മുന്നണി വിപുലീകരണ ചർച്ചകൾ സജീവമാക്കി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിവിപുലീകരണത്തിനൊരുങ്ങി യു.ഡി.എഫ്. എൻ.ഡി.എ ബന്ധം വേർപെടുത്തി നിൽക്കുന്ന സി.കെ. ജാനുവിന്‍റെ പാർട്ടിയെ ഉൾപ്പെടെ ഉൾക്കൊള്ളുന്നതിനുള്ള ചർച്ച സജീവമാണ്. നിരവധി കക്ഷികൾ യു.ഡി.എഫിൽ ചേരാൻ താൽപര്യമറിയിച്ചിട്ടുണ്ടെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയ പശ്ചാത്തലത്തിൽ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കേരള രാഷ്ട്രീയത്തിൽ വിസ്മയമുണ്ടാക്കും വിധം മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ വ്യക്തികളെയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം ഇല്ലാതിരുന്ന മറ്റ് സാമൂഹിക ഗ്രൂപ്പുകളെയും മുന്നണിയിലേക്ക് കൊണ്ടുവന്ന് അടിത്തറ വികസിപ്പിക്കണമെന്ന് കോൺഗ്രസിനുള്ളിൽ ഏറെക്കാലമായി ആവശ്യമുണ്ട്. മുന്നണി വിപുലീകരണ ചർച്ച നടക്കുന്നുണ്ടെന്നും സമാനമനസ്കരായ കക്ഷികൾക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കേരള കോൺഗ്രസ്- എമ്മിനെ ഉന്നമിട്ടുള്ള നീക്കങ്ങൾ സജീവമാണ്. വന്യജീവി ആക്രമണത്തിൽ മലയോരത്ത് പുകയുന്ന അസംതൃപ്തിയാണ് കേരള കോൺഗ്രസുമായി ബന്ധപ്പെട്ട കൂടുമാറ്റ ചർച്ചകൾക്ക് ചൂടും വേവും പകരുന്നത്.
മലയോര മേഖലയാണ് കേരള കോൺഗ്രസിന്റെ വോട്ടുതറ. ഗുരുതരമായ ഈ പ്രശ്നം അവഗണിച്ച് മുന്നോട്ട് പോകാൻ കേരള കോൺഗ്രസിന് സാധിക്കില്ലെന്ന് യു.ഡി.എഫും തിരിച്ചറിയുന്നു. പി.എം ശ്രീ വിവാദങ്ങൾ മുമ്പ് തന്നെ സി.പി.ഐയുമായി ചർച്ച നടന്നിരുന്നുവെന്ന കാര്യം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് സ്ഥിരീകരിച്ചിരുന്നു. പി.എം ശ്രീയിലെ ഏറ്റുമുട്ടൽ കാലത്ത് യു.ഡി.എഫിലേക്കുള്ള പരസ്യ ക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാൽ സി.പി.ഐയുടെ കാര്യം ഇപ്പോൾ യു.ഡി.എഫ് നേതാക്കൾ അധികം പറയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

