നിയമസഭയിലെ യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹം താൽകാലികമായി നിർത്തി; 29ന് പുനഃരാരംഭിക്കും
text_fieldsതിരുവനന്തപുരം: കുന്നംകുളത്തെ പൊലീസ് അതിക്രമത്തില്‍ പ്രതികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാരായ സനീഷ് കുമാര്‍ ജോസഫും എ.കെ.എം. അഷറഫും നിയമസഭ കവാടത്തിൽ നടത്തി വന്ന അനിശ്ചിതകാല സത്യഗ്രഹം താൽകാലികമായി അവസാനിപ്പിച്ചു. സഭനടപടികള്‍ വെള്ളിയാഴ്ച താൽകാലികമായി അവസാനിച്ച സാഹചര്യത്തിലാണ് നാല് ദിവസമായി തുടർന്ന സമരവും നിർത്തിയത്.
ഇനി 29നാണ് നിയമസഭ സമ്മേളിക്കുക. സമരം കൂടുതൽ ശക്തമായ സ്വഭാവത്തിൽ പുനഃരാരംഭിക്കാനാണ് പ്രതിപക്ഷ തീരുമാനമെന്നാണ് വിവരം. എം.എൽ.എമാർ ഇത്രയും ദിവസം സഭ കവാടത്തിൽ സമരം ചെയ്തിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച പ്രതിപക്ഷം സഭനടപടികൾ ബഹിഷ്കരിച്ചിരുന്നു.
നേരത്തെ, അടിയന്തര പ്രമേയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ പ്രതിപക്ഷം ശ്രദ്ധ ക്ഷണിക്കലിനും സബ്മിഷനും മടങ്ങിയെത്തിയിരുന്നു. പിന്നീട് സ്വകാര്യ ബിൽ ചർച്ചയിലേക്ക് കടന്ന വേളയിലാണ് സഭനടപടികൾ ബഹിഷ്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. പിന്നാലെ പ്രകടനമായി പുറത്തേക്കിറങ്ങി.
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മർദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടുന്നതുവരെ നിയമസഭക്കുള്ളിലും പുറത്തും സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഈ വിഷയത്തില്‍ കേരളം വലിയ സമരങ്ങളിലേക്ക് പോകുമെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

