അട്ടിമറി; ബി.ജെ.പി പിന്തുണയോടെ ഉമ്മന്നൂർ പഞ്ചായത്ത് പിടിച്ച് യു.ഡി.എഫ്; വിവാദമായപ്പോൾ രാജിക്ക് നിർദേശം
text_fieldsകൊട്ടാരക്കര(കൊല്ലം): ബി.ജെപി പിന്തുണയോടെ ഉമ്മന്നൂർ പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചു. ഇടതുഭരണത്തിലുള്ള പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിലാണ് അപ്രതീക്ഷിത അട്ടിമറിയും കോൺഗ്രസ്-ബി.ജെ.പി ‘കൂട്ടുകെട്ടും’ പിറന്നത്.
പ്രസിഡന്റായി കോൺഗ്രസിലെ ഷീബ ചെല്ലപ്പനും വൈസ്പ്രസിഡന്റായി കോൺഗ്രസിലെതന്നെ സുജാതനും തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിന് ലഭിച്ച ഒമ്പത് വോട്ടിനെതിരെ ബി.ജെ.പിയുടെ മൂന്ന് വോട്ട് കൂടി ചേർത്ത് 11 വോട്ട് നേടിയാണ് യു.ഡി.എഫിന്റെ ഇരുസ്ഥാനാർഥികളും ജയിച്ചത്. ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനാർഥി പോലും യു.ഡി.എഫിന് വോട്ടുകുത്തി. സംഭവം വിവാദമായതോടെ, ബി.ജെ.പി പിന്തുണയിൽ കിട്ടിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ കോൺഗ്രസ് അംഗങ്ങൾ 24 മണിക്കൂറിനകം രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് കർശന നിർദേശമിറക്കി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉമ്മന്നൂരിലെ 20 വാർഡുകളിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് മൂന്നും സീറ്റുകളാണ് ലഭിച്ചത്. തുടർന്ന് സി.പി.ഐയിലെ അമ്പിളി ശിവൻ പ്രസിഡന്റായും സി.പി.എമ്മിലെ പി.വി. അലക്സാണ്ടർ വൈസ്പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണപ്രകാരം രണ്ടരവർഷം കഴിഞ്ഞ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും വൈസ് പ്രസിഡന്റ് സ്ഥാനം സിപി.ഐക്കുമായി കൈമാറുന്നതിനായി ഇരുവരും അടുത്തിടെ രാജിവെച്ചു.
ബുധനാഴ്ച നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അനായാസ ജയം പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫിനെതിരെ അട്ടിമറിയിലൂടെ യു.ഡി.എഫ് പഞ്ചായത്തുഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എമ്മിലെ ബിന്ദു പ്രകാശും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.ഐയിലെ സുനിൽ ഡാനിയേലുമാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

