'അമ്മായിഅമ്മ പോരി'നൊടുവിൽ വലതു ചാഞ്ഞ് കടലൂർ ബ്ലോക്ക് ഡിവിഷൻ
text_fieldsസുഹറ ഖാദർ, ഒ.ടി. അസ്മ
പയ്യോളി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം ഡിവിഷനായ കടലൂരിൽ വനിതകളുടെ വേറിട്ട മത്സരം ഏറെ ശ്രദ്ധേയമായിരുന്നു. മൂടാടി പഞ്ചായത്ത് വനിത വിഭാഗം മുസ്ലിംലീഗ് സെക്രട്ടറി സുഹറ ഖാദറിെൻറ എതിരാളിയായി മത്സരിച്ചത് മകളുടെ ഭർതൃമാതാവും ഐ.എൻ.എൽ വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറുമായ ഒ.ടി. അസ്മയുമായിരുന്നു. പക്ഷേ വിജയം സുഹറയുടെ കൂടെയായിരുന്നു. 694 വോട്ടുകൾക്കായിരുന്നു ജയം.
വൻമുഖം ഗവ. ഹൈസ്കൂൾ മദർ പി.ടി.എ പ്രസിഡൻറ് കൂടിയായ സുഹറ പൊതുരംഗത്ത് സജീവമാണെങ്കിലും പൊതുതെരഞ്ഞെടുപ്പിനിടെയാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടിനാണ് യു.ഡി.എഫിെൻറ മുഹമ്മദലി മുതുകുനി ജയിച്ച് കയറിയത്.
എൽ.ഡി.എഫ് സ്ഥാനാർഥിയായ ഒ.ടി. അസ്മക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിെൻറ അനുഭവസമ്പത്തുണ്ടായിരുന്നു. ഐ.എൻ.എൽ സംസ്ഥാന വനിത നേതാവ് കൂടിയായ അസ്മയുടെ നാലാം അങ്കമായിരുന്നു ഇത്. അസ്മ നേരത്തേ വാർഡ് മെംബറായിരുന്നു. ഉമ്മമാരുടെ രാഷ്ട്രീയ പോരാട്ടത്തിന് മുഫീദും ഭാര്യ ഷഹലയും ഉറച്ച പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

