറ്റ് ഉൾപ്പെടെ ജില്ലയിൽ ആകെ അഞ്ച് മണ്ഡലങ്ങൾ. എൽ.ഡി.എഫിൽ സി.പി.എം-2, സി.പി.ഐ-ഒന്ന്, ഐ.എസ്.ജെ.ഡി-ഒന്ന്, കേരള കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും സീറ്റ് വിഭജനം. യു.ഡി.എഫിൽ കോൺഗ്രസ്-4, കേരള കോൺഗ്രസ് (ജോസഫ്)-ഒന്ന് എന്ന നിലയിലുമാണ് സീറ്റു വിഭജനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് സീറ്റിലും എൽ.ഡി.എഫിനായിരുന്നു വിജയം. എന്നാൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അഞ്ചിടത്തും യു.ഡി.എഫിനാണ് ലീഡ് ലഭിച്ചത്.

ജില്ലയിൽ ഇത്തവണ തീപാറും മൽസരംനടക്കും എന്ന് കരുതുന്ന മണ്ഡലമാണ് ആറൻമുള. മൂന്ന് മുന്നണികൾക്കും നല്ല വളക്കൂറുള്ള മണ്ണായതിനാൽ അഭിമാനപ്പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയമില്ല. സിറ്റിങ് സീറ്റിൽ മന്ത്രി വീണാ ജോർജ് മൂന്നാം ഊഴത്തിനായി ഇറങ്ങുന്നു. കോൺഗ്രസിലെ യുവനേതാവും മുന്നണി നിലപാടുകൾ വിശദീകരിക്കുന്നതിൽ അഗ്രഗണ്യനുമായ അബിൻ വർക്കിയെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നിയോഗിച്ചത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പി പരീക്ഷിക്കുമ്പോൾ മണ്ഡലത്തിൽ മൽസരം ഇത്തവണ തീപാറും.

ജില്ലയിൽ മൽസരചിത്രം ആദ്യം വ്യക്തമായ മണ്ഡലമാണ് തിരുവല്ല. എൽ.ഡി.എഫിന്‍റെ സിറ്റിങ് എം.എൽ.എ മാത്യു ടി. തോമസ് തുടർച്ചയായ അഞ്ചാം തവണ ജനവിധി തേടുന്നു. യു.ഡി.എഫിൽ ജില്ലയിൽ ഘടകകക്ഷിക്കുള്ള ഏക സീറ്റായ ഇവിടെ കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ അഡ്വ. വർഗീസ് മാമ്മനാണ് സ്ഥാനാർഥി. എൻ.ഡി.എയിൽ ബി.ജെ.പി മൽസരിക്കുന്ന ഇവിടെ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്‍റണിയാണ് സ്ഥാനാർഥി. മൂന്നു മുന്നണികൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ കടുത്ത മൽസരത്തിനാണ് കളമൊരുങ്ങുന്നത്.

മുമ്പ് യു.ഡി.എഫിന്‍റെ ശക്തികേന്ദ്രമായിരുന്ന റാന്നി സീറ്റ് രാജു എബ്രഹാമിലൂടെ എൽ.ഡി.എഫ് പക്ഷത്തെത്തി. പിന്നീട് ഇതുവരെയും തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല. എൽ.ഡി.എഫിൽ സിറ്റിങ് എം.എൽ.എ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരയണൻ വീണ്ടും ജനവിധി തേടുന്നു. സംഘടനാ രംഗത്ത് പടിപടിയായി ഉയർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയ കോൺഗ്രസിലെ പഴകുളം മധുവിനെയാണ് മണ്ഡലത്തിൽ യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. എൻ.ഡി.എയിൽ കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് മത്സരിച്ച ഈ സീറ്റ് ഇത്തവണ ബി.ജെ.പി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് വന്നപ്പോൾ സീറ്റ് 20-20 ക്കാണ്. ചെറുകിട വ്യവസായിയായ തോമസ് കെ. ശാമുവേലാണ് എൻ.ഡി.എ സ്ഥാനാർഥി.

അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴുണ്ടായ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിലൂടെ എൽ.ഡി.എഫ് നീണ്ട ഇടവേളക്കുശേഷം തിരിച്ചുപിടിച്ച മണ്ഡലമാണ് കോന്നി. സിറ്റിങ് എം.എൽ.എ എൽ.ഡി.എഫിലെ ജനീഷ് കുമാർ മൂന്നാം വട്ടമാണ് മൽസരരംഗത്ത്. കോൺഗ്രസ് ജില്ല അധ്യക്ഷൻകൂടിയായ സതീഷ് കൊച്ചുപറമ്പിലിനെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കാനാണ് യു.ഡി.എഫ് നീക്കം. ജില്ലയിലെ മുതിർന്ന നേതാവായ ഇദ്ദേഹത്തിന്‍റെ കന്നി മൽസരമാണ്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസിനാണ് ഇത്തവണയും സീറ്റ്. മണ്ഡലത്തിൽ പരിചിതനായ ടി.പി സുന്ദരേശനാണ് സ്ഥാനാർഥി.

ജില്ലയിലെ ഏക സംവരണ സീറ്റാണ് അടൂർ. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ സിറ്റിങ് സീറ്റിൽ യുവ വനിതാ സ്ഥാനാർഥി പ്രിജി കണ്ണനെയാണ് എൽ.ഡി.എഫിനുവേവണ്ടി സി.പി.ഐ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. വിവിധ പേരുകൾ പരിഗണിച്ചശേഷം അഡ്വ. ശാന്തകുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് എതാനും വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പിയിലെത്തിയ അഡ്വ. പന്തളം പ്രതാപനെയാണ് എൻ.ഡി.എ ഇവിടേക്ക് നിശ്ചയിച്ചിട്ടുള്ളത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaelection campaignUDFKerala Assembly Election 2026
News Summary - UDF Satrted Election Campaign in Pathanamthitta
Next Story