ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല -കെ.സി. വേണുഗോപാൽ
text_fieldsകോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് മർദിച്ചതിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് യുഡി.എഫ്. ഷാഫി പറമ്പിലിനെ സി.പി.എം വേട്ടയാടുകയാണെന്നും ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് ആയാലും കോൺഗ്രസ് ആയാലും വിട്ടുകൊടുക്കില്ലെന്നും പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ഡി.വൈ.എസ്.പി സുനിലിനെ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. പാർലമെന്‍റ് അംഗത്തിന്‍റെ ദേഹത്ത് കൈവെക്കാൻ പൊലീസുകാരന് കഴിയുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ യു.ഡി.എഫ് മാർച്ചിനിടെ ഷാഫി പറമ്പിലിനെ മർദിച്ച് മൂക്കിന്‍റെ എല്ല് പൊട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പേരാമ്പ്രയിൽ യു.ഡി.എഫ് പ്രതിഷേധ കൂട്ടായ്മക്കിടെയും സംഘര്‍ഷമുണ്ടായി. പരിപാടിയിലേക്ക് കെ.സി. വേണുഗോപാൽ എം.പി വരുന്നതിനിടെ പ്രവർത്തകർ മുദ്രാവാക്യവുമായി പൊലീസിനെതിരെ തിരിയുകയായിരുന്നു. എം.പിയെ തല്ലിയ പൊലീസിന്‍റെ സുരക്ഷ വേണ്ടെന്ന് പറഞ്ഞ് കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ വളഞ്ഞു. തുടർന്ന് പൊലീസിനെതിരെ ഉന്തും തള്ളുമുണ്ടായി. വലിയ പൊലീസ് സന്നാഹത്തെയാണ് പേരാമ്പ്രയിൽ വിന്യസിച്ചിരിക്കുന്നത്.
ഷാഫി പറമ്പിലിന്റെ ചോരക്ക് പ്രതികാരം ചോദിക്കും- വി.ഡി സതീശൻ
തിരുവനന്തപുരം: ഷാഫി പറമ്പിലിന്റെ ചോരക്ക് പ്രതികാരം ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസുകാര്‍ എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം പറ്റുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. ഗൂഢാലോചനക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണം. പൊലീസ് മനപൂര്‍വം ഷാഫിയെ തെരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നു. എല്ലാ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കണമെന്ന സര്‍ക്കാര്‍ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് ക്രൂരമർദനം അഴിച്ചുവിട്ടത്. ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രക്ഷിക്കാനാണ് ഇത്തരം നടപടികളെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തിയായി പ്രതികരിക്കും. പൊലീസ് ബോധപൂർവമാണ് ജാഥ തടഞ്ഞ് പ്രകോപനമുണ്ടാക്കിയത്. ഇരുനൂറോളം സി.പി.എമ്മുകാര്‍ക്ക് കടന്നു പോകാൻ മൂവായിരത്തോളം വരുന്ന യു.ഡി.എഫിന്റെ ജാഥ പൊലീസ് തടയുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്കാണ് മർദനമേറ്റത്. ഒരു പ്രവര്‍ത്തകന്റെ കണ്ണിന്റെ കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണ് -സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കൊച്ചിയിൽ കരിങ്കൊടി
മട്ടാഞ്ചേരി: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ നഗരത്തിന്‍റെ പല ഭാഗങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ കരിങ്കൊടി, കരി ഓയിൽ പ്രതിഷേധം. ഷാഫി പറമ്പിൽ എം.പിക്ക് നേരെ കോഴിക്കോട് പേരാമ്പ്രയിലുണ്ടായ പൊലീസ് അതിക്രമത്തിനെതിരായിട്ടായിരുന്നു പ്രതിഷേധം. കൊച്ചി വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ മട്ടാഞ്ചേരിയിലും ഫോർട്ട് കൊച്ചിയിലും കോൺഗ്രസ് പ്രവർത്തകർ സ്വന്തം വസ്ത്രങ്ങളിൽ കരി ഓയിൽ ഒഴിച്ച് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഫോർട്ടുകൊച്ചിയിൽ മുഖ്യമന്ത്രിയുടെ കാർ റോ-റോയിൽ നിന്ന് റോഡിലേക്ക് ഇറക്കിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി ചാടി വീണത്. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ബ്ലോക്ക് പ്രസിഡൻറ് പി.പി.ജേക്കബ്, ഫ്രാൻസിസ്, പി.എച്ച് അനീഷ് തുടങ്ങിയവർ ഇവിടെ അറസ്റ്റിലായി.
മട്ടാഞ്ചേരിയിലെ പരിപാടിക്ക് ശേഷം എറണാകുളം ഗെസ്റ്റ് ഹൗസിലേക്ക് വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെയും യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ഗെസ്റ്റ് ഹൗസിൽ എത്തുന്നതിന് 100 മീറ്റർ മുമ്പ് സെന്‍റ് തെരെസാസ് കോളജിന് മുൻ വശത്ത് വെച്ചാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചത്. ഇവരെയും അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

