തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡിഎഫ് നീക്കം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യു.ഡിഎഫ്. നീക്കം. ഭരണസ്തംഭനംചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത്. ഇതിൽ എൽ.ഡി.എഫ് നിലപാട് നിർണായകമാകും. ഈ മാസം 29ന് ചേരുന്ന കൗൺസിൽ യോഗത്തിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ ഒരു സ്വതന്ത്രൻ്റെ പിന്തുണയോടെ 51 അംഗങ്ങൾ ആണ് ബി.ജെപിക്കുള്ളത്. എൽ.ഡി.എഫിന് 29 ഉം യു.ഡി.എഫിന് 20 അംഗങ്ങളുമാണ് ഉള്ളത്.ഒരു സ്വതന്ത്രൻ കോൺഗ്രസ് വിമതനായി ജയിച്ചതാണ്. അവിശ്വാസം കൊണ്ടു വരുമ്പോൾ എൽ.ഡിഎഫ് നിലപാട് നിർണായകമാവും.
അതേസമയം തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ ഇരുവിഭാഗത്തിനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.ആർ.സുഗതന്‍റെ രാജി ആവശ്യപ്പെട്ടും സത്യപ്രതിജ്ഞാ ചട്ട ലംഘനം നടത്തിയെന്നാരോപിച്ചും മേയർക്കെതിരെ എൽ.ഡി.എഫ് നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സംഭവത്തിൽ എൽ.ഡി.എഫ് കൗൺസിലർ സിന്ധു ശശിയുടെ പരാതിയിൽ മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെയും ബി.ജെ.പി കൗൺസിലർ ശ്രുതിയുടെ പരാതിയിൽ വഞ്ചിയൂർ ബാബു, മുൻ മേയർ ശ്രീകുമാർ, എസ്.പി ദീപക് എന്നിവർക്കെതിരെ കേസെടുത്തു.
സംഘർഷത്തിൽ സി.പി.എമ്മിന്‍റെ കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയുടെ തലപൊട്ടി നാലു തുന്നലുണ്ട്. മേയർ വി.വി രാജേഷിന്‍റെ കാലിന് പ്ലാസ്റ്ററിട്ടു. ദൈവങ്ങളുടെയും ബലി ദാനികളുടെയും നാമത്തിൽ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ സംഭവത്തിൽ കോർപ്പറേഷനിലെ 19 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം വീണ്ടും നടന്നു. കാപ്പാ കേസ് പ്രതി സുഗതൻ ഒഴികെ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചക്കകം ചട്ടപ്രകാരം സത്യ പ്രതിജ്ഞ ചെയ്തില്ലെങ്കിൽ കൗൺസിൽ അംഗത്വം നഷ്ടപ്പെടുമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

