യു.ഡി.എഫ് സർക്കാർ സംഘ്പരിവാറിന്‍റെ കാവിവത്കരണ അജണ്ടകൾക്കു മുന്നിൽ ഓച്ഛാനിക്കുന്നു -പിണറായി വിജയൻ
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: പി.എം ശ്രീയിൽ സംഘ്പരിവാറിന്റെ കാവിവത്കരണ അജണ്ടകൾക്ക് മുന്നിൽ യു.ഡി.എഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പദ്ധതിയിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ തന്നെ തെളിയിക്കുന്നു. സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന്റെ രാജ്യസഭ ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. രാജ്യസഭയിലെ കോൺഗ്രസ് എം.പി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ്, പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തിൽനിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്.
നിയമപരമായ യാതൊരു നിർബന്ധവുമില്ലാതിരുന്നിട്ടും പി.എം ശ്രീ നടപ്പാക്കാൻ യു.ഡി.എഫ് കാണിക്കുന്ന അമിതാവേശം സംഘ്പരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണ്. കഴിഞ്ഞ പത്തുവർഷക്കാലം എൽ.ഡി.എഫ് സർക്കാർ ആർ.എസ്.എസിന്റെ വർഗീയ സിലബസിന് മുന്നിൽ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് ഇപ്പോൾ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാൻ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
നേരത്തെ, പി.എം ശ്രീ പദ്ധതിയില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. യു.ഡി.എഫ് യോഗത്തില്‍ പി.എം ശ്രീ സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. യു.ഡി.എഫിൽ കോൺഗ്രസും മുസ്‍ലിം ലീഗും വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പി.എം ശ്രീയില്‍ യു.ഡി.എഫിനും ലീഗിനും ഒരേ അഭിപ്രായം ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘പി.എം ശ്രീ വിഷയത്തിൽ നിലവിലെ നിലപാടിന് മാറ്റമില്ല. മന്ത്രിസഭ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ അന്തിമ നിലപാട് വ്യക്തമാക്കും. അതിന് ശേഷമേ യു.ഡി.എഫും ഔദ്യോഗിക അഭിപ്രായം പ്രഖ്യാപിക്കൂ’ -കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിന്നാലെ പി.എം ശ്രീ പദ്ധതി യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കൺവീനർ അടൂർ പ്രകാശ് എം.പി പ്രതികരിച്ചു. ഇത് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തിൽ തർക്കമുണ്ടായിട്ടില്ലെന്നും ചർച്ച ചെയ്തെങ്കിൽ മാത്രമല്ലേ തർക്കമുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഉപസമിതിയുടെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടി തീരുമാനിക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുധ്യമില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

