എൻ.ഡി.എ സ്ഥാനാർഥിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്ണ; ‘ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്’
text_fieldsതിരുവനന്തപുരം: വോട്ടർപട്ടികയിൽനിന്ന് നീക്കിയത് വിവാദമാകുകയും ഹൈകോടതി ഇടപെടലുണ്ടാകുകയും ചെയ്ത തിരുവനന്തപുരം കോർപറേഷൻ 27ാം വാർഡ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.എൽ. വൈഷ്ണക്ക് ‘ബെസ്റ്റ് ഓഫ് ലക്ക്’ പറഞ്ഞ് എൻ.ഡി.എ സ്ഥാനാർഥി. ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ കണ്ടുമുട്ടുകയായിരുന്നു.
‘ഈ കുട്ടിക്ക് വന്ന വിഷമം അനുകൂലമായിട്ടുണ്ട്, ദൈവമുണ്ട്’ എന്ന് എൻ.ഡി.എ സ്ഥാനാർഥി അജയകുമാർ പറഞ്ഞു. ഉടൻ അജയകുമാറിന്റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. ‘ആൾ ദി ബെസ്റ്റ്’ അജയകുമാർ ആശംസിച്ചു. വൈഷ്ണയും തിരികെ ‘ആൾ ദി ബെസ്റ്റ്’ പറഞ്ഞു. ഇന്നലെ മറ്റൊരു സ്ഥാനാർഥിക്ക് താൻ ‘ആൾ ദി ബെസ്റ്റ്’ പറഞ്ഞപ്പോൾ തിരിച്ചുപറഞ്ഞില്ലെന്നും ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി മത്സരിക്കുന്ന അജയകുമാർ പറഞ്ഞു.
വൈഷ്ണയുടെ വോട്ട്: ബുധനാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
കൊച്ചി: സ്ഥാനാർഥിയായി യു.ഡി.എഫ് പ്രഖ്യാപിച്ച എസ്.എൽ. വൈഷ്ണയെ വോട്ടർപട്ടികയിൽനിന്ന് നീക്കിയതിനെതിരായ അപ്പീലിൽ ബുധനാഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് ഹൈകോടതി നിർദേശം. വൈഷ്ണയുടെ അപ്പീൽ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ഇന്ന് പരിശോധിച്ച് തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകി.
24 വയസ്സുള്ള കുട്ടി മത്സരത്തിനിറങ്ങുമ്പോൾ ഇത്തരത്തിൽ തർക്കം ഉന്നയിക്കുന്നത് അത്ഭുതപ്പെടുത്തുന്നതായി ഇന്നലെ വൈഷ്ണയുടെ ഹരജി പരിഗണിച്ച് വാദത്തിനിടെ കോടതി പറഞ്ഞു. തർക്കത്തിനുപിന്നിൽ രാഷ്ട്രീയമാണെന്നുതന്നെ കരുതണം. മറ്റൊരു വാർഡിൽ വോട്ടുണ്ടെന്ന തർക്കമൊന്നും ആരും ഉന്നയിക്കുന്നില്ല. ഹരജിക്കാരി ഇന്ത്യൻ പൗരയല്ലെന്ന വാദമില്ലല്ലോയെന്ന് ചോദിച്ച കോടതി, ഹരജിയെ എതിർത്ത കോർപറേഷൻ നിലപാടിനെയും വിമർശിച്ചു. അപ്പീൽ പരിഗണിച്ച് ശരിയായ തീരുമാനമെടുക്കാൻ പറയണം. അല്ലാത്തപക്ഷം കോടതി അധികാരം ഉപയോഗിക്കുമെന്നും വ്യക്തമാക്കി. പരാതിക്കാരനായ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ധനേഷ് കുമാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് ഉത്തരവായി.
ഒക്ടോബർ 31ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പരാതി നൽകിയതും വോട്ടർപട്ടികയിൽനിന്ന് നീക്കിയതുമെന്ന് ഹരജിയിൽ പറയുന്നു. സെപ്റ്റംബർ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നു. പരാതിയെത്തുടർന്ന് നവംബർ 12ന് ഹിയറിങ്ങിന് വിളിച്ചപ്പോൾ ആധാർ കാർഡ് മുതൽ പാസ്പോർട്ട് വരെ ഹാജരാക്കിയിട്ടും കോർപറേഷൻ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ പട്ടികയിൽനിന്ന് പേര് നീക്കിയതായും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

