വിജയം കണ്ടത് 13 വർഷം നീണ്ട മാതാവിെൻറ നിയമപോരാട്ടം
text_fieldsതിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുേമ്പാൾ വിജയം കണ്ടത് 13 വർഷം നീണ്ട മാതാവിെൻറ നിയമപോരാട്ടം. ആ പോരാട്ടം വിജയം കണ്ടതിെൻറ സന്തോഷം വിധി കേൾക്കാൻ സി.ബി.െഎ കോടതിയിൽ എത്തിയ പ്രഭാവതിയമ്മ എന്ന ആ വൃദ്ധമാതാവ് പങ്കുവെക്കുകയും ചെയ്തു.
2005ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായ സെപ്റ്റംബർ 27ന് ഉച്ചക്കായിരുന്നു മോഷണക്കുറ്റം ആരോപിച്ച് നെടുങ്കാട് സ്വദേശി ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്കുമാറിനെയും ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് ഫോർട്ട് സി.െഎയുടെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെ ക്രൂരമായ മർദനത്തെയും ഉരുട്ടലിനെയും തുടർന്ന് രാത്രിയോടെ ഉദയകുമാർ കൊല്ലപ്പെട്ടു.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഉയർന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി മൂന്ന് പൊലീസുകാരെ മാത്രമാണ് പ്രതി ചേർത്തിരുന്നത്. വിചാരണയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതോടെ കേസ് തന്നെ അട്ടിമറിക്കപ്പെടുമെന്ന അവസ്ഥയുണ്ടായി. അത് മനസ്സിലാക്കിയാണ് മകെൻറ കൊലപാതകത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള നിരന്തര പോരാട്ടം പ്രഭാവതിയമ്മ ആരംഭിച്ചത്. ഭീഷണിയും സ്വാധീനവുമെല്ലാം ഉണ്ടായിട്ടും കേസില്‍നിന്ന് പിന്മാറാൻ അവർ കൂട്ടാക്കിയില്ല.
കിള്ളിപ്പാലം ശിവക്ഷേത്രത്തിന് സമീപത്തെ ആക്രിക്കടയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഉദയകുമാർ. ഓണത്തിന് ലഭിച്ച ബോണസ് അടക്കമുള്ള തുകയുമായി മാതാവിനും തനിക്കും വസ്ത്രമെടുക്കാനായി നെടുങ്കാട് കീഴാറന്നൂരിലെ വീട്ടില്‍നിന്നാണ് ഉദയകുമാർ പോയത്. ശ്രീകണ്ഠേശ്വരം പാര്ക്കിന് സമീപത്തുനിന്ന് സംഭവദിവസം പത്തരക്കാണ് ഉദയകുമാറിനെയും സുഹൃത്ത് സുരേഷ്കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉദയകുമാറിെൻറ ൈകയിലുണ്ടായിരുന്ന 4020 രൂപ എവിടെനിന്നെന്നായിരുന്നു പൊലീസിെൻറ ചോദ്യം. ബോണസ് കിട്ടിയതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിക്കാൻ പൊലീസ് തയാറായില്ല. മര്‍ദനത്തെതുടര്‍ന്ന് രാത്രി പത്തരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉദയകുമാര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യംമൂലം കുഴഞ്ഞുവീണതാണെന്ന് പറഞ്ഞാണ് പൊലീസ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തും മുേമ്പ മരിച്ചതായി പിന്നീട് വ്യക്തമായി.
ജഗതിയിലെ സ്കൂളില്‍ ആയയായി ജോലി നോക്കിയിരുന്ന പ്രഭാവതിയമ്മയെ പിറ്റേന്ന് രാവിലെ 11നാണ് മകന് മരിച്ച വിവരം പൊലീസ് അറിയിക്കുന്നത്. എന്തോ ഉപകരണം ഉപയോഗിച്ച് ഉരുട്ടിയതുമൂലമുള്ള മുറിവുകളാണ് ഇരുതുടയിലും കാണപ്പെട്ടതെന്നും ഈ മുറിവുകളും മർദനത്തിെൻറ ആഘാതവുമാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എല്ലാ രാത്രികളിലും മകെൻറ നിലവിളി കേട്ട് ഞെട്ടി ഉണരുമായിരുന്നു പ്രഭാവതിയമ്മ.
മകനോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ്കുമാർ കൂറുമാറിയെങ്കിലും ആ മാതാവ് പിന്മാറാൻ തയാറായില്ല. വിചാരണ അട്ടിമറിക്കാതിരിക്കാന്‍ പലതവണ കോടതിയെ സമീപിച്ചു. ഒടുവില്‍ 13 വര്‍ഷത്തിനുശേഷം അനുകൂല വിധിയെത്തുേമ്പാൾ ആ മാതാവിെൻറ കണ്ണിൽ ചാരിതാർഥ്യം പ്രകടമായിരുന്നു. മകെൻറ മരണശേഷം സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് സഹായമുണ്ടായതായി പ്രഭാവതിയമ്മ പറയുന്നു.
കടുത്ത ശിക്ഷ കൊടുക്കണം -ഉദയകുമാറിെൻറ മാതാവ്
തിരുവനന്തപുരം: ‘‘തിരികെവരാമെന്ന് പറഞ്ഞ് പോയതാണ് മകൻ ഉദയകുമാർ. തിരികെ വന്നത് ജീവനില്ലാത്ത ശരീരം’’; വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണീരുവറ്റാതെ എല്ലാം പ്രഭാവതിയമ്മയുടെ ഹൃദയത്തിലുണ്ട്. ഇത്രയും നാൾ പിടിച്ചുനിന്നു. പല സാക്ഷികളും കൂറുമാറി. ഹൈകോടതിയിൽ വിശ്വാസമുണ്ടായിരുന്നു. അങ്ങനെ സി.ബി.െഎ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തി. അവർക്ക് മതിയായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതാണ് തെൻറ മകന് നൽകാൻ കഴിയുന്നത്; ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ഉദയകുമാറിെൻറ മാതാവ് പറഞ്ഞു. ഇനിയൊരമ്മക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാൻ കടുത്ത ശിക്ഷതന്നെ വേണമെന്ന് അവർ പറഞ്ഞു.
മകന് നീതികിട്ടാൻ പ്രഭാവതിയമ്മ നടത്തിയ ശ്രമങ്ങളാണ് ആറ് പൊലീസുകാരെ കുറ്റക്കാരെന്ന് കണ്ടെത്തിയതുവരെ എത്തിച്ചത്. ആദ്യം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെമാത്രം പ്രതിസ്ഥാനത്ത് നിർത്തി അവസാനിപ്പിക്കാനിരുന്ന കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് അവർ കോടതികൾ കയറിയിറങ്ങി. ഒടുവിലാണ് സി.ബി.ഐ അന്വേഷണ ആവശ്യം ഹൈകോടതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
