Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pv anvar mla
cancel
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിൽ...

തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​​ പ്രവർത്തകരും സഹായിച്ചു -പി.വി. അൻവർ

text_fields
bookmark_border

മലപ്പുറം: തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ പ്രവർത്തകരുടെയടക്കം സഹായം തനിക്ക്​ ലഭിച്ചെന്ന്​ നിലമ്പൂർ മണ്ഡലത്തിൽനിന്ന്​ വിജയിച്ച എൽ.ഡി.എഫ്​ സ്​ഥാനാർഥി പി.വി. അൻവർ. നിലമ്പൂരിൽ കഴിഞ്ഞതവ​ണത്തേക്കാൾ ഭൂരിപക്ഷം കുറഞ്ഞതിന്​ കാരണം അറിയണമെങ്കിൽ ബി.ജെ.പിയുടെ വോട്ട്​ പരിശോധിച്ചാൽ മതി.

സംസ്​ഥാനത്ത്​ 120 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്​ ജയിക്കേണ്ടതായിരുന്നു. ആ ജനവിധി അട്ടിമറിച്ചത്​ വർഗീയ ശക്​തികളായ മുസ്​ലിം തീവ്രവാദികളുടെയും ആർ.എസ്​.എസിന്‍റെയും ബി.ജെ.പിയുടെയും വോട്ടുകൾ യു.ഡി.എഫ്​ വാങ്ങിക്കൊണ്ടാണ്​. ഹരിപ്പാട്​ രമേശ്​ ചെന്നിത്തല ജയിച്ചതും തൃപ്പൂണിത്തുറയിൽ എം. സ്വരാജ്​ പരാജയപ്പെട്ടതും ഇതിന്‍റെ ഉദാഹരണമാണ്​. നിലമ്പൂരിൽ ബി.ജെ.പിയുടെ 8000 വോട്ട്​ യു.ഡി.എഫിന്​ ലഭിച്ചു. അ​തിനെയെല്ലാം മറികടന്നാണ്​ നിലമ്പൂരിലെ തന്‍റെ വിജയം.

മന്ത്രിസഭയിൽ അംഗമാകാന​ല്ല മത്സരിച്ചത്​. മത്സരിക്കുക, പെ​ട്ടെന്ന്​ മന്ത്രിയാകുക എന്നത്​ യു.ഡി.എഫ്​ സംസ്​കാരമാണ്​​. ജയിച്ചാൽ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത്​ യു.ഡി.എഫ്​ പ്രവർത്തകരിൽനിന്നുമാണ്​. അങ്ങനെയൊരു ചോദ്യം എൽ.ഡി.എഫ്​ പ്രവർത്തകരിൽനിന്ന്​ ഒരിക്കലും ഉയരില്ല. നാടിന്‍റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവർത്തിക്കാനാണ്​ പാർട്ടി തന്നെ നിയോഗിച്ചത്​. ആ ഉത്തരവാദിത്വമാണ്​ നിറവേറ്റിയത്​. മുഖ്യമന്ത്രി കഴിഞ്ഞാൽ പിന്നെ രാഷ്​ട്രീയമായി ഏറെ വേ​ട്ടയാടപ്പെട്ടയാളാണ്​ താൻ.

മലപ്പുറം ജില്ലയിലെ കോൺഗ്രസിലെയും മുസ്​ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താൻ തന്‍റെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്​. വ്യക്​തിപരമായി തകർക്കുകയാണ്​ അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങൾക്ക്​ മുന്നിൽ താൻ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവർ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്പൂരിലെ ജനങ്ങൾ വിശ്വസിക്കില്ല. ജനങ്ങൾ സഹായിച്ചാണ്​ താൻ വിജയിച്ചത്​. അതിൽ മുസ്​ലിം ലീഗ്​ പ്രവർത്തകരും കോൺഗ്രസുകാരുമുണ്ടാകും.

രാഷ്​ട്രീയം കച്ചവടമാക്കിയവരാണ്​ യു.ഡി.എഫ്​ നേതാക്കൾ. തനിക്ക്​ രാഷ്​ട്രീയം കച്ചവടമല്ല. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്​. കേരളത്തിൽ കച്ചവടം ചെയ്യാൻ എതിരാളികൾ സമ്മതിക്കുന്നില്ല. അതിനാൽ ആഫ്രിക്കയല്ല, അന്‍റാർട്ടിക്കയിലാണെങ്കിലും പോയി കച്ചവടം ചെയ്യും. അത്​ തന്‍റെ വ്യക്​തിപരാമയ ആവശ്യമാണ്​.

തന്‍റെ കച്ചവടമൊന്നും വികസനത്തെ ബാധിച്ചിട്ടില്ലെന്ന തെളിവാണ്​ ജനവിധി. 700 കോടി രൂപയുടെ പദ്ധതിപ്രവർത്തനങ്ങളാണ് ഇവിടെ​ നടത്തിയത്​. അടുത്ത അഞ്ച്​ വർഷത്തിനുള്ളിൽ കേരളത്തിൽ നമ്പർ വൺ വികസനം വരുന്ന മണ്ഡലമാക്കി നിലമ്പൂരിനെ മാറ്റും. ജില്ല ആശുപത്രിയുടെ വികസനമാണ്​ പ്രഥമ പരിഗണന. കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ലഭിക്കുന്ന സൗകര്യങ്ങൾ അവിടെ ലഭ്യമാക്കും -പി.വി. അൻവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLAassembly election 2021
News Summary - UDF activists also helped in the elections - PV Anwar
Next Story