നഗരസഭകളിൽ കരുത്ത് കൂട്ടി യു.ഡി.എഫ്...
text_fieldsകൊച്ചി കോർപറേഷൻ വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളജിന് മുന്നിലെ വിജയാഹ്ലാദം (photo: ബൈജു കൊടുവള്ളി)
തിരുവനന്തപുരം: വലത് മുന്നേറ്റം കണ്ട സംസ്ഥാനത്ത് നഗരസഭകളിലും യു.ഡി.എഫിന് മേൽക്കൈ. ആകെയുള്ള 87 നഗരസഭകളിൽ മട്ടന്നൂർ ഒഴികെ തെരഞ്ഞെടുപ്പ് നടന്ന 86 എണ്ണത്തിൽ യു.ഡി.എഫ് 54ഉം എൽ.ഡി.എഫ് 28ഉം എൻ.ഡി.എ രണ്ടും മറ്റുള്ളവർ ഒന്നും നേടി. കാഞ്ഞങ്ങാട്ട് തുല്യനിലയാണ്. കഴിഞ്ഞ തവണ യു.ഡി.എഫിന് 45ഉം എൽ.ഡി.എഫിന് 35ഉം എൻ.ഡി.എക്ക് രണ്ടും മറ്റുള്ളവർക്ക് നാലെണ്ണവുമാണ് ലഭിച്ചത്.
തിരുവനന്തപുരത്തും കാസർകോടും നഗരസഭകൾ എൽ.ഡി.എഫ് നിലനിർത്തി. കണ്ണൂരിലും ഇടുക്കിയിലും തൃശൂരിലും അതത് മുന്നണികൾ ഭരണം നിലനിർത്തി. വയനാട്ടിൽ നഗരസഭകൾ വെച്ചുമാറിയാണെങ്കിലും യു.ഡി.എഫ് രണ്ട്, എൽ.ഡി.എഫ് ഒന്ന് എന്ന അനുപാതം നിലനിർത്തി. തൃശൂരിൽ ഏറെ പ്രതീക്ഷ അർപ്പിച്ച കൊടുങ്ങല്ലൂരിൽ എൻ.ഡി.എ പിറകിലായി. പാലക്കാട്ട് ഹാട്രിക് വിജയം സ്വപ്നംകണ്ട ബി.ജെ.പിക്ക് ഭരണം നഷ്ടമായി. എറണാകുളത്ത് ഇടത് കോട്ടകളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോൾ ആദ്യമായി ഒരു നഗരസഭ എൻ.ഡി.എയെ തുണച്ചെന്ന പ്രത്യേകതയുമുണ്ട്. മലപ്പുറത്ത് 11 നഗരസഭകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ പൊന്നാനി എൽ.ഡി.എഫിനെ സംപൂജ്യരാകാതെ കാത്തു. ആലപ്പുഴയിൽ ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചിടത്തും ഭരണംപടിച്ച് യു.ഡി.എഫ് നഗരങ്ങളിൽ നടത്തിയത് വലിയ മുന്നേറ്റം.
തിരുവനന്തപുരം ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലും മെച്ചപ്പെട്ട പ്രകടനം എൽ.ഡി.എഫ് കാഴ്ചവെച്ചു. നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല മുനിസിപ്പാലിറ്റികൾ ഇടതുപക്ഷം നിലനിർത്തി. നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലും ഒറ്റക്ക് ഭൂരിപക്ഷം നേടിയപ്പോൾ വർക്കല, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വലിയ ഒറ്റക്കക്ഷിയായി ഇടതുപക്ഷം മാറി.
കാസർകോട്ട് മൂന്ന് നഗരസഭകളിൽ കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവ എൽ.ഡി.എഫും കാസർകോട് യു.ഡി.എഫും നിലനിർത്തി. കാഞ്ഞങ്ങാട് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ഉജ്ജ്വല പോരാട്ടം നടത്തിയെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു.
മലപ്പുറത്ത് നഗരസഭകളിലും യു.ഡി.എഫ് മുന്നേറ്റം. 12 നഗരസഭകളിൽ 11ലും യു.ഡി.എഫിനാണ് നേട്ടം. പൊന്നാനി ഇടതുപക്ഷം നിലനിർത്തി. 30 വർഷമായി സി.പി.എം ഭരിച്ചിരുന്ന പെരിന്തൽമണ്ണയും കഴിഞ്ഞതവണ സി.പി.എം നേടിയ നിലമ്പൂർ നഗരസഭയും യു.ഡി.എഫ് പിടിച്ചു. 2020ൽ ഒമ്പത് നഗരസഭകളായിരുന്നു യു.ഡി.എഫിന്.
ഇടുക്കിയിൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിൽ മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരണം നിലനിർത്തി. കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി കണ്ട കെ.പി.സി.സി അംഗം ഇ.എം. ആഗസ്തിയുടെ പരാജയം കോൺഗ്രസിന് തിരിച്ചടിയായി.
എറണാകുളം ജില്ലയിൽ 10 നഗരസഭകളിൽ യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫും അധികാരത്തിലെത്തിയപ്പോൾ ആദ്യമായി ഒരു നഗരസഭ എൻ.ഡി.എയും പിടിച്ചു. കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, ആലുവ, പറവൂർ, കളമശ്ശേരി, മരട്, തൃക്കാക്കര നഗരസഭകളിൽ ഭരണം നിലനിർത്തിയ യു.ഡി.എഫ് എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന കോതമംഗലം, പിറവം നഗരസഭകൾ പിടിച്ചെടുത്തു. എൽ.ഡി.എഫ് തന്നെ ഭരിച്ച തൃപ്പൂണിത്തുറ എൻ.ഡി.എയും പിടിച്ചു. ഏലൂരും യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത അങ്കമാലിയുമാണ് എൽ.ഡി.എഫിനുള്ളത്.
കണ്ണൂരിൽ അഞ്ച് എൽ.ഡി.എഫും മൂന്ന് യു.ഡി.എഫും എന്ന സ്ഥിതിയാണ് ഇത്തവണയും. ഭരണം തുടരുമെങ്കിലും തലശ്ശേരിയിൽ ഇടത് സീറ്റ് കുറഞ്ഞു. കഴിഞ്ഞ തവണ 37 സീറ്റ് നേടിയ സ്ഥാനത്ത് ഇക്കുറി 32 ആയി. ഏഴിൽനിന്ന് 13 ആയി യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കി.
തൃശൂർ ജില്ലയിൽ നഗരസഭകളിൽ 2020ലെ നില തുടർന്ന് യു.ഡി.എഫും എൽ.ഡി.എഫും. എൻ.ഡി.എക്ക് നേട്ടമുണ്ടാക്കാനായില്ല. ചാലക്കുടി, ഇരിങ്ങാലക്കുട നഗരസഭകളിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയപ്പോൾ ഗുരുവായൂർ, ചാവക്കാട്, കുന്നംകുളം, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ എന്നിവ എൽ.ഡി.എഫ് നിലനിർത്തി. കൊടുങ്ങല്ലൂരിലൊഴികെ എൽ.ഡി.എഫിന്റെ സീറ്റുനിലയിൽ കുറവ് സംഭവിച്ചു. ബി.ജെ.പി ഏറ്റവും പ്രതീക്ഷയർപ്പിച്ച കൊടുങ്ങല്ലൂരിൽ കഴിഞ്ഞ തവണത്തെ സീറ്റ് നിലനിർത്താനായില്ല.
പാലക്കാട്ട് നഗരസഭകളിൽ പട്ടാമ്പി, ചിറ്റൂർ, തത്തമംഗലം നഗരസഭകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. എന്നാൽ, ഹാട്രിക് വിജയാ സ്വപ്നം കണ്ട ബി.ജെ.പിയെ പാലക്കാട് നഗരസഭ കൈവിട്ടു. യു.ഡി.എഫിന്റെ കൈയിൽ ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഭരണവും തിരിച്ചെത്തി. ഷൊർണൂർ നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. യു.ഡി.എഫ് നില മെച്ചപ്പെടുത്തിയെങ്കിലും ചെർപ്പുളശ്ശേരി നഗരസഭ ഭരണം ഇടതുപക്ഷം നിലനിർത്തും. ഒറ്റപ്പാലം നഗരസഭ ഭരണം സി.പി.എമ്മിന്റെ കൈയിൽ ഭദ്രമാണ്. മണ്ണാർക്കാട് നഗരസഭ ഭരണം തുടർച്ചയായി മൂന്നാം തവണയും യു.ഡി.എഫ് നിലനിർത്തി.
ആലപ്പുഴയിൽ ആറ് മുനിസിപ്പാലിറ്റികളിൽ അഞ്ചിടത്തും ഭരണംപടിച്ച യു.ഡി.എഫ് നഗരങ്ങളിൽ നടത്തിയത് വലിയ മുന്നേറ്റം. ആലപ്പുഴ, കായംകുളം മുനിസിപ്പാലിറ്റികളുടെ ഭരണം എൽ.ഡി.എഫിൽ നിന്ന് അവർ പടിച്ചെടുത്തു. ചേർത്തല മുനിസിപ്പാലിറ്റി മാത്രമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്.
കൊല്ലം ജില്ലയിലെ നാല് നഗരസഭകളിൽ മൂന്നിലും എൽ.ഡി.എഫ് മികച്ച വിജയം നേടിയപ്പോൾ ഒരെണ്ണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. പുനലൂർ, കൊട്ടാരക്കര നഗരസഭകളാണ് എൽ.ഡി.എഫ് നിലനിർത്തിയത്. അതേസമയം, കഴിഞ്ഞതവണ തുല്യനിലയിൽ എത്തിയതിനെ തുടർന്ന് ബി.ജെ.പിയെ പ്രതിപക്ഷത്തിരുത്തി യു.ഡി.എഫ്-എൽ.ഡി.എഫ് മുന്നണി ഭരണം നടത്തിയ പരവൂർ ഇക്കുറി എൽ.ഡി.എഫ് ഒറ്റക്ക് പിടിച്ചെടുത്തു. എൽ.ഡി.എഫിന്റെ കൈകളിലിരുന്ന കരുനാഗപള്ളി യു.ഡി.എഫ് വ്യക്തമായ ലീഡോടെ അട്ടിമറി വിജയം നേടി.
കോട്ടയത്ത് ആകെയുള്ള ആറ് മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞതവണത്തെ പോലെ അഞ്ചിടങ്ങളിൽ ഭരണം നിലനിർത്താൻ യു.ഡി.എഫിന് സാധിച്ചു. കോട്ടയം, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി യു.ഡി.എഫ് നിലനിർത്തിയപ്പോൾ എൽ.ഡി.എഫിന് പാലായിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷമാണുള്ളത്. ഈരാറ്റുപേട്ടയിൽ സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് വിജയം ഉറപ്പിച്ചത്.
പത്തനംതിട്ടയിൽ നാലിൽ മൂന്ന് നഗരസഭകളിലും ഭരണംപിടിച്ച് യു.ഡി.എഫ്. പത്തനംതിട്ട, അടൂർ നഗരസഭകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്ത യു.ഡി.എഫ്, തിരുവല്ലയിൽ ഭരണം നിലനിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

