യു.ഡി.എഫ് കേന്ദ്രത്തിന് പാദസേവ ചെയ്യുന്നു; പി.എം ശ്രീയിൽ നിന്ന് പിൻമാറണം -വി.ശിവൻകുട്ടി
text_fieldsകോഴിക്കോട്: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിൽ നിന്ന് യു.ഡി.എഫ് പിൻമാറണമെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രിയും സി.പി.എം നേതാവുമായ വി.ശിവൻകുട്ടി. പി.എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് എൽ.ഡി.എഫ് സർക്കാർ രേഖാമൂലം കേന്ദ്രസർക്കാരിനെ അറിയിച്ചതാണെന്നും ശിവൻകുട്ടി പറഞ്ഞു.
സംഘപരിവാർ നയം കേരളത്തിൽ നടപ്പാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. പദ്ധതി നനടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കെ.എം ഷാജി ഉൾപ്പെടെയുള്ളവർ എവിടെപ്പോയി? അന്ന് തങ്ങളെ വേട്ടയാടിയവർ ഇന്ന് പദ്ധതിക്കായി രംഗത്തുവന്നിരിക്കുന്നു. യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് പാദസേവ ചെയ്യുകയാണെന്നും വി.ശിവൻകുട്ടി വിമർശിച്ചു.
പി.എം ശ്രീയിൽ ഒപ്പിട്ട് എൽ.ഡി.എഫ് സർക്കാർ പണം വാങ്ങിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശിവൻകുട്ടിയുടെ പ്രതികരണം.എൽ.ഡി.എഫ് സർക്കാർ പി.എം ശ്രീ പദ്ധതിയിൽ ആദ്യം ഒപ്പുവെച്ചിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കി. ഇതുസംബന്ധിച്ച് രേഖാമൂലം തന്നെ കത്ത് നൽകിയിരുന്നുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. പി.എം ശ്രീ പദ്ധതിയും എസ്.എസ്.കെ ഫണ്ടും വ്യത്യസ്തമാണ്. കണക്കുകളിൽ തന്നെ കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വ്യക്തമാണെന്നും മുൻ മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം പി.എം ശ്രീ പദ്ധതി നടപ്പിലാക്കിയാൽ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് നൽകിയ റിപ്പോർട്ട്. പി.എം ശ്രീയിൽ കേന്ദ്ര നിബന്ധനകൾ മറികടക്കാമെന്നാണ് ഇതിൽ പറയുന്നത്. കേന്ദ്ര നിബന്ധനകളിലെ എസ്.എസ്.കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കിൽ ഈ ഫണ്ടുകൾ ലഭ്യമാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യു.ഡി.എഫിൽ വിശദമായ ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കേന്ദ്ര സർക്കാറുമായി ഒപ്പുവെച്ച കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകുമോ എന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. പി.എം ശ്രീയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ചർച്ച ചെയ്തതിനുശേഷമേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനാകൂ. സർക്കാർ എന്ന് പറയുന്നത് ഒരു സർക്കാറിന്റെ തുടർച്ചയാണ്. കഴിഞ്ഞ സർക്കാർ കേന്ദ്ര സർക്കാറുമായി പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതൊരു യാഥാർഥ്യമാണ്. അതുപ്രകാരം ചില ഫണ്ടുകൾ കൈമാറി. പിന്നാലെ രാഷ്ട്രീയ വിവാദങ്ങളെയും മുന്നണിയിലെ പ്രശ്നങ്ങളെയും തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. അതിന്റെ വിവിധ വശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചർച്ചക്ക് ശേഷം മാത്രമേ വിഷയത്തിലെ തുടർനടപടികളെ കുറിച്ച് പറയാനാവൂ എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഒരു വർഷം മുമ്പ് കേന്ദ്ര സർക്കാറുമായി ഒപ്പുവെച്ച കരാറാണിത്. അതിൽ നിന്ന് ഏകപക്ഷീയമായി സംസ്ഥാനത്തിന് പിന്മാറാനാകുമോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. വിദഗ്ധരുമായി ചർച്ച ചെയ്തശേഷമേ വിഷയത്തിൽ തീരുമാനമെടുക്കാനാവൂ. നിലവിൽ അതൊരു അടിയന്തര വിഷയമായി കാണുന്നില്ല.
ധാരണാപത്രത്തിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ 2025-26 വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിലെ ഒരു ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെക്കുന്നുവെന്ന കത്ത് നൽകിയതോടെ അവശേഷിക്കുന്ന ഗഡു തടയുകയും ചെയ്തു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണത്താൽ 2023 മുതൽ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കാനുള്ള 1100 കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെ വികസിപ്പിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ അടങ്ങുന്ന പി.എം ശ്രീ പദ്ധതിയുടെ കാലാവധി 2022 മുതൽ 2027 വരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

