സർക്കാറിന്റെ നാലാം വാർഷികം ധൂർത്ത്: 20ന് യു.ഡി.എഫ് കരിദിനം
text_fieldsകോഴിക്കോട് ഡി.സി.സി ഓഫിസിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കോഴിക്കോട്: ക്ഷേമപെൻഷനുകൾപോലും തടഞ്ഞുവെച്ച് 100 കോടി ധൂർത്തടിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എം.എം. ഹസൻ. ധൂർത്തിനെതിരെ യു.ഡി.എഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷം ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി മേയ് 13 ന് കൊച്ചിയില്‍ പ്രതിഷേധ റാലി നടത്തും. 20 ന് യു.ഡി.എഫ് കരിദിനമാചരിക്കും. സംസ്ഥാന വ്യാപകമായി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിക്കുമെന്നും എം.എം ഹസന് അറിയിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ എതിര്‍പ്പ് രാഷ്ട്രീയമാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഓണറേറിയം വര്‍ധിപ്പിക്കാനുള്ള നീക്കവും തടയുകയാണ് സര്‍ക്കാര്‍. 2026ല്‍ യു.ഡി.എഫ് അധികാരത്തിലേറിയാല്‍ ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുകയാവും ആദ്യ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ഡി.സി.സി ഓഫിസിൽ ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ സര്‍ക്കാറിന്റെ വാര്‍ഷികം, പ്രക്ഷോഭ പരിപാടികള്‍, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരന്, ഘടകകക്ഷി നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ്, പി.എം.എ. സലാം, സി.പി. ജോണ്‍, ഷിബു ബേബിജോണ്‍, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, അനൂപ് ജേക്കബ്, ഡോ. എം.കെ. മുനീര്‍ എം.എൽ.എ, എ.എന്‍. രാജന്‍ബാബു തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

