ഉദയഗിരി താളിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി
text_fieldsഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലും മണ്ണും ഒഴുകി റോഡിലെത്തിയപ്പോൾ
ചെറുപുഴ: ഉദയഗിരി പഞ്ചായത്തിലെ താളിപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ദിവസങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടിയ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. സമീപ പ്രദേശത്ത് മലയിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ ഉദയഗിരിയില്‍ നിന്നും താളിപ്പാറ വഴി താബോറിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു. ഉരുള്‍ പൊട്ടി വലിയ തോതില്‍ വെള്ളം കുത്തിയൊഴുകിയതിനാല്‍ രയരോം പുഴയില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നു. ഗതാഗതം തടസ്സപ്പെട്ടതോടെ താളിപ്പാറ, താബോര്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
കനത്ത മഴ പെയ്ത കഴിഞ്ഞ ഒന്നിന് ഉദയഗിരി പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ചെറുതും വലുതുമായി 26 ഓളം ഉരുള്‍ പൊട്ടലുകളാണുണ്ടായത്. താബോര്‍ തൊണ്ടന്‍കുന്ന്, താളിപ്പാറ, മുണ്ടേരിത്തട്ട്, ജോസ്ഗിരി, ശാന്തിപുരം, ഉദയപുരം, ഇരട്ടപ്പാലം, ഈയലെ മല, വെള്ളാട്ട് കൊല്ലി, കാരിക്കയം, ജയഗിരി, തൈമല, അപ്പര്‍ ചിക്കാട് ഉന്നതി, കട്ടപ്പള്ളി, മണ്ണാത്തിക്കുണ്ട്, മാമ്പൊയില്‍, മഞ്ഞപ്പുല്ല് എന്നിവിടങ്ങളിലെല്ലാം വലിയ തോതില്‍ മലവെള്ളപ്പാച്ചിലുണ്ടായി നിരവധി റോഡുകളും കൃഷിയിടങ്ങളും തകര്‍ന്നിരുന്നു.
കാര്‍ത്തികപുരം-ഉദയഗിരി-താളിപ്പാറ-താബോര്‍ റോഡില്‍ പലയിടത്തും ടാറിങ് തകര്‍ന്നും പാര്‍ശ്വഭാഗം ഇടിഞ്ഞും ഗതാഗതം ദുഷ്‌കരമായിരിക്കുകയാണ്. ഗ്രാമീണ റോഡുകള്‍ പലതും പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. റോഡിലേക്ക് ഒഴുകിയെത്തിയ കല്ലും മണ്ണും മരത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല. കലുങ്കുകള്‍ പലതും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നത് ഗതാഗതത്തിനു ഭീഷണിയായി മാറിയിട്ടുണ്ട്.
മഴക്കെടുതിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉള്‍പ്പെടെ 80 ല്‍ അധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കാര്‍ത്തികപുരം ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ട്. മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നത് പലയിടത്തും വൈദ്യുതി വിതരണത്തെയും ബാധിച്ചു. കെ.എസ്.ഇ.ബിക്കും വലിയ തോതില്‍ നഷ്ടമുണ്ടായിട്ടുണ്ട്. കനത്തമഴയും ഉരുള്‍പൊട്ടലും പ്രദേശത്തെ വിനോദസഞ്ചാരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മണ്‍സൂണ്‍ ആസ്വദിക്കാന്‍ വലിയ തോതില്‍ ആളുകളെത്തുന്ന താബോര്‍ തെരുവമലയിലേക്കുള്ള സന്ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. മണക്കടവ് പുഴയില്‍ സംരക്ഷിച്ചുനിര്‍ത്തിയിരുന്ന പച്ചത്തുരുത്തും നാശത്തിന്റെ വക്കിലാണ്. ഇവിടെയുള്ള മുളങ്കൂട്ടങ്ങള്‍ ഏറെയും കടപുഴകിയ നിലയിലാണ്. പ്രദേശത്തെ റിസോര്‍ട്ടുകളും അടഞ്ഞുകിടക്കുകയാണ്. പഞ്ചായത്തിലെ വീടുകളുടെയും റോഡുകളുടെയും പുനര്‍നിര്‍മാണത്തിനും കൃഷി നശിച്ചവരുടെ പുനരധിവാസത്തിനുമായി 100 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്.
ഇടതടവില്ലാതെ പെയ്യുന്ന മഴ കൂടുതല്‍ ശക്തിപ്രാപിച്ച വെള്ളിയാഴ്ച ചെറുപുഴ പഞ്ചായത്തിന് ആശ്വാസത്തിന്റേതായിരുന്നു. പ്രാപ്പൊയില്‍ ഈസ്റ്റിലെ പുത്തന്‍പറമ്പില്‍ സണ്ണിയുടെ വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നതൊഴിച്ചാല്‍ മറ്റെവിടെയും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. സണ്ണിയുടെ വീട്ടുപറമ്പിലെ കിണര്‍ കനത്തമഴയില്‍ ആള്‍മറ ഉള്‍പ്പെടെ ഇടിഞ്ഞുതാഴുകയായിരുന്നു. ചെറുപുഴ പഞ്ചായത്തുമായി കാര്യങ്കോട് പുഴ അതിരിടുന്ന ഈസ്റ്റ് എളേരിയിലെ നല്ലോമ്പുഴയില്‍ തോട് കരകവിഞ്ഞ് റോഡിലും കടകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കുത്തിയൊഴുകി റോഡുകള്‍ തകര്‍ന്നു. ചിറ്റാരിക്കാല്‍ നര്‍ക്കിലക്കാട് എസ്‌റ്റേറ്റ് റോഡില്‍ ഉരുള്‍പൊട്ടി. മലയോര പാതയില്‍ ചിറ്റാരിക്കാലിനും കാറ്റാംകവലയ്ക്കുമിടയില്‍ റോഡിലേക്ക് മണ്‍തിട്ട ഇടിഞ്ഞുവീണ് കല്ലും മണ്ണും റോഡില്‍ പതിച്ചു.
ചെറുപുഴ പ്രാപ്പൊയില്‍ ഈസ്റ്റിലെ പുത്തന്‍പറമ്പില്‍ സണ്ണിയുടെ വീട്ടുപറമ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്ന നിലയില്‍
ഉദയഗിരിയിലെ 13 പേരെ ക്യാമ്പിലേക്ക് മാറ്റി
കണ്ണൂർ: ഉരുൾ പൊട്ടിയ ഉദയഗിരിയിലെ 13 പേരെ ക്യാമ്പിലേക്ക് മാറ്റി. തളിപ്പറമ്പ് തഹസിൽദാർ പി. സജീവന്റെ നേതൃത്വത്തിൽ താബോർ സെന്റ് ജോസഫ് ചർച്ചിൽ താൽക്കാലിക ക്യാമ്പ് തുടങ്ങി നാല് കുടുംബങ്ങളിലെ 13 പേരെയാണ് മാറ്റിയത്. ഇവർ ഉൾപ്പെടെ മൂന്ന് ക്യാമ്പുകളിലായി 50 പേരാണ് ജില്ലയിലുള്ളത്.
ഉരുൾപൊട്ടൽ ഭീതിയിൽ മലയോരം പുഴകൾ കവിഞ്ഞൊഴുകുന്നു
കേളകം: മലയോര മേഖലകളിൽ മഴ വീണ്ടും ശക്തമായതോടെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീതിയിൽ. ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ, അയ്യങ്കുന്ന് മേഖലകളിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അപകടസാധ്യത മുന്നിൽ കണ്ട് മലയോരവാസികൾക്ക് അധികൃതർ ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്.
ആറളം, കൊട്ടിയൂർ, കണ്ണവം വനമേഖലകളിൽ കനത്ത മഴ തുടരുന്നത് പുഴകളിലെ ഒഴുക്ക് വർധിക്കാൻ കാരണമായി. ഇതോടൊപ്പം പ്രധാന ചുരം പാതകളായ നിടുംപൊയിൽ-മാനന്തവാടി, കൊട്ടിയൂർ-പാൽചുരം റോഡുകളിൽ മലയിടിച്ചിൽ ഭീഷണി രൂക്ഷമായിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്നും പുഴയോരങ്ങളിൽനിന്നും ആളുകൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. അവശ്യഘട്ടങ്ങളിലല്ലാതെ അപകടസാധ്യതയുള്ള ചുരം പാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കലക്ടറുടെയും പൊലീസിന്റെയും മുന്നറിയിപ്പുണ്ട്.
അപകടഭീഷണിയായി റോഡിലേക്ക് ചാഞ്ഞ മരങ്ങൾ
ഇരിട്ടി: റോഡരികില്‍ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരങ്ങൾ അപകടഭീഷണിയാകുന്നു. കീഴൂർ-അമ്പലം-എടക്കാനം റോഡിൽ കീഴൂർ അരയാൽ തറക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളാണ് ഇതുവഴിയുള്ള യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാകുന്നത്. റോഡരികിൽ അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നഗരസഭ അധികൃതർ പലവട്ടം നിർദേശം നൽകിയിട്ടും ഭൂവുടമ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്ക് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലുള്ള മരങ്ങൾ യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് ഈ മരങ്ങൾ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭൂമിയിലെ വിള്ളൽ: എൻജിനീയർമാർ സ്ഥലം സന്ദർശിച്ചു
ഇരിട്ടി: പുനരധിവസിപ്പിക്കപ്പെട്ട വീടുകൾക്ക് മുന്നിലെ ഭൂമിയിൽ വിള്ളൽ സംഭവിച്ച സ്ഥലം ഹിന്ദുസ്ഥാൻ യൂനി ലിവർ കമ്പനി എൻജിനീയർമാർ സന്ദർശിച്ചു. 2018ലെ പ്രളയത്തിൽ കൂട്ടുപുഴ പുഴയോരത്ത് താമസിച്ച കുടുംബങ്ങളുടെ വീടുകൾ തകർന്നതോടെയാണ് 15 കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചത്. തട്ടുകളായി തിരിച്ച് നിർമിച്ച വീടുകളിലെ മുകൾഭാഗത്താണ് വിള്ളൽ. ഹിന്ദുസ്ഥാൻ യൂനി ലിവർ കമ്പനിയാണ് ഇവർക്ക് വീടുവെച്ച് നൽകിയത്.
വിള്ളൽ വന്നതോടെ അധികൃതരുടെ നിർദേശത്തെ തുടർന്ന് ഹിന്ദുസ്ഥാൻ യൂനി ലിവർ എൻജിനീയർ വിനയൻ, ഓവർസിയർ നികേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ, വൈസ് പ്രസിഡന്റ് പി.എൻ. ജെസി, വാർഡ് മെംബർ ഡെന്നിസ് മാണി തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു. വിള്ളലിൽ ആശങ്കവേണ്ടെന്നും മഴ മാറുന്നതോടെ കൂടുതൽ ബലപ്പെടുത്തലുകൾ നടത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
മലബാറിലെ റെക്കോഡ് മഴ കണ്ണൂരിൽ
കണ്ണൂർ: മലബാറിലെ ജില്ല തിരിച്ചുള്ള കണക്കുപ്രകാരം കണ്ണൂരിൽ റെക്കോഡ് മഴ രേഖപ്പെടുത്തി. വെള്ളിയാഴ്ച ജില്ലയിൽ ചുവപ്പ് ജാഗ്രതയായിരുന്നു. ഇടവിട്ടുള്ള ശക്തമായ മഴയാണ് ജില്ലയിലുടനീളം ലഭിച്ചത്. ശനിയാഴ്ച മഞ്ഞ ജാഗ്രതയാണ് കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളത്. രാവിലെ തുടങ്ങി മൂന്നു മണിക്കൂറിനകം കണ്ണൂരിൽ പെയ്തത് 73.5 മി.മീ മഴയാണ്. ഇത് മറ്റ് മലബാർ ജില്ലകളിൽനിന്ന് ബഹുദൂരം മുന്നിലാണ്. കണ്ണൂർ ജില്ലയിലെ അയ്യങ്കുന്നിലാണ് ഈ മഴ രേഖപ്പെടുത്തിയത്. മലയോരപ്രദേശങ്ങളിലാണ് അതിതീവ്രമഴ പെയ്യുന്നത്. ജനങ്ങൾ ഭീഷണിയിലാണ്. വെള്ളിയാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ മഴ രേഖപ്പെടുത്തിയ ഇടങ്ങളെല്ലാം കണ്ണൂരിൽതന്നെയാണ്.
രണ്ടാം സ്ഥാനത്തുള്ള കാസർകോട് രാവിലെ തുടങ്ങി മൂന്നു മണിക്കൂറിൽ പെയ്തത് 22 മി.മീ ആണ്. ഇതിന്റെ മൂന്നു മടങ്ങ് മഴയാണ് ആദ്യ മൂന്നു മണിക്കൂറിൽ കണ്ണൂരിൽ ലഭിച്ചത്. 24 മണിക്കൂറിൽ 204.4 മി.മീ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് പറയുന്നത്. വൈകീട്ട് 3.30 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചെമ്പേരിയിലാണ് -96 മി.മീ മഴ. രണ്ടാമതായി അയ്യങ്കുന്നിലും. 88 മി.മീ മഴയാണ് ഇവിടെ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

