യു.ഡി.എഫ് പ്രവേശന നീക്കം: പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനം
text_fieldsപി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ
യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രകടനം
ഈരാറ്റുപേട്ട: പി.സി. ജോർജിനെ യു.ഡി.എഫിെൻറ ഭാഗമാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ പ്രകടനം. യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന പ്രകടനത്തിൽ നഗരസഭ കൗൺസിർമാരും ത്രിതല പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
പ്രകടനത്തിനുമുമ്പ് പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രമേയവും പാസാക്കി. യോഗത്തിൽ കമ്മിറ്റി ചെയർമാൻ പി.എച്ച്. നൗഷാദ് അധ്യക്ഷതവഹിച്ചു. 2016ൽ യു.ഡി.എഫ് തുടർ ഭരണം നഷ്ടപ്പെടുത്തിയത് പി.സി. ജോർജിെൻറ തെറ്റായ പ്രചാരണങ്ങളായിരുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
അഡ്വ. മുഹമ്മദ് ഇല്ല്യാസ്, എം.പി. സലീം, പി.എസ്. അബ്ദുൽ ഖാദർ, ലത്തീഫ് വെള്ളൂപ്പറമ്പിൽ, വി.പി. മജീദ്, നിസാർ കുർബാനി, സി.പി. ബാസിത്, സിറാജ് കണ്ടത്തിൽ, റസീം മുതുകാട്ടിൽ, സി.കെ. ബഷീർ, അഡ്വ. പീർ മുഹമ്മദ് ഖാൻ റാസി ചെറിയവല്ലാ, അഡ്വ. വി.പി. നാസർ തുടങ്ങിയവർ സംസാരിച്ചു.
ജോര്‍ജ് യു.ഡി.എഫിലെത്തി നിയമസഭയിലേക്ക് മത്സരിച്ചാൽ ഏതിരെ പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറ് നിസാർ കുർബാനി വ്യക്തമാക്കിയിരുന്നു.പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍, ജനപക്ഷം പിന്തുണയോടെ ലഭിക്കുമായിരുന്ന ഭരണം വേണ്ടെന്ന് കോൺഗ്രസ് വെക്കുകയും ചെയ്തിരുന്നു.

