പാവപ്പെട്ടവർക്ക് മാസം 6,000, ക്ഷേമപെൻഷൻ 3000 ആക്കി ഉയർത്തും; യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി
text_fieldsതിരുവനന്തപുരം: ദരിദ്ര കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ഉറപ്പ് വരുത്തുന്ന ന്യായ് പദ്ധതിയും ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്നതുമടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ ചേർന്ന് പത്രിക പുറത്തിറക്കി.
ന്യായ് പദ്ധതിയിൽ വർഷം 72,000 രൂപയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുക. ഇൗ പദ്ധതിയിൽ ഉൾപ്പെടാത്ത 40-60 പ്രായപരിധിയിലെ എല്ലാ തൊഴിൽ രഹിത വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ അനുവദിക്കും. ശബരിമല വിശ്വാസികളുടെ ആശങ്കയകറ്റാൻ ആചാര സംരക്ഷണത്തിന് പ്രത്യേകം നിയമം നടപ്പാക്കും. സൗജന്യ റേഷൻ പുനഃസ്ഥാപിക്കുന്നതിനൊപ്പം എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ സൗജന്യ അരിയും അർഹരായ കുടുംബങ്ങൾക്ക് മുൻഗണന റേഷൻ കാർഡും ഉറപ്പ് വരുത്തും.
കോവിഡിനെ തുടർന്ന് കഷ്ടത്തിലായവർക്ക് പലവ്യഞ്ജനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് നൽകും. ശമ്പള കമീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമീഷൻ രൂപവത്കരിക്കും. സർക്കാർ ജോലിക്കായി പരീക്ഷയെഴുതുന്ന അമ്മമാർക്ക് പ്രായപരിധിയിൽ രണ്ടു വർഷം ഇളവ് നൽകും. നിബന്ധനകളോടെ കാർഷിക കടങ്ങൾ എഴുതിത്തള്ളും. റബറിന് 250, നെല്ലിന് 30, നാളികേരത്തിന് 40 രൂപ വീതം താങ്ങുവില ഏർപ്പെടുത്തും. പ്രത്യേക കാർഷിക ബജറ്റ് നടപ്പാക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം നിർമ്മിക്കുമെന്നും യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.
പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ
- പാവപ്പെട്ടവർക്ക് പ്രതിമാസം 6,000 രൂപ നൽകും
- ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കും
- എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ച് കിലോ സൗജന്യ അരി
- കോവിഡ് ദുരന്തനിവാരണ കമീഷൻ രൂപീകരിക്കും
- ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും.
- കാരുണ്യ ചികിത്സ പദ്ധതി പുനരാരംഭിക്കും.
- സൗജന്യ റേഷൻ പുനഃസ്ഥാപിക്കും.
- പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും
- അർഹരായവർക്ക് അഞ്ചു ലക്ഷം പേർക്ക് വീട്
- ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമാർക്ക് 2000 രൂപ
- കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്
- കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ.
- എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം.
- ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി.
- ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും
- പട്ടികജാതി/വർഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവന നിർമാണത്തുക നാല് ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയാക്കും
- വനാവകാശ നിയമം പൂർണമായി നടപ്പാക്കും.
- ആദിവാസി സമൂഹത്തിന്‍റെ വനാവകാശം സംരക്ഷിക്കും.
- ഭിന്നശേഷിക്കാർക്ക് വാഹനം വാങ്ങാൻ സഹായം
- ഹൃദ്രോഗികളായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഇൻഷുറൻസ്
- ഉന്നത വിദ്യാഭ്യാസ അവലോകന കമീഷൻ
- പീസ് ആൻഡ് ഹാർമണി വകുപ്പ് രൂപീകരിക്കും
- അനാഥരായ കുട്ടികളെ സർക്കാർ ഏറ്റെടുക്കും
- പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും
- മിനിമം കൂടി 700 രൂപയാക്കും
- അഴിമതി ഇല്ലാതാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമീഷൻ
- മലയോര മേഖലയിലെ എല്ലാവർക്കും പട്ടയം
- ആയുർവേദ-സ്പോർട്സ് സർവകലാശാല സ്ഥാപിക്കും
- പട്ടണങ്ങളിൽ ചെറുവനങ്ങൾ നിർമിക്കും
- വിനോദ സഞ്ചാര മേഖലക്ക് പ്രത്യേക പാക്കേജ്
- വനിതാ സംരംഭകർക്ക് പ്രത്യേക വായ്പ
- അഞ്ച് ഏക്കറിൽ കുറവുള്ള കർഷകരുടെ കടങ്ങൾ എഴുതി തള്ളും
- സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ സ്ഥാപിക്കും
- പി.എസ്.സി അപേക്ഷകരായ അമ്മമാർക്ക് രണ്ട് വയസ് ഇളവ് അനുവദിക്കും
- എസ്.സി-എസ്.ടി ഭവന നിർമാണത്തിന് 6 ലക്ഷം രൂപ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.