മുതിർന്നവർക്കായി പ്രത്യേക വകുപ്പ്, സ്ത്രീകൾക്ക് കെ.എസ്.ആര്‍.ടി.സിയിൽ സൗജന്യ യാത്ര; വൻ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്‍റികൾക്കാണ് യു.ഡി.എഫ് പ്രകടനപത്രികയില്‍ മുൻഗണന.
നിലവിലെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കും. പെൻഷൻ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കും. റബർ താങ്ങുവില 300 രൂപയാക്കി ഉയർത്തും, ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി വർധിപ്പിക്കും, ജനങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാ കാന്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്ന വാഗ്ദാനവും പത്രികയിലുണ്ട്. കൂടാതെ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ ഓർമക്കായി കാമ്പസുകളിൽ റാഗിങ് തടയുന്നതിന് പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു.
സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര
അധികാരത്തിൽ വന്നാൽ കേരളത്തിലുടനീളം കെ.എസ്.ആര്‍.ടി.സി ബസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് യു.ഡി.എഫ് ഉറപ്പുനൽകുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാർ വിജയകരമായി നടപ്പിലാക്കിയ 'ശക്തി' പദ്ധതിയുടെ മാതൃകയിലാണ് കേരളത്തിലും ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും യാത്രാച്ചെലവ് ലാഭിക്കുന്നതിലൂടെ വലിയൊരു സാമ്പത്തിക ആശ്വാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് മുന്നണി അവകാശപ്പെടുന്നു.
കോളജ് വിദ്യാർഥികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം
കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഓരോ മാസവും 1,000 രൂപ വീതം ധനസഹായം നൽകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കാനും അവരുടെ ദൈനംദിന പഠനച്ചെലവുകൾക്ക് (യാത്ര, പുസ്തകങ്ങൾ തുടങ്ങിയവ) ആശ്വാസം നൽകാനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സഹായത്തിന് പുറമെ, സ്വന്തമായി സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പയും യു.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ധിപ്പിക്കും
നിലവിൽ നൽകിവരുന്ന സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന് യു.ഡി.എഫ് ഉറപ്പുനൽകുന്നു. കഴിഞ്ഞ കാലയളവിൽ മുടങ്ങിക്കിടക്കുന്ന പെൻഷൻ കുടിശ്ശികകൾ അധികാരത്തിൽ വന്നാലുടൻ ഗുണഭോക്താക്കൾക്ക് എത്തിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പെൻഷൻ വിതരണത്തിൽ ഉണ്ടാകുന്ന താമസം ഒഴിവാക്കി, എല്ലാ മാസവും കൃത്യസമയത്ത് ഗുണഭോക്താക്കളുടെ കൈകളിൽ പണം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് മുന്നണിയുടെ വാഗ്ദാനം. വർധിച്ചുവരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് മുതിർന്ന പൗരന്മാർക്കും മറ്റ് അർഹരായവർക്കും മാന്യമായ ജീവിതസാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാം കുടുംബങ്ങള്‍ക്കും സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഈ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. ഗുരുതരമായ രോഗങ്ങൾക്കും ശസ്ത്രക്രിയകൾക്കും ഉൾപ്പെടെ ഉയർന്ന തുക ചികിത്സക്കായി ചിലവാകുന്ന സാധാരണക്കാർക്ക് ഈ പദ്ധതി വലിയൊരാശ്വാസമാകും.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
മുതിർന്ന പൗരന്മാരുടെ ക്ഷേമം, സംരക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാരിന് കീഴിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും. നിലവിൽ വിവിധ വകുപ്പുകൾക്ക് കീഴിലായി ചിതറിക്കിടക്കുന്ന മുതിർന്നവർക്കുള്ള ആനുകൂല്യങ്ങളും സേവനങ്ങളും ഈ ഒരു വകുപ്പിന് കീഴിൽ കൊണ്ടുവരും. ഇത് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും. മുതിർന്നവർക്കുള്ള ക്ഷേമ പെൻഷൻ 3,000 രൂപയായി വർധിപ്പിക്കുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്. മുതിർന്നവരുടെ ഒറ്റപ്പെടൽ ഒഴിവാക്കാനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനും ആവശ്യമായ നിയമസഹായവും കൗൺസിലിങ്ങും ഈ വകുപ്പ് വഴി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

