'യു.ഡി.എഫ് സർക്കാറിനോട് നശികരണ ബുദ്ധിയോടെയുള്ള സമീപനമില്ല', പുരോഗതിക്ക് ഉതകുന്ന ക്ഷേമ പദ്ധതികൾക്ക് പിന്തുണ നൽകും -പിണറായി വിജയൻ
text_fieldsകണ്ണൂർ: യു.ഡി.എഫ് സർക്കാറിനോട് നശികരണ ബുദ്ധിയോടെയുള്ള സമീപനം എൽ.ഡി.എഫിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുരോഗതിക്ക് ഉതകുന്ന ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് എൽ.ഡി.എഫ് പിന്തുണ നൽകും. എതിരായ നടപടികളെ ശക്തമായി എതിർക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമായായിരിക്കും തുടരുകയെന്നും അദ്ദേഹം കൂട്ടിചേർത്തു.
പുതിയ സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ല. കേന്ദ്ര അവഗണനയാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറിന് ഉണർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ അതിന്റെ ഫലം ജനങ്ങളാണ് അനുഭവിക്കുന്നത്. കേന്ദ്ര സമീപനം അറിയാവുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, നയപ്രഖ്യാപനത്തിൽ ഒരു പരാമർശവും ഉണ്ടായില്ല. എന്തുകൊണ്ടാണ് പരാമർശം ഉണ്ടാകാത്തത് എന്നതിൽ സംശയമുണ്ട്. സർക്കാറിന്റെ നയ പ്രഖ്യാപനത്തിന് വ്യക്തമായ നയമില്ലെന്നും ഇത് തിരുത്താൻ ഇനിയുള്ള ദിവസങ്ങൾക്ക് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിലും പിണറായി വിജയൻ മറുപടി നൽകി. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചുവെന്നല്ല. 10 വർഷം തുടർഭരണം കേരളത്തിൽ പുതുമയുള്ള കാര്യമായിരുന്നു. 2021ൽ മുതൽ ചില പ്രതീതി സൃഷ്ട്ടിക്കാനുള്ള ശ്രമങ്ങൾ വലതുപക്ഷ ശക്തികൾ കേരളത്തിന് അകത്തും പുറത്തും ആരംഭിച്ചിരുന്നു. സി.പി.എം നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നയപ്രഖ്യാപനത്തിലെ വിമര്‍ശനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത്. നയരാഹിത്യം അദ്ദേഹത്തിന്റെ തോന്നലാണെന്നും അദ്ദേഹത്തിന്റെ നയമല്ല തങ്ങള്‍ നടപ്പാക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പുതിയ ഗവണ്‍മെന്റിന്റെ നയമാണ് നടപ്പാക്കുന്നതെന്നും വളരെ വ്യത്യസ്തമായ നയമാണെന്നും അദ്ദേഹം പറഞ്ഞു.
സമീപനങ്ങളില്‍ വളരെ കാര്യമായ മാറ്റമുണ്ട്. ഇതൊക്കെ പറഞ്ഞിട്ടാണല്ലോ ഞങ്ങള്‍ ജയിച്ചത്. ഗവണ്‍മെന്റ് തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയായിട്ടുള്ള പദ്ധതികള്‍ ഗവര്‍ണറുടെ പദ്ധതികളില്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം കൂട്ടിചേർത്തു. കിഫ്ബിയെ സംബന്ധിച്ച് ഈ ഗവണ്‍മെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കും. അതിനാല്‍ പല പദ്ധതികളുടെയും അജന്‍ഡ ഇന്നത്തെ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ മാറ്റിവച്ചു. നയപരമായ തീരുമാനം അക്കാര്യത്തില്‍ എടുത്തതിന് ശേഷം വേണ്ട രീതിയില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഇന്ദിരാഗ്യാരന്റികള്‍ നടപ്പാക്കും, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുന്നു. കേരളത്തെ തുറമുഖ നഗരമാക്കും. വെല്ലുവിളികളെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

