വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ; വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
text_fieldsയു.ഡി.എഫ് പ്രവർത്തകർ വൈത്തിരിയിൽ വാഹനങ്ങൾ തടയുന്നു
വൈത്തിരി: രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ലക്കിടിയിൽ ചുരം പ്രവേശന കവാടത്തിൽ വാഹനങ്ങൾ തടഞ്ഞ യു.ഡി.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 10 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ വൈത്തിരി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ദിവസേനയെന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹർത്താൽ. അവശ്യ സർവിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചു.
വയനാട്ടിൽ ഇന്നലെ തുടർച്ചയായ രണ്ടാംദിനവും കാട്ടാനക്കലിയിൽ മനുഷ്യജീവൻ പൊലിഞ്ഞതോടെ വ്യാപക പ്രതിഷേധമുയരുകയാണ്. അട്ടമല എറാട്ടുക്കുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദമ്പതികളുടെ മകൻ ബാലകൃഷ്ണനാണ് (27) ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഉരുൾദുരന്തത്തെതുടര്ന്ന് താല്ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൂരൽമല അങ്ങാടിയിലെത്തി സാധനങ്ങൾ വാങ്ങി പാടിയിലേക്ക് മടങ്ങിപ്പോയിരുന്നു. തുടർന്ന് എറാട്ട്കുണ്ട് ഉന്നതിയിലേക്ക് തനിച്ച് പോവുന്നതിനിടെ തേയിലത്തോട്ടത്തിലൂടെ ഇറങ്ങിവന്ന കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

