ഉദയകുമാർ ഉരുട്ടിക്കൊല കേസ്: രണ്ട് പൊലീസുകാർക്ക് വധശിക്ഷ
text_fieldsതിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് പൊലീസുകാർക്ക് വധ ശിക്ഷ. ഒന്നും രണ്ടും പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ ഡി.സി.ആർ.ബി എ.എസ്.െഎ കെ. ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശിയും നാർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറുമായ എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഇവർ രണ്ട് ലക്ഷം രൂപ പിഴയും അടക്കണം.
നാല് മുതൽ ആറുവരെ പ്രതികളായ നേമം പള്ളിച്ചൽ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി. അജിത്കുമാർ, വെള്ളറട കെ.പി ഭവനിൽ മുൻ എസ്.പി ഇ.കെ. സാബു, വട്ടിയൂർക്കാവ് സ്വദേശി മുൻ എസ്.പി ടി.കെ. ഹരിദാസ് എന്നിവർക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ. നാസർ വിധിച്ചത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ ഹൈകോടതി നിർദേശാനുസരണം സി.ബി.െഎ അന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിെച്ചന്ന അപൂർവതയും കേസിനുണ്ട്. ഉദയകുമാറിെൻറ മാതാവ് പ്രഭാവതിയമ്മയുടെ പോരാട്ടത്തിെൻറ കൂടി വിജയമാണ് വിധി.
രണ്ട് മുൻ എസ്.പിമാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. 13 വർഷം മുമ്പ് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് ഉദയകുമാര്‍ എന്ന യുവാവ് ഉരുട്ടിക്കൊലക്കിരയായത്.
കെ. ജിതകുമാർ, എസ്.വി. ശ്രീകുമാർ എന്നിവരെ കൊലപാതകം ഉൾപ്പെടെ വകുപ്പുകൾ പ്രകാരവും നാല് മുതൽ ആറുവരെ പ്രതികളായ ടി. അജിത്കുമാർ, മുൻ എസ്.പി ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖചമക്കൽ എന്നീ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരവുമാണ് കുറ്റക്കാരെന്ന് കെണ്ടത്തിയത്.
മറ്റൊരു പ്രതി വി.പി. മോഹനനെ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ആറു പ്രതികളെ മാപ്പുസാക്ഷികളാക്കിയാണ് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചത്. ആറ് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാം പ്രതിയും സിവിൽ പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന സോമൻ വിചാരണവേളയിൽ മരിച്ചു.
2005 സെപ്റ്റംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ. സാബുവിന്റെ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽെവച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പൊലീസിനായി വ്യാജരേഖ,കൂട്ട കൂറുമാറ്റം
രണ്ട് കേസുകളിൽ ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഉദയകുമാറിെൻറ മാതാവ് ഹൈകോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
ഉദയകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെടെ അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. മുഖ്യസാക്ഷികൾ കൂറുമാറിയെങ്കിലും മുൻ ഫോറൻസിക് ഡയറക്ടർ ശ്രീകുമാരിയുടെ മൊഴി നിർണായകമായി.
കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി സ്വീകരിക്കുന്നതും സി.ബി.െഎയുടെ പരിഗണനയിലുണ്ട്.
നിർത്തൂ; ഇൗ മൃഗീയ വിനോദം...
‘പൊലീസിെൻറ മൃഗീയവിനോദം നിർത്തണം. ഇത്തരം കാടത്തം മാറ്റിനിർത്തി കേസ് അന്വേഷിച്ച് കണ്ടെത്തുകയാണ് വേണ്ടത്’; ഉരുട്ടിക്കൊലക്കേസ് വിധിന്യായത്തിലാണ് കോടതി മുന്നറിയിപ്പ്. പ്രതികൾ പൊലീസുകാരായതാണ് അപൂർവങ്ങളിൽ അപൂർവകേസായി ഉരുട്ടിക്കൊലയെ കണക്കാക്കാൻ കോടതിയെ പ്രേരിപ്പിച്ചത്.
പൊലീസുകാർ കുറ്റംചെയ്താൽ ചോദ്യംചെയ്യാനും ശിക്ഷിക്കാനും അധികാരം കോടതികൾക്കാണെന്നും അതിനാൽ മാതൃകപരമായ ശിക്ഷയാണ് നടപ്പാക്കുന്നതെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. വിചാരണവേളയിൽ കൂറുമാറിയ ഒന്നാംസാക്ഷി ഉൾെപ്പടെ നിയമം ലംഘിച്ചവർക്കെതിരേ നടപടിയെടുക്കാനും സി.ബി.ഐക്ക് നിർദേശംനൽകി. പ്രതികൾക്ക് മാനസാന്തരം വരുമെന്ന് തോന്നുന്നില്ല. പൊതുജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസുകാർ തന്നെ ഇത്തരം ക്രൂരത കാട്ടുന്നത് ന്യായീകരിക്കാനാകില്ല. പ്രതികളുടെ പ്രായമോ, കുടുംബപശ്ചാത്തലമോ ചെയ്ത ക്രൂരത കുറക്കുന്നില്ലെന്നും വിധിയിൽ വ്യക്തമാക്കി.
മുഖ്യപ്രതികൾക്ക് പരമാവധി ശിക്ഷ നൽകിയ കോടതി കൂട്ടുപ്രതികളുടെ കാര്യത്തിൽ ഉദാരസമീപനമാണ് കൈക്കൊണ്ടത്. നീചവും പൈശാചികവുമായ കേസിലെ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന പ്രതികൾക്ക് പരമാവധി ശിക്ഷയായ ഏഴുവർഷം നൽകാത്തത് തെളിവുകളുടെ അഭാവത്തിലാണെന്ന് ജഡ്ജി നാസർ വിധിന്യായത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
