യു.ഡി.എഫ് ചെയർമാൻ സ്ഥാനം: തൃശൂരിൽ തുറന്ന പോരിന് ഐ, എ ഗ്രൂപ്പുകൾ
text_fieldsതൃശൂർ: യു.ഡി.എഫ് തൃശൂർ ജില്ല ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എ എം.പി. വിൻസെൻറിനെ യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം ഹസൻ നിശ്ചയിക്കുകയും ഇത് കെ.പി.സി.സി പ്രസിഡന്‍റ് റദ്ദാക്കുകയും ചെയ്തതോടെ കോൺഗ്രസിൽ ഗ്രൂപ്പുകൾ തുറന്ന പോരിന്. വിവാദങ്ങൾക്കിടെ രമേശ് ചെന്നിത്തല ഞായറാഴ്ച തൃശൂരിലെത്തുന്നുണ്ട്.
ഐ ഗ്രൂപ് നേതാക്കളുമായി കൂടിക്കാഴ്ചയും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഐ ഗ്രൂപ്പുകാരനായ ജോസഫ് ചാലിശ്ശേരിയെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി കെ.സി. വേണുഗോപാൽ വിഭാഗക്കാരനായ എം.പി. വിൻസെന്റിനെ നിയമിച്ചത്. എതിർപ്പുയർന്നതോടെ യു.ഡി.എഫ് കൺവീനറുടെ തീരുമാനം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ മരവിപ്പിച്ച് ഉത്തരവായി പുറപ്പെടുവിക്കുകയായിരുന്നു. താനുമായി ആലോചിക്കാതെയെടുത്ത തീരുമാനമായതിനാലാണ് നേരിട്ട് ഇടപെട്ടതെന്ന് കെ. സുധാകരൻ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ജില്ലയിൽനിന്നുള്ള സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍റെ ശക്തമായ ഇടപെടലും ഐ, എ ഗ്രൂപ്പുകൾ ഒരുമിച്ചതോടെയുമാണ് വിൻസെൻറിന്‍റെ നിയമനം കെ.പി.സി.സിയിലൂടെ തടയാനായത്. എന്നാൽ, യു.ഡി.എഫ് തീരുമാനത്തെ കെ.പി.സി.സി പ്രസിഡന്‍റ് ഉത്തരവിലൂടെ റദ്ദാക്കിയതിനെ ചോദ്യം ചെയ്യുകയാണ് കെ.സി. വേണുഗോപാൽ വിഭാഗം.
സുധാകരൻ ചെയ്ത നടപടി ശരിയായില്ലെന്നും മരവിപ്പിക്കേണ്ടതുണ്ടെങ്കിൽ സംസ്ഥാന കൺവീനറായുള്ള എം.എം. ഹസനെ നേരിട്ട് ബന്ധപ്പെട്ട് തീരുമാനം മരവിപ്പിക്കുകയായിരുന്നു വേണ്ടതെന്നുമാണ് വേണുഗോപാൽ വിഭാഗം പറയുന്നത്. പദവികളിൽ ഒരിടത്ത് പോലും എ ഗ്രൂപ് ഇല്ല. ഡി.സി.സി അടക്കം കൈയിലുണ്ടായിരുന്നതിൽ ഐ ഗ്രൂപ്പിന് അവശേഷിക്കുന്നതാണ് യു.ഡി.എഫ് ചെയർമാൻ സ്ഥാനം. അതും കൂടി നഷ്ടമായാൽ എ ഗ്രൂപ്പിന് സമാനമായി ഐ ഗ്രൂപ്പും ഇല്ലാതാവും. നിലവിൽ എ, ഐ ഗ്രൂപ്പുകൾക്ക് വലിയ റോളില്ലാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പുകൾ ഒന്നിച്ചത്.
ഡി.സി.സിയിൽ പുതിയ അധികാര കേന്ദ്രങ്ങളായി കെ.സി. വേണുഗോപാൽ വിഭാഗം മാറിക്കഴിഞ്ഞു. പുനഃസംഘടന കൂടി കഴിഞ്ഞാൽ എന്താവുമെന്ന ആശങ്കയിലാണ് എ, ഐ ഗ്രൂപ്പുകൾ. വിൻസെന്റിനെ നിയമിച്ച വിവാദ നീക്കത്തോടെ ഇടവേളക്കുശേഷം കോൺഗ്രസിലെ പോര് വീണ്ടും രൂക്ഷമായി. ഐ, എ ഗ്രൂപ്പുകളിലെ നേതാക്കൾ ശനിയാഴ്ച വിവിധയിടങ്ങളിലായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ജില്ലയിലെത്തുന്ന രമേശ് ചെന്നിത്തലയോട് പരാതി ഉന്നയിക്കാനും കടുത്ത നടപടികളിലേക്ക് കടക്കണമെന്ന ആവശ്യമുന്നയിക്കാനും ഐ ഗ്രൂപ് തീരുമാനിച്ചു. എ ഗ്രൂപ് ഇതിനെ പിന്തുണക്കുമെന്നാണ് വിവരം.
ജില്ലയിലൊതുങ്ങേണ്ട വിഷയമാണെങ്കിലും നേതാക്കളുടെ പ്രവൃത്തിയിലൂടെ സംസ്ഥാന വിഷയമായി മാറിക്കഴിഞ്ഞു. നേരത്തേതന്നെ സതീശനെതിരെ സംശയമുയർത്തി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ഗ്രൂപ് യോഗങ്ങൾ നടക്കുന്നത് പരിശോധിക്കാൻ വിട്ടത് ഏറെ വിവാദമായിരുന്നു.
ഇപ്പോൾ താൻ അറിയാതെ ജില്ലയിൽ നിയമനം നടത്തിയതും ഗൗരവത്തോടെയാണ് സുധാകരൻ കാണുന്നത്. അതുകൊണ്ടാണ് തീരുമാനം റദ്ദാക്കിയതെന്ന് പറയപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിന്നാലെ യു.ഡി.എഫ് ചെയർമാൻ നിയമനം നടക്കുമെന്നാണ് വേണുഗോപാൽ പക്ഷം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

