യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശപത്രിക സമർപ്പിച്ചു
text_fieldsനിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശപത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫിസിൽ തഹസിൽദാരും തെരഞ്ഞെടുപ്പ് ഉപ വരണാധികാരിയുമായ എം.പി. സിന്ധു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
മുസ് ലിം ലീഗ് നേതാവും രാജ്യസഭ എം.പിയുമായ പി.വി. അബ്ദുൽ വഹാബ്, എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ് അടക്കം കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളും കുടുംബാംഗങ്ങളും ആര്യാടൻ മുഹമ്മദിന്‍റെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളും പങ്കെടുത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രമുഖ മുന്നണിയുടെ സ്ഥാനാർഥി സമർപ്പിക്കുന്ന ആദ്യ പത്രികയാണ് ഷൗക്കത്തിന്‍റേത്. പത്രിക സമർപ്പിക്കാൻ രാവിലെ ചന്തക്കുന്നിൽ നിന്ന് പ്രവർത്തകർക്കൊപ്പം റോഡ് ഷോയായാണ് ഷൗക്കത്ത് എത്തിയത്.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി അടുത്ത ദിവസം പത്രിക സമർപ്പിക്കും. എന്നാൽ, ബി.ജെ.പി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്വതന്ത്ര സ്ഥാനാർഥി പെരിന്തൽമണ്ണയിൽ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയും കേരള വഖഫ് സംരക്ഷണവേദിയും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും കേരള വഖഫ് സംരക്ഷണവേദിക്കായി സുന്നാജാനും മത്സരിക്കും.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ജൂൺ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ജൂൺ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂൺ അഞ്ച് വരെ പത്രിക പിൻവലിക്കാം. ജൂൺ 19നാണ് വോട്ടെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.
2021ലെ തെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ വിജയിച്ചത്. കോൺഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.
2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

