ഭിന്നിപ്പിക്കലിനെതിരെ താക്കീതും ഐക്യാഹ്വാനവുമായി ബഹുസ്വരത സംഗമം
text_fieldsഏക സിവിൽകോഡിനും മണിപ്പൂർ വംശഹത്യക്കുമെതിരെ യു.ഡി.എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബഹുസ്വരത സംഗമത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പി.കെ. ബഷീർ എം.എൽ.എ, അടൂർ പ്രകാശ് എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: മണിപ്പൂർ വംശഹത്യയിൽ പ്രതിഷേധിച്ചും ഏക സിവിൽ കോഡിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമേകിയും യു.ഡി.എഫ് ബഹുസ്വരത സംഗമം. കേന്ദ്രത്തിന്‍റെ ധ്രുവീകരണനീക്കങ്ങളെയും രാഷ്ട്രീയ കുതന്ത്രങ്ങളെയും ഒത്തൊരുമകൊണ്ട് ചെറുത്ത് തോൽപ്പിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. രാഷ്ട്രീയ-മത-സമുദായ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ സംഗമം ശ്രദ്ധേയവും പ്രസക്തവുമായി.
ജനിച്ചുവളര്‍ന്ന രാജ്യത്ത് ജീവിക്കാനാകില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍ ഒറ്റക്കല്ല, ഒറ്റക്കെട്ടായി വേണം പ്രതിരോധിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഏക വ്യക്തിനിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്ന വിഷയമായി ചുരുക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഭിന്നിപ്പിക്കാന്‍ ഭരണകൂടങ്ങള്‍തന്നെ ശ്രമിക്കുമ്പോഴാണ് അരക്ഷിതാവസ്ഥയുണ്ടാകുന്നത്. ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും നാം ഒന്നിക്കാന്‍ ശ്രമിക്കണം. ഏക സിവില്‍ കോഡിനെതിരെയും മണിപ്പൂർ വംശഹത്യക്കെതിരെയും ജാതി, മത, രാഷ്ട്രീയ ഭേദെമന്യേ ജനമനസ്സാക്ഷി ഉണർന്നത് വലിയ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിന്റെ കടന്നുകയറ്റം രാജ്യത്തിന്റെ നാനാമേഖലകളിലും പടര്‍ന്നുപിടിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്തെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. ബഹുസ്വരത ദേശീയതയെയും ദേശീയത ബഹുസ്വരതെയയും ശക്തിപ്പെടുത്തുംവിധം രണ്ടുഘടകങ്ങളും പരസ്പരപൂരകമാണ്. വര്‍ണാഭമായ ഇന്ത്യയുടെ ചക്രവാളത്തില്‍ കാര്‍മേഘം മൂടാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളും വ്യത്യസ്തതകളുമാണ് രാജ്യത്തിന്‍റെ ഐക്യത്തിന് കാരണമെന്ന് മലങ്കര കത്തോലിക്ക സഭ തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറൽ മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് പറഞ്ഞു.
എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, സി.പി. ജോൺ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ്, സലിം പി. മാത്യു, കെ. മുരളീധരൻ, ബെന്നി ബഹ്നാൻ, അടൂർ പ്രകാശ്, റോജി എം. ജോൺ, അൻവർ സാദത്ത്, എം. വിൻെസൻറ്, സനീഷ് കുമാർ ജേക്കബ്, മാത്യു കുഴൽനാടൻ, അടൂർ ഗോപാലകൃഷ്ണൻ, ഡോ. എം.ആർ. തമ്പാൻ, അബ്ദുൽസലാം ബാഖവി, മുഹമ്മദ് കുഞ്ഞ് സഖാഫി, പി. മുജീബ് റഹ്മാൻ, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, ഡോ. ഐ.പി. അബ്ദുൽസലാം, പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ടി.കെ. അഷ്റഫ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, ഫാ. മോർജി കൈതപ്പറമ്പിൽ, ഡോ. ജെറിൻ ചേരുവിള, ഡോ. ജാൻസി ജെയിംസ്, ഷാനിമോൾ ഉസ്മാൻ, ജ്യോതി വിജയകുമാർ, ടി.ആർ. മധു, കുട്ടപ്പൻ ചെട്ടിയാർ, സ്വാമി അഭയാനന്ദ, പാലോട് രവി, കെ.എ. ഷെഫീഖ്, പി.കെ. വേണുഗോപാൽ, ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വ്യത്യസ്ത സ്വരങ്ങൾ മുഴക്കമേറിയ മുദ്രാവാക്യമായി..
തിരുവനന്തപുരം: സംഘ്പരിവാർ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വിവിധ സ്വരങ്ങൾ ചേർത്തുള്ള മുഴക്കമേറിയ മുദ്രാവാക്യമായി യു.ഡി.എഫ് ബഹുസ്വരത സംഗമം. അകറ്റിനിർത്തിയും ഭിന്നിപ്പിച്ചുമുള്ള വോട്ടുബാങ്ക് നീക്കങ്ങൾക്കെതിരെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തിയുള്ള പ്രതിരോധം എന്ന നിലയിലാണ് സംഗമം ശ്രദ്ധേയമായത്.
മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് ഒരു നിമിഷംപോലും വൈകാതെ പരിഹാരം കാണണമെന്നു സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. രാജ്യത്ത് ഒരു ഭരണവ്യവസ്ഥ വേണ്ടേ എന്നു സുപ്രീംകോടതി പോലും പറഞ്ഞത് ഈ സംഭവത്തിനു ഗൗരവം വര്‍ധിപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യം ഒരു പാര്‍ട്ടി വിചാരിച്ചാല്‍ മാറ്റാനാകില്ല. വര്‍ഗീയതയുടെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയിലേക്കു കടത്തിവിടാനാണ് ശ്രമം. ഇത്രയൊക്കെ സംഭവിച്ചിട്ടും നിസ്സംഗനായിരുന്ന് പ്രധാനമന്ത്രി നമ്മെ ഭയപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നടപടികളാണ് ഇപ്പോഴും മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിന് കാരണമാകുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മേദിയും കേന്ദ്ര സര്‍ക്കാറുമാണ് ഇതിനു പ്രധാന കാരണക്കാര്‍. മണിപ്പൂരിന്റെ മാത്രമല്ല, ഇന്ന് നോര്‍ത്ത് ഈസ്റ്റിന്റെ ആകെ പ്രശ്നമാണ്. ക്രൈസ്തവ വിഭാഗത്തെ ഇല്ലാതാക്കാനുള്ള നടപടികളാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏക സിവിൽകോഡും മണിപ്പൂർ വംശഹത്യയും സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന വംശവെറിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണതിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.ബഹുസ്വര സമൂഹത്തെ ചേർത്തുനിർത്തിയേ ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാനാകൂ. ഹിന്ദു-മുസ്ലിം ദ്വന്ദ്വം സൃഷ്ടിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കുകയെന്നത് സംഘ്പരിവാർ ലക്ഷ്യത്തിന്റെ ഭാഗമാണ്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നുകൊണ്ടല്ലാതെ വംശീയതയുടെ രാഷ്ട്രീയത്തെ ചെറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളായി വ്യത്യസ്ത ജനസമൂഹങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇടമാണ് നമ്മുടെ രാജ്യമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. മണിപ്പൂരിലെ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമായി മാറി. അവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യമാണ്. 160ല്‍ അധികം പേര് കൊല്ലപ്പെടുകയും അറുപതിനായിരത്തില്‍ അധികംപേര്‍ ഭവനരഹിതരാകുകയും 250ല്‍ അധികം ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്ത മണിപ്പൂരില്‍ ഇന്നും കലാപം തുടരുന്ന സാഹചര്യമാണുള്ളതെന്ന് പരിപാടിയില്‍ സംസാരിച്ച ലൂര്‍ദ് ഫൊറോന വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

