അയവില്ലാതെ രാഷ്ട്രീയ ഉദ്വേഗം
text_fieldsതിരുവനന്തപുരം: ഡൽഹിയിലെ ചർച്ചയിൽ മുഖ്യമന്ത്രിക്കസേരയിലേക്ക് പേരുയർന്ന മൂവരും പിന്മാറാതെ വന്നതോടെ ഗ്രൂപ്പുസമവാക്യങ്ങളും സംഘടന സ്വാധീനവും ജനവികാരത്തെ മറികടക്കുമോ എന്ന രാഷ്ട്രീയ ഉദ്വേഗത്തിലാണ് യു.ഡി.എഫ്. കോൺഗ്രസ് സംഘടന സംവിധാനത്തിലെ പ്രബലവിഭാഗവും എം.എൽ.എമാരിൽ ഭൂരിഭാഗവും രംഗത്തുണ്ടെങ്കിലും ജനവികാരം ഒപ്പമില്ലെന്നതാണ് കെ.സി വേണുഗോപാലിന് മുന്നിലെ വെല്ലുവിളി.
ഘടകകക്ഷികളുടെയും പാർട്ടി അണികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണയും സ്വാഭാവിക നീതിയുമെന്നതാണ് വി.ഡി സതീശന്റെ പ്ലസ് പോയന്റുകൾ. തെരുവിലെ പ്രകടനങ്ങൾ അവസാനിപ്പിക്കാൻ നേതാക്കൾ ഒറ്റക്കെട്ടായി ആഹ്വാനം ചെയ്തെങ്കിലും ഇത്തരം രീതികൾ അണികളുടെ സ്വാഭാവിക വികാരമെന്ന വിലയിരുത്തലുമുണ്ട്. സീനിയോറിറ്റി പിടിവള്ളിയാക്കിയാണ് രമേശ് ചെന്നിത്തല കസേരക്കുള്ള അവകാശവാദം കടുപ്പിച്ചത്.
മുഖ്യമന്ത്രി പദവിക്കായുള്ള അവകാശവാദം അവസാന നിമിഷം വരെ തുടരുകയും ഒടുവിൽ പിൻവാങ്ങുകയും ചെയ്യുന്നതിലൂടെ തനിക്ക് അർഹതപ്പെട്ടതായിട്ടും ത്യജിച്ചുവെന്ന പ്രതിഛായയും ഒപ്പം സംഘടനപരമായ വിലപേശലിനുള്ള ഉപാധിയുമാക്കി ഈ ത്യാഗത്തെ മാറ്റലും കെ.സി ലക്ഷ്യമിടുന്നെന്ന സൂചനകൾ പുറത്തുവന്നു.
2019ൽ ചുമതലയേറ്റ സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് അഞ്ച് വർഷം പിന്നിടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. സമീപഭാവിയിൽ വർക്കിങ് പ്രസിഡന്റ് സ്ഥാനം അടക്കമുള്ളവ കെ.സി ലക്ഷ്യം വെക്കുന്നുമുണ്ട്.
വി.ഡി സതീശനെ അനുകൂലിക്കുന്നവർ പറഞ്ഞ ‘ജനവികാരം’ തങ്ങൾക്ക് അനുകൂലമാക്കുന്ന വ്യാഖ്യാനവുമായി കെ.സി പക്ഷം രംഗത്തുണ്ട്. ജനപിന്തുണയാർജിച്ചവരാണ് ജയിച്ച് വന്നവരെന്നും ഇവരിൽ ഭൂരിഭാഗം ആരെ പിന്തുണക്കുന്നുവെന്നതാണ് യഥാർഥ ജനവികാരമെന്നുമാണ് അവരുടെ വാദം.
അതേ സമയം, വേണുഗോപാൽ പിടിവള്ളിയാക്കുന്ന എം.എൽ.എമാരുടെ തലയെണ്ണത്തിലും വി.ഡി പക്ഷം സംശയമുന്നയിക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയെ പോലെ ഉന്നതപദവിയിലുള്ളയാൾ കൂടി മാറ്റുരയ്ക്കുന്ന ഘട്ടത്തിൽ എം.എൽ.എമാരുടെ പിന്തുണ കിട്ടുന്നത് സംഘടനാപരമായ അധികാര പരിഗണനകൾ കാരണമാണെന്നാണ് വാദം.
അതേ സമയം, തലസ്ഥാനത്ത് വി.ഡി അനുകൂല പ്രകടനത്തിനിടെ ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറൽ സതീശനെതിരായ രാഷ്ട്രീയ കുറ്റമായി സ്ഥാപിക്കാനാണ് കെ.സി പക്ഷത്തിന്റെ നീക്കം. എന്നാൽ, മുഖ്യമന്ത്രിക്കസേരയിലേക്കുള്ള മത്സരത്തിന് ഉമ്മൻചാണ്ടിയുടെ ചിത്രം കൂടി ഉപകരണമാക്കുന്നുവെന്ന വിമർശനവും കോൺഗ്രസ് ക്യാമ്പിലുണ്ട്.
വി.ഡി- കെ.സി തർക്കത്തിനിടെ ഒത്തുതീർപ്പ് മുഖ്യമന്ത്രിയാകാനാണ് ചെന്നിത്തലയുടെ നീക്കം. ശരിക്കും കെ.സി വേണുഗോപാലാണ് ഇക്കാര്യം ലക്ഷ്യമിട്ടതെങ്കിലും രംഗപ്രവേശം നേരത്തെയായത് വിനയായി.
ജനവിധിക്ക് ശേഷം വി.ഡിയും ചെന്നിത്തലയും തർക്കമുണ്ടാകുന്ന ഘട്ടത്തിൽ ഹൈകമാൻഡ് പിന്തുണയിൽ ഒത്തുതീർപ്പ് മുഖ്യമന്ത്രിയായുള്ള രംഗപ്രവേശമായിരുന്നു കെ.സി ലക്ഷ്യംവെച്ചത്. എന്നാൽ, ജനവിധിക്ക് മുന്നേ കെ.സുധാകരന്റെ പരസ്യപ്രസ്താവനയോടെ കെ.സി നേർക്കുനേർ ചർച്ചകളിൽ കക്ഷിയായി. അതോടെ ആ പ്ലാൻ പാളി.
നിയമസഭാകക്ഷിയിലെ ആളെണ്ണം നോക്കിയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കീഴ്വവഴക്കം കേരളത്തിൽ പ്രാവർത്തികമാകില്ലെന്ന വിലയിരുത്തലിലാണ് ഹൈകമാൻഡ്. ഒപ്പം തന്നെ മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന സതീശന്റെ നിലപാട് ജനവികാരം എതിരാക്കുമെന്നതും നേതൃത്വത്തിന് ബോധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

