ഇടതുപക്ഷത്തെ നേരിടാൻ യു.ഡി.എഫും ബി.ജെ.പിയും വർഗീയത ഉപയോഗിക്കുന്നു –പിണറായി
text_fieldsസി.പി.എം മലപ്പുറം ജില്ലാ സമ്മേളനം തിരൂരില് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു
തിരൂർ (മലപ്പുറം): വികസന പദ്ധതികൾ നടപ്പാക്കി വീണ്ടും അധികാരത്തിലെത്തിയ ഇടതുപക്ഷത്തെ എതിർക്കാൻ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും കൈയിലുള്ളത് വർഗീയത മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയാത്ത അവർ തേടിയ കുറുക്കുവഴിയാണ് വർഗീയതയെന്നും സി.പി.എം മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും ഒന്നായി നിന്ന് ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ശ്രമിച്ചു. വർഗീയശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കിയ യു.ഡി.എഫ് ഇപ്പോൾ അവരുടെ അജണ്ടകൾ നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.
മുസ് ലിം ലീഗിന്റെ വഖഫ് റാലി ഇതിനുദാഹരണം. ജമാഅത്തെ ഇസ്ലാമി, പോപുലർ ഫ്രണ്ട് സംഘടനകളുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്യ സഖ്യത്തിലായിരുന്നു ലീഗ്. തീവ്രവാദികളുടെ മുദ്രാവാക്യം ഇപ്പോൾ ലീഗ് നേരിട്ട് ഏറ്റെടുത്ത സ്ഥിതിയാണ്. നിലപാടുള്ള മതസംഘടനകളും സമാധാന കാംക്ഷികളും ഇതിനെതിരെ രംഗത്തുവന്നു. ലീഗിലെ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നവരാണ്. അവർ രംഗത്തുവരണം.
മലബാർ-കാർഷിക കലാപത്തിെൻറ നൂറാം വാർഷിക വേളയിൽ അതിനെ വർഗീയവൽക്കരിക്കാൻ ഒരുപോലെ ശ്രമിക്കുകയാണ് ഹിന്ദുത്വ, ഇസ്ലാമിക തീവ്രവാദികൾ. നാടിന് ഗുണമുള്ള ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ല. ഇനി വികസനമേ നടക്കാൻ പാടില്ലെന്നാണ് പ്രതിപക്ഷത്തിെൻറ നിലപാട്.
ദേശീയപാത വികസനം പുരോഗമിക്കുകയാണ്. ഗെയിൽ, ഇടമൺ-കൊച്ചി പവർ ഹൈവേ പദ്ധതികൾ പൂർത്തിയായി. പാവപ്പെട്ടവരുടെകൂടി വിശ്വാസത്തിലാണ് എല്ലാം നടപ്പാക്കുന്നത്. വികസനമെന്നത് ഇപ്പോൾ ഉള്ളിടത്ത് തന്നെ നിൽക്കലല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

