ഇടത് സർക്കാറിന്റെ നാലാം വാർഷികം കരിദിനമായി ആചരിച്ച് യു.ഡി.എഫ്
text_fieldsപാലക്കാട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന കരിങ്കൊടി പ്രകടനം
തിരുവനന്തപുരം: സർക്കാറിന്റെ നാലാം വാർഷികം കരിദിനമായി ആചരിച്ച് യു.ഡി.എഫ്. ഡി.സി.സി നേതൃത്വത്തിൽ ജില്ലകളിൽ പൊതുവിലും ബ്ലോക്ക് തലത്തിലും പ്രതിഷേധ പരിപാടി നടന്നു. സർക്കാറിന്റെ നാലുവർഷങ്ങൾ ജനദ്രോഹപരവും സമ്പൂർണ പരാജയവുമായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സർക്കാറിന്റെ പിടിപ്പുകേടുകൾ അക്കമിട്ടായിരുന്നു ചുമതലയേറ്റ ശേഷമുള്ള സണ്ണി ജോസഫിന്റെ ആദ്യ വാർത്തസമ്മേളനം.
ദലിത് യുവതി പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം കുടിവെള്ളം പോലുമില്ലാതെ ക്രൂരമായ മാനസിക പീഡനത്തിന് വിധേയമായ സംഭവത്തിൽ കൃത്യമായ പരിഹാരം സർക്കാർ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് സണ്ണി ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയും പക്ഷപാതിത്വവുമുണ്ടായി.
കൊട്ടിഗ്ഘോഷിക്കപ്പെട്ട ദേശീയപാത മലപ്പുറത്ത് തകർന്നുവീണു. റോഡ് വികസന കാര്യത്തിൽ നേരത്തെ അവകാശവാദമുന്നയിച്ചവരെല്ലാം ഇപ്പോൾ അതിന്റെ പിതൃത്വത്തിൽനിന്ന് ഒഴിവാകാൻ ശ്രമിക്കുകയാണ്. ക്ഷേമ പെൻഷൻ വർധിപ്പിക്കുമെന്ന പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പെൻഷൻ കുടിശ്ശികയുമാണ്.
സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നില്ല. കൃഷി നാശത്തിന്റെ ചെറിയ നഷ്ടപരിഹാരം പോലും സമയത്ത് വിതരണം ചെയ്യുന്നില്ല. പട്ടിക വിഭാഗങ്ങൾക്ക് ബജറ്റിൽ അനുവദിച്ച പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ചു. സാമ്പത്തിക ഞെരുക്കം സർക്കാറിനെ സാരമായി ബാധിക്കുന്ന സമയത്താണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള വാർഷികാഘോഷം.
കഴിഞ്ഞ വർഷം നടത്തിയ നവകേരള സദസ്സിന് എത്ര രൂപ ചെലവഴിച്ചെന്നും 140 മണ്ഡലങ്ങളിൽ എത്ര രൂപ പിരിവിലൂടെ സമാഹരിച്ചെന്നും പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകുമോ. അക്രമ-കൊലപാതക രാഷ്ട്രീയങ്ങൾക്ക് സർക്കാർ എല്ലാ പ്രോത്സാഹനവും നൽകുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ അതിർത്തി നിർണയം തീർത്തും അശാസ്ത്രീയമാണ്. കാലിനൊത്ത് ചെരിപ്പ് മുറിക്കുന്നതിനു പകരം ചെരിപ്പിനൊത്ത് കാൽ മുറിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെ, വാർഡുകൾ വെട്ടിമുറിച്ച് വികലവും വികൃതവുമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

